വീണ്ടും ഡെങ്കിപ്പനി; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
text_fieldsതൊടുപുഴ: ജില്ലയില്‍ ഡെങ്കിപ്പനി കേസുകളുടെ എണ്ണത്തിൽ വർധന. 40 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വണ്ടിപ്പെരിയാര്‍-ഒമ്പത്, തൊടുപുഴ-എട്ട്, പുറപ്പുഴ-ഏഴ്, കുമാരമംഗലം-നാല്, അറക്കുളം-മൂന്ന്, ദേവിയാര്‍കോളനി-മൂന്ന്, കരിമണ്ണൂര്‍-മൂന്ന്, വാഴത്തോപ്പ്-മൂന്ന്, എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്. പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് വീടിനുള്ളിലും പരിസരത്തും കെട്ടികിടക്കുന്ന ശുദ്ധജലത്തിലാണ്.
ഈ സ്ഥലങ്ങള്‍ കണ്ടെത്തി കൂത്താടികളെ നശിപ്പിക്കുക എന്നാണ് ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാര്‍ഗം. ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയില്‍ വയ്ക്കുന്ന പാത്രം, പൂക്കള്‍, ചെടികള്‍ എന്നിവ ഇട്ടുവയ്ക്കുന്ന പാത്രം, ടാങ്ക് മുതലായവയില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വെള്ളം ഒഴുക്കികളയണം. അക്വേറിയത്തില്‍ കൂത്താടികളെ നശിപ്പിക്കുന്ന ഗപ്പി ഗാമ്പോസിയ മാനത്ത്കണ്ണി തുടങ്ങിയ മത്സ്യങ്ങളെ നിക്ഷേപിക്കുക.
വെള്ളമെടുക്കുന്ന പാത്രങ്ങള്‍ വെള്ളംശേഖരിക്കുന്ന പാത്രങ്ങള്‍ എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ ഉരച്ച് തേച്ചുകഴുകി ഉപയോഗിക്കുക. ചിരട്ട, ടിന്ന്, കുപ്പി, മുട്ടത്തോട്, ടയര്‍, പ്ലാസ്റ്റിക്, കൂട്, കപ്പ്, ചെടിച്ചട്ടി, കേടായ കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കണം. സൺ ഷെയ്ഡിൽ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കികളയണം. അടപ്പില്ലാത്ത വെള്ള ടാങ്കുകള്‍ കൊതുകുവല കൊണ്ട് മൂടുക, സ്ഥിരമായി ഉപയോഗിക്കാത്ത ഫ്ലഷ് ടാങ്ക്, ടോയ്ലറ്റ്, വാഴ, കൈത എന്നിവയുടെ ഇലകളിലും കൊഴിഞ്ഞുവീണ കമുകിന്‍പാള, ജീവികള്‍ തുറന്ന് ദ്വാരം ഉണ്ടാക്കിയ കൊക്കോകായ എന്നിവയിലും ശേഖരിക്കപ്പെടുന്ന വെള്ളം ഒഴുക്കിക്കളയണം. റബർ പാല് ശേഖരിക്കാൻ വച്ചിട്ടുള്ള ചിരട്ട, കപ്പ് ഇവ ആവശ്യത്തിന് ശേഷം കമിഴ്ത്തിവെക്കണം.
സെപ്റ്റിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രഭാഗത്ത് കൊതുകുവല ചുറ്റണം. സ്ലാബിന്റെ വിടവില്‍ കൂടി കൊതുക് പുറത്തുവരാത്തവിധം യഥാസമയം അറ്റകുറ്റപ്പണി നടത്തണം. വീടിന് ചുറ്റും കാണുന്ന പാഴ്ചെടികള്‍, ചപ്പുചവറുകള്‍ എന്നിവ നീക്കംണം. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീരം നന്നായി മൂടുന്ന വസ്ത്രം ധരിക്കണം. കൊതുകിനെ അകറ്റാന്‍ കഴിവുള്ള ലേപനങ്ങള്‍ ദേഹത്ത്പുരട്ടുന്നത് നല്ലതാണ്. കിടക്കുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക, പ്രത്യേകിച്ച് പകല്‍സമയം. ജനല്‍, വാതില്‍ വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുക് കടക്കാതെ വല ഘടിപ്പിക്കുക.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- പെട്ടെന്നുണ്ടാകുന്ന കടുത്തപനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, ചുമ, കണ്ണിനു പിറകില്‍ ഉണ്ടാകുന്ന വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ
- ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക
- രോഗി പരമാവധി സമയം കൊതുകുവലയ്ക്കുള്ളില്‍ തന്നെ കഴിയുക. ധാരാളംപാനീയങ്ങള് കുടിക്കുക
- ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലയളവ് വരെ വിശ്രമിക്കുക
- സ്വയം ചികിത്സ പാടില്ല

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.