നേതാക്കളെത്തുന്നു; പ്രചാരണം ഹൈ‘റേഞ്ചി’ൽ
text_fieldsതൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പ്രധാന നേതാക്കളും അടുത്ത ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ലയിലേക്കെത്തുന്നു. പല സ്ഥാനാര്‍ഥികളും ഒന്നില്‍ കൂടുതല്‍ തവണ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞു.വരും ദിവസങ്ങളിൽ കൂടുതല്‍ സ്ക്വാഡുകളെ രംഗത്തിറക്കാനാണ് മുന്നണികളുടെ തീരുമാനം. പഞ്ചായത്ത് തലത്തിലുള്ള സ്ഥാനാര്‍ഥികള്‍ വീടു കയറിയുള്ള പ്രചാരണം ഊര്‍ജിതമാക്കുമ്പോള്‍ ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പ്രധാന ടൗണുകളിലും കൂട്ടായ്മകളിലുമാണ് വോട്ടു തേടുന്നത്. കുടുംബ യോഗങ്ങളിലും ഇവര്‍ പങ്കെടുക്കുന്നുണ്ട്.
ഇതിനു പുറമെ സമൂഹമാധ്യമങ്ങളിലൂടെയും വലിയ തോതിലുള്ള പ്രചാരണം നടന്നു വരുന്നുണ്ട്. സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ കളത്തിലിറക്കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലായിരിക്കും ഇനി മുന്നണികളുടെ ശ്രമം.
ജില്ല നേതാക്കള്‍ ഇപ്പോള്‍ തന്നെ പ്രചാരണ രംഗത്ത് സജീവമാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ യുഡിഎഫിന്റെ പ്രചാരണത്തിനായി ജില്ലയിലെത്തി. കരിമണ്ണൂരില്‍ സംഘടിപ്പിച്ച യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നാലിന് ജില്ലയിലെത്തും. തങ്കമണി, ഉപ്പുതറ, ഏലപ്പാറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ അദ്ദേഹം പ്രസംഗിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മൂന്നിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.
പാറത്തോട്, ശാന്തന്‍പാറ, തൂക്കുപാലം , അണക്കര എന്നിവിടങ്ങളിലായിരിക്കും അദ്ദേഹം പ്രസംഗിക്കുക. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, രമേശ് ചെന്നിത്തല എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ എത്തിയിരുന്നു. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് നേതാക്കളും അടുത്ത ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ചേര്‍ന്ന സ്ഥാനാര്‍ഥി സംഗമത്തില്സംസാരിച്ചു. കൂടുതല്‍ സംസ്ഥാന നേതാക്കള്‍ വരും ദിവസങ്ങളില്‍ ജില്ലയിലെത്തുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡിസംബർ മൂന്നിന് തൊടുപുഴയിൽ എത്തും. തൊടുപുഴയിൽ വികസന രേഖയുടെ പ്രകാശനവും സ്ഥാനാർഥി സംഗമവും പൊതുസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. അഞ്ചിന് തൊടുപുഴയിലെ പൗര പ്രമുഖരുമായി സംവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

