പൂമാലയിൽനിന്ന് റഷ്യൻ നാടകവേദിയിലേക്ക്; നാടകീയം ഈ നേട്ടം
text_fieldsമല്ലു പി. ശേഖർ
തൊടുപുഴ: അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ നാടകത്തിൽ അധ്യാപകന്റെ വേഷമിടുമ്പോൾ ഈ മനുഷ്യൻ ഓർത്തിരുന്നില്ല തന്റെ തല വര മാറുകയാണെന്ന്. വേഷം മനോഹരമാക്കി വേദിയിൽ നിന്നിറങ്ങിയ പൂമാല പാച്ചേരിൽ മല്ലു പി. ശേഖറിന്റെ നാടക യാത്ര ഇന്ന് റഷ്യയുടെ ദേശീയ തിയറ്ററിൽ എത്തി നിൽക്കുന്നു. അലക് സാൻഡ്രിസ്കി രാജ്യാന്തര തിയറ്റർ ഫെസ്റ്റിവലിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് പൂമാല ഗവ. ട്രൈബൽ ഹൈസ്കൂളിലെ പഴയ വിദ്യാർഥി.
സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിൽ ഹെൻറിക് ഇബ്സന്റെ ക്ലാസിക് നാടകമായ പീർ ഗിന്റിന്റെ മലയാളം പതിപ്പിൽ ശേഖർ ഒരേസമയം നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കും. തൃശൂർ ആസ്ഥാനമായുള്ള ഓക്സിജൻ തിയറ്റർ കമ്പനിയാണ് നിർമ്മാണം. ദീപൻ ശിവരാമനാണ് സംവിധാനം ചെയ്യുന്നത്. റഷ്യയുടെ ദേശീയ നാടക വേദിയായ അലക് സാൻഡ്രിസ്കിയിൽ ഒരു ഇന്ത്യൻ നാടകം അവതരിപ്പിക്കുന്നുവെന്നതാണ് ഇതിലെ പ്രത്യേകത. രണ്ട് പതിറ്റാണ്ടിലേറെയായി തൃശൂരിന്റെ നാടകരംഗത്ത് പ്രമുഖനായ ശേഖറിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര പര്യടനമാണിത്. രണ്ട് വർഷം മുമ്പ്, ചൈനയിലെ ഷാങ്ഹായിൽ നടന്ന വുഹാൻ അന്താരാഷ്ട്ര നാടക മേളയിൽ അദ്ദേഹം പങ്കെടുത്തു.
പൂമല ഗവൺമെന്റ് ട്രൈബൽ എച്ച്.എസ്.എസിലെ വിദ്യാർഥിയായിട്ടാണ് ശേഖർ തന്റെ നാടക യാത്ര ആരംഭിച്ചത്. അവിടെ എം.ഐ. രാമൻ മെമ്മോറിയൽ ലൈബ്രറിയിലൂടെ നാടകരംഗത്ത് സജീവമായി. പിന്നീട് നാടക രംഗത്ത് കൂടുതൽ സജീവമാകാൻ തൃശൂരിലേക്ക് താമസം മാറി. അതിനുശേഷം ഇന്ത്യയിലുടനീളമുള്ള നിരവധി നാടക മേളകളിൽ അദ്ദേഹം പ്രകടനം കാഴ്ചവെച്ചു. 14 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സംഗീതം, അഭിനയം, സർക്കസ് പ്രകടനം എന്നിവ സമന്വയിപ്പിക്കുന്ന ഊരാളി ബാൻഡിന്റെ ഒരു പുതിയ ഷോയുടെ ഭാഗമാണ്. അന്തരിച്ച നടൻ മുരളി രൂപവത്കരിച്ച നാടകസംഘത്തിൽ അംഗമായി. സൂപ്പർമാർക്കറ്റ് ആണ് ആദ്യ നാടകം. പിന്നീട് വിവിധ സമിതികളിൽ അമച്വർ നാടകങ്ങൾ അവതരിപ്പിച്ചു. ഭാര്യ: റാണി. മക്കൾ: തേനൻ, നെയ്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.