അത്യാസന്ന നിലയിൽ അത്യാഹിത വിഭാഗം
text_fieldsതൊടുപുഴ: മെഡിക്കൽ കോളജ്, ജില്ല ആശുപത്രി, താലൂക്ക് ആശുപത്രികൾ തുടങ്ങി ആരോഗ്യകേന്ദ്രങ്ങൾക്ക് കുറവില്ലെങ്കിലും അടിയന്തര സാഹചര്യം വന്നാൽ ജില്ലക്കകത്തോ പുറത്തോ സ്വകാര്യ ആശുപത്രികളിൽ എത്തേണ്ട ഗതികേടിലാണ് ഇടുക്കിക്കാർ.
ഡോക്ടർമാരുടെ അഭാവവും ഇതുമൂലം ആശുപത്രികളിലുണ്ടാകുന്ന തിരക്കുമാണ് ഇതിന് പ്രധാന കാരണം. എല്ലാ സൗകര്യങ്ങളുമുളള ഒരു സർക്കാർ ആശുപത്രി ഇടുക്കിക്ക് സ്വന്തമായി ഉണ്ടായിരുന്നുവെങ്കിൽ ഈ ഓട്ടപ്പാച്ചിൽ ഒഴിവാക്കാമായിരുന്നല്ലോ എന്ന് ചിന്തിക്കാത്തവരായി ഒരാൾ പോലുമുണ്ടാകില്ല.
അടിയന്തര സമയങ്ങളിൽ ജീവനും കോരിയെടുത്ത് അയൽ ജില്ലകളിലെ ആശുപത്രിക്ക് ഇപ്പോഴും പാഞ്ഞുകൊണ്ടിരിക്കുകയാണ് ഇടുക്കിയുടെ ആരോഗ്യം.
ജില്ല ആശുപത്രികളിൽ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരായി എട്ടുപേരും താലൂക്ക് ആശുപത്രികളിൽ ആറുപേരും ഉണ്ടെങ്കിലേ സുഗമമായ പ്രവർത്തനം സാധ്യമാകൂ. അതേസമയം, ജില്ല ആശുപത്രിയിൽ ആറ് പോസ്റ്റുകളാണ് ഉള്ളത്. ഇതിൽ ഒരെണ്ണം ഒഴിഞ്ഞുകിടക്കുന്നു.
തൊടുപുഴ ജില്ല ആശുപത്രിയിൽ നാല് പോസ്റ്റാണുള്ളത്. ഒരു പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ നാല് പോസ്റ്റാണ് ഉള്ളത്. ഇവിടെ രണ്ട് ഒഴിവാണുള്ളത്. പീരുമേട്ടിൽ നാല് പോസ്റ്റുള്ളപ്പോൾ രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുന്നു. കട്ടപ്പനയിലും നാല് പോസ്റ്റുണ്ട്. രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുന്നു. നെടുങ്കണ്ടത്ത് നാല് പോസ്റ്റുണ്ട്. ഒരു ഒഴിവും ഒരു മെഡിക്കൽ ലീവുമാണ് ഇവിടെയുള്ളത്.
ജില്ല ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ കുറവ്
തൊടുപുഴ ജില്ല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തത് പലപ്പോഴും ഒ.പി ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ജില്ല ആശുപത്രിയായി ഉയർത്തിയിട്ടും ഇതുവരെ അധിക തസ്തിക സൃഷ്ടിക്കാൻ നടപടി ഉണ്ടാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ചുമതലയുള്ള ഡോക്ടർമാർ വിശ്രമമില്ലാതെയാണ് പലപ്പോഴും രോഗികളെ നോക്കുന്നത്. എന്നിട്ടും തിരക്കിനു കുറവുണ്ടാകാറില്ല.
ആശുപത്രിയിൽ എത്തുന്നവർ അത്യാഹിത വിഭാഗത്തിനെയാണ് ആദ്യം ആശ്രയിക്കുന്നത്. ഒരു ഗുരുതര രോഗാവസ്ഥയും ഇല്ലാതെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ കാണാൻ ചീട്ടെടുത്ത് വരുന്നവരുമുണ്ട്. ഇതിനിടെ അടിയന്തര ചികിത്സ വേണ്ടവരോ അപകടത്തിൽപെട്ടവരോ എത്തിയാൽ തിരക്ക് നിയന്ത്രണാതീതമാകുന്നതും പതിവുകാഴ്ചയാണ്.
ഈ സാഹചര്യങ്ങളിൽ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെ അഭാവം കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലും ഒരു അത്യാഹിത വിഭാഗം ഡോക്ടറെ പോസ്റ്റ് ചെയ്യാൻ പറ്റാതെ സ്പെഷാലിറ്റി ഡോക്ടർമാരെ അത്യാഹിത വിഭാഗം ജോലിക്ക് നിയോഗിക്കേണ്ട അവസ്ഥയിലാണ് ജില്ല ആശുപത്രികൾ. ഇതുമൂലം ആ ദിവസത്തെ സ്പെഷാലിറ്റി ഒ.പിയും പ്രതിസന്ധിയിലാകുന്നു.
ഇടുക്കി മെഡിക്കൽ കോളജ് സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകുന്നു
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ പുതിയ ബ്ലോക്കിനോടനുബന്ധിച്ച് നിര്‍മിച്ചിട്ടുള്ള സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകാന്‍ തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല. ദുര്‍ഗന്ധം കാരണം ഈ ഭാഗത്തേക്ക് രോഗികള്‍ക്ക് പോകാന്‍ കഴിയുന്നില്ല. ഇവിടെ ഈച്ചയും കൊതുകും പെരുകിയിരിക്കുകയാണ്. മലിനജലം പഴയ കെട്ടിടത്തിന്റെ ഭാഗത്തേക്കാണൊഴുകുന്നത്.
താഴെനിന്ന് നടന്നുവരുന്ന രോഗികള്‍ ഇതില്‍ ചവിട്ടിയാണ് പുതിയ ബ്ലോക്കിലേക്ക് വരുന്നത്. ഇടുക്കി മെഡിക്കല്‍ കോളജിലേക്കുള്ള റോഡില്‍ വെള്ളക്കെട്ടും ചളിവെള്ളം നിറഞ്ഞ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. മാനദണ്ഡം പാലിക്കാതെയാണ് സെപ്റ്റിക് ടാങ്ക് നിര്‍മിച്ചതെന്ന് ആരോപണമുണ്ട്. മൂന്നു നിലയുള്ള കെട്ടിടത്തില്‍ ദിവസേന ആയിരത്തിലധികം രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമെത്തുന്നുണ്ട്. ഒരു മെഡിക്കല്‍ കോളജിനുപറ്റുന്ന വിധത്തിലല്ല ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. ടാങ്കിനു സമീപത്തെ ഭിത്തികളില്‍ പലഭാഗത്തും വിള്ളലുണ്ടായിട്ടുണ്ട്. ടാങ്കിനു മുകളില്‍ ബലവത്തായ സ്ലാബിട്ടിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
സെപ്റ്റിക് ടാങ്കിന്റെ പ്രദേശത്ത് കുഴിഞ്ഞു അപകടകരമായ വിധത്തില്‍ കിടക്കുകയാണ്. ഉറപ്പില്ലാത്ത പ്രദേശത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മാണം നടത്തിയതിനാലാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ ടൈലുകള്‍ പൊളിഞ്ഞുപോയതെന്നും പറയുന്നു. ആവശ്യമായ വലുപ്പത്തിലും ബലവത്തായും സെപ്റ്റിടാങ്ക് പണിയാതിരുന്നത് ഉദ്യോഗസ്ഥ വീഴ്ചയാണെന്ന് ആരോപണമുണ്ട്. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രോഗികൾ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.