‘നമ്പറി’റക്കരുത് കാമറക്ക് മുന്നിൽ; വാഹനത്തിന്റെ നമ്പർ മറച്ചുപിടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ
text_fieldsതൊടുപുഴ: ട്രാഫിക് കാമറകളിൽ നിന്ന് രക്ഷപ്പെടാൻ വാഹനത്തിന്റെ നമ്പർ മറച്ചുപിടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി പൊലീസും മോട്ടോർ വാഹന വകുപ്പും. അടുത്തിടെ ഇത്തരത്തിൽ യാത്ര ചെയ്യുന്നവരുടെ ചിത്രങ്ങൾ കൂടുതലായി കാമറകളിൽ പതിയുന്ന സാഹചര്യത്തിലാണ് കടുത്ത പിഴയും ശിക്ഷ നടപടികളുമായി അധികൃതർ രംഗത്തെത്തുന്നത്.
ഹെൽമറ്റ് ഉപയോഗിക്കാതെ പോകുന്നവരും വാഹനത്തിന്റെ രേഖകൾ ഇല്ലാത്തവരുമൊക്കെയാണ് ഇത്തരം കൃത്യങ്ങൾ കൂടുതലായി ചെയ്തുവരുന്നത്. കാമറയുള്ള സ്ഥലത്ത് എത്തുമ്പോൾ പിന്നിലിരിക്കുന്നയാൾ കൈ കൊണ്ടും മറ്റ് വസ്തുക്കളും കൊണ്ട് നമ്പർ പ്ലേറ്റ് മറക്കുകയാണ് ചെയ്തുവരുന്നത്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിന് സ്ഥാപിച്ച കാമറകള്‍ വീണ്ടും സജീവമായതോടെയാണ് കുറ്റകൃത്യങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തുതുടങ്ങിയത്. കാമറ പിഴ ഈടാക്കി തുടങ്ങിയതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിരുന്നു.
ഇതിനൊപ്പം തന്നെ കണ്മുന്നില് കാണുന്ന നിയമലംഘനങ്ങളുടെ ഫോട്ടോ എടുത്ത് മോട്ടോര്‍ വാഹനവകുപ്പും പോലീസും നോട്ടീസ് അയക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചില വിരുതൻമാർ നമ്പർ പ്ലേറ്റ് കാണാതിരിക്കുന്നതിനുള്ള നമ്പറുകൾ പയറ്റുന്നത്. ഇരുചക്ര വാഹനങ്ങൾ മാത്രമല്ല, ചരക്ക് വാഹനങ്ങളും ഇത്തരം ക്രമക്കേടുകൾ നടത്തുന്നത്. ചില വാഹനങ്ങളിൽ നമ്പർ േപ്ലറ്റിന് ചുറ്റും ഇരുമ്പുമറ അല്ലെങ്കില്‍ തുണികള്‍ കൊണ്ടുള്ള അലങ്കാരം എന്നിവയൊക്കെ കാണാം. ഇതരസംസ്ഥാനവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളിലാണ് ഇത്തരം അലങ്കാരങ്ങള്‍ കൂടുതലും.
പല തരം നിറത്തിലുള്ള തുണികൾ തൂക്കിയിട്ടിരിക്കുന്നത് കണ്ടാൽ ഒറ്റ നോട്ടത്തിൽ അലങ്കാരമെന്നേ തോന്നൂ. നിരീക്ഷണ കാമറകളില്പ്പെടാതെ രക്ഷപ്പെടാമെന്നതും ഈ അലങ്കാരത്തിന് പിന്നിലുണ്ട്. ചരക്കുവാഹനങ്ങളുടെ പിറകില്‍ റിയര്എന്ഡര് പ്രൊട്ടക്ഷന്‍ സ്ഥാപിക്കുന്നുണ്ട്. അപകടം നടന്നാല്‍ ചെറുവാഹനങ്ങള്‍ ചരക്കുവാഹനങ്ങളുടെ അടിഭാഗത്തേക്ക് കയറിപ്പോകാതിരിക്കാനാണിത്. അത് നിയമപ്രകാരം അനുവദനീയമാണ്. എന്നാൽ അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാണ് നമ്പര്‍ പ്ലേറ്റ് കാണാത്ത വിധത്തിലാക്കുന്നവരുണ്ട്.
മറയ്ക്കാൻ മാസ്കും ടവലും; നിയമലംഘനം വാട്സ് ആപ്പിൽ അറിയിക്കാം
മാസ്കും ടവലുമൊക്കെ ഉപയോഗിച്ച് ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ച് ഗതാഗത നിയമങ്ങൾ തെറ്റിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നിരീക്ഷണ കാമറകളെ കബളിപ്പിക്കാനാണ് യുവാക്കൾ മാസ്ക് ഉപയോഗിക്കുന്നത്. ഇത്തരക്കാർ റോഡ് കാമറക്ക് മുന്നിലൂടെ ഹെൽമറ്റ് പോലും ധരിക്കാതെയാണ് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. അമിതവേഗത്തിൽ അപകടകരമായ രീതിയിലാണ് യാത്ര. നിരീക്ഷണ കാമറകളുടെ സ്ഥാനം തിരിച്ചറിയാൻ കഴിയുന്ന ചില ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് ഇക്കൂട്ടരുടെ യാത്ര. കാമറക്കടുത്ത് എത്താറാകുമ്പോൾ ആപ് മുന്നറിയിപ്പ് നൽകും. പിന്നെ വാഹനം ഒതുക്കി നമ്പർ പ്ലേറ്റ് മാസ്ക് കൊണ്ട് മൂടും.
പെട്ടെന്നു മനസ്സിലാകാതിരിക്കാൻ കറുത്ത മാസ്ക് ആണ് ഉപയോഗിക്കുക. ഇവർ മുഖവും മറച്ചിരിക്കും. ഇത്തരത്തിലുള്ള ഒട്ടേറെ ഗതാഗത നിയമ ലംഘനം കണ്ടെത്താറുണ്ടെന്നും വാഹനത്തിന്റെ നമ്പറോ, ഡ്രൈവറെയൊ തിരിച്ചറിയാൻ കഴിയാത്തതിനാൽ ഇവരെ പിടികൂടാൻ കഴിയാറില്ലെന്നും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നമ്പർ പ്ലേറ്റ് തുറന്നും വ്യക്തമായും കാണിക്കണമെന്നും അല്ലെങ്കിൽ നിങ്ങൾ നിയമപരമായ ഗുരുതരമായ പ്രതികരണങ്ങൾക്ക് വിധേയനാകുമെന്നും പൊലീസും ചൂണ്ടിക്കാട്ടുന്നു. നിയമ ലംഘനങ്ങൾ സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും 9747001099 എന്ന നമ്പറിലേക്ക് വാട്സാപായി അയച്ച് നൽകാനുള്ള സംവിധാനവും പൊലീസ് ഒരുക്കിയിട്ടുണ്ട്.
നമ്പർ പ്ലേറ്റ് മറയുന്നത് നിയമലംഘനത്തിനും അപകടകരമായ ഡ്രൈവിങ്ങിനും
റോഡ് നിയമങ്ങൾ പാലിച്ച് സുരക്ഷിതരായി യാത്ര ചെയ്യണമമെന്നാണ് നിയമ പാലകർ നൽകുന്ന മുന്നറിയിപ്പ്. നിയമങ്ങൾ അനുസരിക്കുന്നത് ഒരിക്കലും ശിക്ഷയോ മാനക്കേടോ ആയി കാണരുത്. വാഹനം ഓടിക്കുമ്പോൾ കൈകൾ കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മറക്കുന്നത് മനപ്പൂർവമായ നിയമലംഘനവും അപകടകരമായ ഡ്രൈവിങ്ങുമാണ്. ഹെൽമെറ്റ് ഉപയോഗിക്കാതെയുള്ള യാത്രകൾ സുരക്ഷിതമല്ല. ട്രാഫിക് കാമറകളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം അപകടങ്ങൾ വിളിച്ചുവരുത്തും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുമെന്നും ഇവർ മുന്നിറിയിപ്പ് നൽകുന്നു
നമ്പർ മറക്കുന്നത് കണ്ടെത്തിയാൽ 500 മുതൽ 1000 വരെ പിഴ ഈടാക്കാവുന്ന കുറ്റാണ്. ഒപ്പം അപകടകരമായ ഡ്രൈവിങ്ങിന് 5000 രൂപ പിഴയും ലൈസൻസ് സസ്പെൻഷനും ആവർത്തിച്ചാൽ കോടതി നടപടിയും വാഹനം പിടിച്ചെടുക്കലുമടക്കമുള്ള ശിക്ഷ നടപടികളുണ്ടാകുന്ന കുറ്റമാണ്. തെളിവുകൾ ചൂണ്ടിക്കാണിച്ചാൽ ലൈസൻസ് റദ്ദാക്കാനും നിയമമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.