എങ്ങും പ്രചാരണച്ചൂട്; കളം നിറഞ്ഞ് എ.ഐ
text_fieldsതൊടുപുഴ: സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ പ്രചാരണച്ചൂടിലാണ് മുന്നണികൾ. വോട്ട് പിടിക്കാൻ എന്തൊക്കെ തന്ത്രങ്ങൾ പയറ്റാമോ അതെല്ലാം കളത്തിലിറക്കുന്ന സമയമാണിപ്പോൾ. അതി നൂതന സാങ്കേതിക വിദ്യയായി എ.ഐയെ കൂട്ടുപിടിച്ചുള്ള പ്രചാരണമാണ് ഇതിൽ മുന്നിൽ. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പോസ്റ്ററുകൾ സമൂഹമാധ്യമ ഗ്രാഫിക്സുകൾ, സ്ഥാനാർഥിയുടെ ചിത്രങ്ങൾ എന്നിവയടക്കം സ്ഥാനാർഥികൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
സമൂഹമാധ്യമങ്ങളെ കൂട്ടുപിടിച്ച് സ്ഥാനാർഥികളുടെ വോട്ടഭ്യർഥിക്കുന്ന എ.ഐ പോസ്റ്ററുകൾ പരമാവധി വോട്ടർമാരിലേക്ക് എത്തിക്കാൻ മുന്നണികളിൽ മത്സരം നടക്കുന്നു. ഇതിനായി പാർട്ടി ഓഫിസുകൾ കേന്ദ്രീകരിച്ച് വാർ റൂമുകൾ തന്നെയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും എ.ഐ നിർമിത ഉള്ളടക്കങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. പുതുതലമുറയിലെ സ്ഥാനാർഥികൾക്കൊപ്പം ഈ സാങ്കേതികവിദ്യയുടെ പ്രയോജനം മുതിർന്ന സ്ഥാനാർഥികളും പ്രയോഗിച്ചു വരുന്നു.
പ്രചാരണ വൈവിധ്യങ്ങളുടെ കാലത്ത് പിടിച്ച് നിൽക്കാൻ ഇതല്ലാതെ വഴിയില്ലെന്ന് ഇവർ പറയുന്നു. ചുവരെഴുത്തുകളിൽനിന്ന് ചാക്ക് ബോർഡുകളിലേക്കും തുണി ബോർഡുകളിലേക്കും പിന്നീട് ഫ്ലക്സ് ബോർഡുകളിലേക്കും അതിനുശേഷം സാങ്കേതിക വിദ്യയുടെ മാറ്റങ്ങൾക്കനുസരിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കുമൊക്കെ പ്രചാരണം മാറുന്നത് ഇവർക്കും ആവേശമാണ്. മികവാർന്ന ചിത്രങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ പെട്ടെന്ന് നിർമിച്ചെടുക്കാമെന്നത് സൗകര്യപ്രദമാണെന്നതാണ് ഇവർ കാണുന്ന സവിശേഷത.
എന്നാൽ, തെരഞ്ഞെടുപ്പില്‍ ഡീപ് ഫേക്ക് വിഡിയോകള്‍, ഓഡിയോകള്‍ ഉപയോഗിച്ചുള്ള പ്രചാരണം വിലക്കി തെരഞ്ഞെടുപ്പ് കമീഷന്‍ നിർദേശം വന്നിട്ടുണ്ട്. വ്യാജ ചിത്രങ്ങളും, ശബ്ദ സന്ദേശങ്ങളും ഉപയോഗിച്ചുള്ള പ്രചാരണങ്ങളില്‍ നടപടിയുണ്ടാകുമെന്നാണ് കമീഷൻ അറിയിച്ചിട്ടുണ്ട്. എ.ഐ കണ്ടന്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ നിര്‍മാതാവിന്റെ വിശദാംശങ്ങള്‍ നല്‍കാണമെന്നും കമീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

