ഇടുക്കിയിൽ ‘കോടതികയറി’ റാറ്റിൽ സ്നേക്ക്; പിടികൂടി പറഞ്ഞുവിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ
text_fieldsതൊടുപുഴ മുട്ടത്തുള്ള മൂന്നാം അഡീഷനൽ ജില്ലാ കോടതിയിൽ കയറിയ പാമ്പ്
മുട്ടം (തൊടുപുഴ): ഇടുക്കി ജില്ലാകോടതിയിൽ പാമ്പ് കയറി. തൊടുപുഴ മുട്ടത്തുള്ള മൂന്നാം അഡീഷനൽ ജില്ലാ കോടതിയിലാണ് പാമ്പ് കയറിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ജഡ്‌ജിയുടെ ചേംബറിനു സമീപത്തെ ഭിത്തിയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ശേഷം സ്റ്റെനോയുടെ ടേബിളിലും പ്രിന്ററിലും ചുറ്റി കറങ്ങി സഞ്ചരിച്ചു. ഹാളിൽ ഉണ്ടായിരുന്ന അഭിഭാഷകരാണ് പാമ്പിനെ കണ്ടത്. ജീവനക്കാരും അഭിഭാഷകരും അവിടെനിന്നും പുറത്തിറങ്ങിയ ശേഷം വനംവകുപ്പ് ജീവനക്കാരെ വിളിച്ചുവരുത്തി. കോടതിയിൽ എത്തിയ വനംവകുപ്പ് ജീവനക്കാർ നിമിഷങ്ങൾക്കകം പാമ്പിനെ കൂട്ടിലാക്കി മടങ്ങി.
മുറിയിൽനിന്നും അധിക ദൂരം സഞ്ചരിക്കാത്തതിനാലാണ് ഉടൻ തന്നെ പിടികൂടാൻ കഴിഞ്ഞത്. വിഷമില്ലാത്ത റാറ്റിൽ സ്‌നേക് എന്ന ഇത്തിൽപ്പെട്ട പാമ്പാണെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു. പാമ്പിനെ പിന്നീട് ഇടുക്കി വനത്തിൽ തുറന്നുവിട്ടു. കോടതിക്ക് പിൻവശം ഉരഗങ്ങളുള്ള കാടും തോടുമുള്ള പ്രദേശമാണ്. അവിടെനിന്നും കയറിവന്നതാകാം പാമ്പ് എന്ന നിഗമനത്തിലാണ് കോടതി ജീവനക്കാർ. കോടതി ആരംഭിക്കും മുമ്പ് പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞതിനാൽ കോടതി നടപടികൾ തടസപ്പെട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.