മുഖ്യമന്ത്രി നാളെ ഇടുക്കിയിൽ; ഭൂപ്രശ്നത്തിൽ തീരുമാനം കാത്ത് മലയോരം
text_fieldsതൊടുപുഴ: ജില്ലയിലെ സങ്കീർണമായ ഭൂവിഷയങ്ങൾക്കും പട്ടയ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി. ഡി. സതീശൻ വെള്ളിയാഴ്ച ഇടുക്കിയിലെത്തും. ഇടുക്കി കലക്ടറേറ്റിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. റവന്യൂ, വനം, കൃഷി വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കുചേരും. വർഷങ്ങളായി പരിഹരിക്കപ്പെടാത്ത പട്ടയ വിതരണം, 1964ലെയും 1993ലെയും ഭൂമി പതിവ് ചട്ടങ്ങളുടെ ഭേദഗതി, വന്യജീവി ആക്രമണങ്ങൾമൂലം കർഷകർ നേരിടുന്ന ഭീഷണികൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാവുമെന്നാണ് വിവരം.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കുൾപ്പെടെ പരിഹാരം കാണുമെന്നായിരുന്നു യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇപ്പോഴത്തെ മുഖ്യന്ത്രിയും ആ രീതിയിൽ വാഗ്ദാനങ്ങൾ നൽകിയിരുന്നു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പ്രാധാന്യം ഏറെയാണ്.
തലക്ക് മുകളിൽ ഇ.എസ്.എ ഭീതി
തലക്ക് മുകളിൽ തൂങ്ങിയാടുന്ന ഇ.എസ്.എ ഭീതിയാണ് മലയോരം നേരിടുന്ന പ്രധാന വെല്ലുവിളി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനപ്രകാരം കേരളത്തിൽ ആകെ 131 വില്ലേജുകളെയാണ് പരിസ്ഥിതിലോല മേഖലയിൽ (ഇ.എസ്.എ) ഉൾപ്പെടുത്തിയിട്ടുള്ളത്.
കരട് വിജ്ഞാപന പ്രകാരം ഇടുക്കി ജില്ലയിൽ 47 വില്ലേജുകളും ഇ.എസ്.എ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുമൂലം പതിറ്റാണ്ടുകളായി കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് നിയമപരമായ രേഖകളോ നിർമാണാനുമതിയോ ലഭിക്കാതെ വലയുന്ന ആയിരങ്ങളാണ് ജില്ലയിലുള്ളത്. ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടങ്ങളും ഇ.എസ്.എ പരിധിയിൽ വരുന്നതിനെതിരെ കർഷകരും പ്രാദേശിക ജനങ്ങളും പ്രതിഷേധത്തിലാണ്. ഇത് തങ്ങളുടെ ജീവനോപാധിയെയും കൃഷിയെയും ഭാവി നിർമാണ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. ജനവാസ മേഖലകളെ ഒഴിവാക്കി, യഥാർഥ വനഭൂമി മാത്രം ഇ.എസ്.എ ആക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഇതുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ 52 പഞ്ചായത്തുകളിൽ പ്രത്യേക ഗ്രാമസഭകൾ ചേർന്ന് പ്രമേയങ്ങൾ പാസാക്കി വരുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളുടെ കുരുക്കഴിക്കുന്നതിൽ മുഖ്യമന്ത്രിയുടെ സന്ദർശനം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
പ്രകൃതിക്ഷോഭവും മനുഷ്യ-വന്യജീവി സംഘർഷവും
അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും മനുഷ്യ-വന്യജീവി സംഘർഷവുമാണ് ജില്ലയെ പിടിച്ചുകുലുക്കുന്നത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും അതുമൂലമുണ്ടാകുന്ന മരണങ്ങളും ഓരോ വർഷവും പതിവാണ്. തുടരുന്ന മനുഷ്യ-വന്യജീവി സംഘർഷമാണ് മറ്റൊരു വെല്ലുവിളി. ഇതുണ്ടാക്കുന്ന കൃഷിനാശവും ആൾനാശവും ഓരോ വർഷവും ഉയരുകയാണ്.
യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് നാലുമാസത്തിനിടെ നാലുപേരാണ് ഇടുക്കിയിൽ മാത്രം കാട്ടാനയാക്രമണത്തിൽ മരിച്ചത്. വനംവകുപ്പ് പ്രഖ്യാപിച്ച പ്രതിരോധ നടപടികളെല്ലാം പാളുകയാണ്. മുഖ്യമന്ത്രിയുടെ യോഗത്തിൽ ഇക്കാര്യവും ജനപ്രതിനിധികൾ ഉന്നയിക്കുമെന്നാണറിയുന്നത്.
ഒഴിയാതെ കൈയേറ്റങ്ങൾ
വിവിധ സർക്കാർ ഭൂമികളിൽ തുടരുന്ന കൈയേറ്റവും പ്രഹസനങ്ങളായ ഒഴിപ്പിക്കലുമാണ് മറ്റൊരു ചർച്ച വിഷയം. ഇടുക്കിയിലെ വിനോദസഞ്ചാര മേഖലകളുടെ വളർച്ചയോടെ റിസോർട്ട്-ഭൂമാഫിയകളുടെ കൈയേറ്റങ്ങൾ വീണ്ടും സജീവമായിട്ടുണ്ട്. വാഗമൺ, പരുന്തുംപാറ തുടങ്ങിയ മേഖലകളിൽ സർക്കാർ ഭൂമി വ്യാജരേഖ ചമച്ചും മറ്റും കൈയേറി റിസോർട്ടുകളും ഹോംസ്റ്റേകളും നിർമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
റവന്യൂ വകുപ്പ് ഇത്തരം സ്ഥലങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ നടത്തിവരുകയും അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇതെല്ലാം കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് വിവിധ കോണുകളിൽനിന്നുയരുന്നത്.
മാറുമോ നിർമാണ നിയന്ത്രണങ്ങൾ?
1964ലെയും 1993ലെയും ഭൂമി പതിച്ചുനൽകൽ ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിച്ച ഭൂമി കൃഷിക്കും വീടുവെക്കാനും മാത്രമേ ഉപയോഗിക്കാവൂവെന്ന നിയന്ത്രണമാണ് ജില്ല നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. ഇതിനെതിരെ പ്രതിഷേധം രൂക്ഷമായതോടെ മുൻ സർക്കാർ 2026 മാർച്ചിൽ ഭൂമി പതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് നിശ്ചിത സ്ക്വയർഫീറ്റ് വരെയുള്ള വീടുകൾക്കും പൊതുസ്ഥാപനങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കും പട്ടയഭൂമി ഉപയോഗിക്കാനുള്ള അനുമതി നൽകിയതിനോടൊപ്പം നിർമാണ നിരോധനം ഭാഗികമായി നീക്കുകയും ചെയ്തു.
എന്നാൽ, ക്രമവത്കരണത്തിന് ഫീസീടാക്കുന്നതുൾപ്പെടെ ചട്ടങ്ങളിലും നടപ്പാക്കലിലും വ്യക്തത വേണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. ഇത് വെള്ളിയാഴ്ചത്തെ യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. കട്ടപ്പനയിൽ വെച്ച് നടക്കുന്ന ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി നേരിട്ട് ജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിക്കും. ഇവിടെ പൗര സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

