കാറ്റിലും മഴയിലും വീട് തകർന്നു; ഗതാഗതം തടസ്സപ്പെട്ടു
text_fieldsകനത്ത കാറ്റിലും മഴയിലും റോഡിൽ വീണ മരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചുമാറ്റുന്നു
തൊടുപുഴ: തിങ്കളാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും വ്യാപക നഷ്ടം. വീടും വ്യാപാര സ്ഥാപനവും അടക്കം കെട്ടിടങ്ങൾക്ക് നാശമുണ്ടായി. മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. കനത്ത കാറ്റിൽ മാവ് വീണ് വീട് തകർന്നു. മടക്കത്താനം കാപ്പ് കൊല്ലക്കാട്ട് വൽസല രവീന്ദ്രന്റെ വീടിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. ഉത്തരം, കഴിക്കോല്, പട്ടിക, ഓട് തുടങ്ങിയവ തകർന്നു. വീടിന് സമീപത്തെ തൊഴുത്തും മരം വീണ് പൂർണമായി തകർന്നു.
കാറ്റിൽ മരം വീണ് തകർന്ന മടക്കത്താനം കാപ്പ് കൊല്ലക്കാട്ട് വൽസലയുടെ വീട്
വെങ്ങല്ലൂരിൽ വാഴയിൽ മാത്യുവിന്റെ പുരയിടത്തിൽ നിന്ന തേക്ക്, അഞ്ഞിലി മരങ്ങൾ ഒടിഞ്ഞു വൈദ്യുതി ലൈനിന് മുകളിലൂടെ റോഡിലേക്ക് വീണു. സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുമാറ്റി.
തൊടുപുഴ മഠത്തിക്കണ്ടത്ത് ചന്ദ്രമോഹന്റെ പുരയിടത്തിൽ നിന്ന ആഞ്ഞിലി മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴ ഫയർഫോഴ്സ് എത്തി ഗതാഗതം പുനസ്ഥാപിച്ചു. വെങ്ങല്ലൂർ, അച്ചൻകവല പ്രദേശങ്ങളിൽ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു.
വെങ്ങല്ലൂർ സിഗ്നൽ ജങ്ഷന് സമീപവും അച്ചൻ കവലയിലും ആണ് മരങ്ങൾ വീണത്. അച്ഛൻ കവലയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഷെഡ് കാറ്റിൽ നിലം പതിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അസി. സ്റ്റേഷൻ ഓഫിസർ ജാഫർഖാന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ എബി സി.എസ്, ജയിസ് സാം ജോസ്, ജെയിംസ് നോബിൾ, ഫ്രിജിൻ എഫ്.എസ്, സച്ചിൻ സാജൻ, ഷാജി പി.ടി എന്നിവർ വിവിധ സ്ഥലങ്ങളിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.