നിയമലംഘനം; മൂന്നാറിൽ മൂന്ന് മാസത്തിനിടെ പിഴയായി പിരിച്ചെടുത്തത് 70 ലക്ഷത്തിനുമുകളിൽ; കുടുങ്ങിയത് ഇന്‍ഷുറന്‍സ്, ടാക്സ്, ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ
text_fieldsതൊടുപുഴ: ഗതാഗത നിയമലംഘനങ്ങൾക്കെതിരെ മൂന്നാറിൽ വാഹന പരിശോധന തുടരുന്നു. മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ മൂന്ന് മാസം 3,920 പരിശോധന നടത്തിയതിൽനിന്ന് 70,52,183 രൂപ പിഴ ഈടാക്കി. കെ.എസ്.ആര്.ടി.സിയുടെ ഡബിള്‍ഡെക്കര്‍ ബസിനെതിരേ സമരവുമായി മൂന്നാറിലെ ഒരുവിഭാഗം ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ രംഗത്ത് എത്തിയിരുന്നു. വിനോദസഞ്ചാരികള്‍ക്കായുള്ള കെ.എസ്.ആര്.ടി.സിയുടെ ഉല്ലാസയാത്ര സര്‍വിസുകള്‍ അവസാനിപ്പിക്കണമെന്നും ഓണ്‍ലൈന്‍ ടാക്സികള്‍ പ്രദേശത്ത് അനുവദിക്കരുതെന്നുമാണ് ഇവരുടെ മറ്റു ആവശ്യങ്ങൾ. ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഗണേഷ് കുമാറിന് നേരേ ഇവര്‍ ഈ വിഷയം ഉന്നയിച്ച് കരിങ്കൊടി വീശുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് ഉദ്ഘാടനപ്രസംഗത്തില്‍ പ്രദേശത്തെ വാഹനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ മൂന്നാറിൽ പരിശോധന ശക്തമാക്കിയത്. പ്രദേശത്തെ ഓട്ടോ ടാക്സി വാഹനങ്ങളും വിനോദസഞ്ചാരികളുടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഇതിന്റെ ഭാഗമായി പരിശോധിച്ചു. ഇന്‍ഷുറന്‍സ്, ടാക്സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാത്ത വാഹനങ്ങളില്‍നിന്നാണ് ഭൂരിഭാഗവും പിഴ ഈടാക്കിയത്. രൂപമാറ്റം വരുത്തിയ ഓട്ടോകള്‍ക്കും ജീപ്പുകള്‍ക്കും വലിയ സ്പീക്കറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കും പിഴ ചുമത്തി. നിയമലംഘനം കണ്ടെത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുധികൃതർ പറഞ്ഞു.
കുരുക്ക് ഒഴിവാക്കാൻ സ്പെഷൽ സ്ക്വാഡ്
തൊടുപുഴ: മൂന്നാറിൽ ഗതാഗതത്തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ കുരുക്ക് ഒഴിവാക്കാനും അനധികൃത പാർക്കിങ് തടയാനും സ്പെഷൽ സ്ക്വാഡിന് രൂപംനൽകിയതായി ഇടുക്കി ആർ.ടി.ഒ പി.എം. ഷെബീർ പറഞ്ഞു. ഗതാഗതക്കുരുക്കിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് അനധികൃത പാർക്കിങ്ങാണ്. ഇതിനെതിരെ ആദ്യ നടപടി സ്വീകരിക്കും. മൂന്നാർ ടൗണിലെ ഗതാഗതക്കുരുക്കും തിരക്കും കുറക്കാനുള്ള വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുകയാണെന്ന് എ. രാജ എം.എൽ.എയും അറിയിച്ചു.
മൂന്നാർ ടൗണിലേയും പരിസരപ്രദേശങ്ങളിലേയും ഗതാഗതക്കുരുക്കും തിരക്കും കുറക്കാനുള്ള ഫലപ്രദമായ പദ്ധതികൾ നടപ്പിലാക്കണമെന്ന ആവശ്യം കുറേക്കാലങ്ങളായി നിലനിൽക്കുന്നതാണ്. വിനോദ സഞ്ചാരികളുടെ തിരക്കേറുന്നതോടെ പലപ്പോഴും മണിക്കൂറുകളോളം കുരുക്ക് അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് ടൗണിലെ ഗതാഗതക്കുരുക്കും തിരക്കും കുറക്കാനുള്ള വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. മൂന്നാർ ടൗണിൽ മുമ്പ് പ്രഖ്യാപിച്ച ൈഫ്ല ഓവർ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സഞ്ചാരികളുടെ തിരക്കേറുന്ന സമയങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന രാജമലയിൽ പുതിയതായി ഒരുപാലം കൂടി നിർമിക്കുമെന്നും എം.എൽ.എ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.