മഴ തുടരുന്നു; പിടിമുറുക്കി പനിയും പകര്‍ച്ച വ്യാധികളും
text_fieldsതൊടുപുഴ: മഴ തുടരുന്നതിനിടെ ജില്ലയില്‍ പനിയും പകര്‍ച്ച വ്യാധികളും പിടിമുറുക്കുന്നു. കനത്ത മഴ ശമനമില്ലാതെ തുടരുന്നതിനിടെയാണ് പല ഭാഗത്തും പകര്‍ച്ചവ്യാധികള്‍ പടരുന്നത്. പകര്‍ച്ചപ്പനി വ്യാപകമാകുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഒരു മാസം ശരാശരി ആറായിരത്തിനുമേല്‍ ആളുകള്‍ പനി ബാധിച്ച് ചികില്‍സ തേടിയെത്തുന്നുണ്ട്.
ദിവസേന അഞ്ഞൂറോളം പേരും പനിബാധിതരായെത്തുന്നു. ഇതിനിടെ ജില്ലയില്‍ കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലും കിടത്തി ചികിത്സ നിലച്ചത് സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. പല ആശുപത്രികളിലും ഉച്ച വരെയുള്ള ഒ.പി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ഈ മാസം 12 വരെ 46095 പേര്‍ക്ക് ഈ വര്‍ഷം പനി ബാധിച്ചതായാണ് കണക്ക്. ഈ മാസം 3415 പേര് ഇതു വരെ ചികില്‍സ തേടി. ഈയാഴ്ചയില്‍ മാത്രം 688 പേരാണ് പനി ബാധിച്ച് ആശുപത്രികളില്‍ എത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയവരുടെ മാത്രം എണ്ണമാണ് ഇത്. ഈ വര്‍ഷം 100 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 354 പേരെ ഡെങ്കിപ്പനി സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ മാസം നാലു പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 24 പേര് രോഗം സംശയിച്ച് ചികില്‍സ തേടി. എലിപ്പനി ബാധിച്ച് ഏഴു പേര് മരിച്ചു. 51 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. 486 പേര്‍ക്ക് ചിക്കന്‍പോക്സും പിടിപെട്ടു. 154 പേര്‍ക്ക് മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളിലാണ് മലേറിയ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.
സ്വകാര്യ ക്ലിനിക്കുകളിലടക്കം രാവിലെയും വൈകീട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളുടെ ക്ലിനിക്കുകളിൽ കൂടുതൽ പേരും എത്തുന്നത് പനിയും ചുമയും ബാധിച്ചാണ്. മഴയും വെയിലും ഇടവിട്ടു വന്നതോടെയാണ് വൈറൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നത്. ശക്തമായ പേശീവേദനയും തലവേദനയും പനി ബാധിതർക്ക് ഉണ്ടാകുന്നുണ്ട്. പനി ബാധിച്ചാൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.