ഓപറേഷൻ ഡി ഹണ്ടിൽ വലയിലായത് 265 പേർ; ഇതുവരെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 255 കേസുകൾ
text_fieldsഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധന
തൊടുപുഴ: ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തുന്ന ഓപറേഷൻ ഡി ഹണ്ടിലൂടെ ഇതു വരെ ജില്ലയിൽ പിടികൂടിയത് 265 പേരെ. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനാണ് ഓപറേഷൻ ഡി ഹണ്ട് ആരംഭിച്ചത്. ജില്ലയിൽ ഇതിന്റെ ഭാഗമായി പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ ഇടുക്കിയിലും മൂന്നാറിലും പരിശോധന നടന്നിരുന്നു.
തൊഴിലാളികളെ എത്തിക്കുന്ന വാഹനങ്ങളും ലോഡ്ജുകളും ഇതര സംസ്ഥാനക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളും സംശയമുള്ള കടകളും പരിശോധിച്ചു. ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നിർദേശ പ്രകാരം ഫെബ്രുവരി മുതൽ ഏപ്രിൽ 11 വരെ ജില്ലയിൽ 10175 പേരെയാണ് പരിശോധിച്ചത്. 255 കേസ് രജിസ്റ്റർ ചെയ്തു. 265 പേരെ അറസ്റ്റ് ചെയ്തു ജില്ലയിലുടെനീളം നിരന്തര പരിശോധനകൾ ഇനിയും നടത്തുകയും ലഹരി മാഫിയക്കെതിരെ കർശന നടപടികൾ തുടരുകയും ചെയ്യുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലുമടക്കം ലഹരിയുടെ ഉപയോഗം വർധിച്ച സാഹചര്യത്തിലാണ് ഓപറേഷൻ ഡി ഹണ്ടിന് തുടക്കമിട്ടത്.
സ്കൂൾ, കോളജ് പരിസരങ്ങളിൽ പ്രത്യേക പരിശോധന
കുട്ടികളാണ് ലഹരി മാഫിയയുടെ ലക്ഷ്യം. വർധിച്ചു വരുന്ന അക്രമങ്ങളുടെ കണക്കുകളും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ത്രില്ലിന് വേണ്ടി ലഹരി ഉപയോഗിക്കുന്നവരും കൂട്ടുകാരുമായി ഒത്തുകൂടുമ്പോൾ സുഖാനുഭൂതിക്ക് മയക്കുമരുന്നിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്. വിദ്യാർഥികൾ ലഹരിക്കടിപ്പെടുന്ന സാഹചര്യം തടയാൻ നടപടികൾ സ്വീകരിക്കും. സ്കൂൾ -കോളേജ് പരിസരങ്ങളിലെ കടകൾ പരിശോധിക്കും. ഒരു വിധ ലഹരി ഉൽപന്നങ്ങളും ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
ഒരുങ്ങി, ഡേറ്റ ബാങ്ക്
സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റ ബാങ്ക് തയാറാക്കി നിരന്തര നിരീക്ഷണം നടത്തിയാണ് ഓപ്പറേഷന് ഡി-ഹണ്ട് നടത്തുന്നത്. ലഹരി ഉപയോഗവും കടത്തും തടയാൻ എക്സൈസും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
എക്സൈസ് ചെക്പോസ്റ്റുകളിലെ സ്ഥിരം പരിശോധനകൾക്ക് പുറമെ അതിർത്തി കടന്നെത്തുന്ന വാഹനങ്ങളും നിരീക്ഷിച്ച് വരികയാണ്. വിവിധ റേഞ്ച്, സർക്കിൾ, സ്ക്വാഡ് ഓഫിസുകളിലെ ഉദ്യോഗസ്ഥരും പരിശോധനക്ക് നേതൃത്വം നൽകും. ലഹരി സംബന്ധമായ പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൺട്രോൾ റൂമും രാത്രി കാല പരിശോധന ശക്തമാക്കുന്നതിനായി രണ്ട് സ്ട്രൈക്കിങ് ഫോഴ്സ് ടീമുകളും പ്രവർത്തിച്ചു വരുന്നു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലടക്കം എക്സൈസ് നിരീക്ഷണം ശക്തമാക്കുന്നുണ്ട്.
നമുക്കും വിവരം കൈമാറാം
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടമോ ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പൊലീസിന്റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പറിലേക്ക് 9995966666 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പറിലും അറിയിക്കാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.