സുരക്ഷിതയാത്ര തുടരുന്നു മാതൃയാനത്തിലൂടെ
text_fieldsപ്രസവശേഷം അമ്മയും കുഞ്ഞും മാതൃയാനത്തിൽ വീട്ടിലേക്ക് പോകുന്നു
തൊടുപുഴ: പ്രസവാനന്തരം ആശുപത്രിയിൽനിന്ന് നവജാതശിശുവുമായി വീട്ടിലെത്താൻ സ്വകാര്യ വാഹനങ്ങൾക്ക് നൽകേണ്ട ഭീമമായ തുകയെക്കുറിച്ചോർത്തുള്ള ആശങ്കയിലാണോ നിങ്ങൾ? എങ്കിൽ വിഷമിക്കണ്ട...! പ്രസവത്തിനായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഏറെ സഹായകമായ മാതൃയാനം ഇനി നിങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിക്കും.
പദ്ധതിയാരംഭിച്ച് രണ്ടുവർഷം പിന്നിടുമ്പോൾ ജില്ലയിൽ 1478 അമ്മയെയും കുഞ്ഞിനെയുമാണ് മാതൃയാനം പദ്ധതി വഴി സുരക്ഷിതമായി വീടുകളിൽ എത്തിച്ചത്. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മാതൃയാനം. പ്രസവം നടക്കുന്ന ജില്ലയിലെ സർക്കാർ ആശുപത്രികളിലാണ് ഈ പദ്ധതി നിലവിലുള്ളത്.
എം പാനൽ ചെയ്ത ടാക്സികളിൽ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജി.പി.എസ് സംവിധാനം ഉൾപ്പെടുത്തി മൊബൈൽ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും പ്രയോജനം നൽകിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ 365 പേരും പീരുമേട് താലൂക്ക് ആശുപത്രിയിൽ 126 പേരും തൊടുപുഴ ജില്ല ആശുപത്രിയിൽ 417 പേരും ഇടുക്കി മെഡിക്കൽ കോളജിൽ 215 പേരും അടിമാലി താലൂക്ക് ആശുപത്രിയിൽ 355 പേരുമാണ് സർക്കാറിന്റെ സൗജന്യ യാത്രാസൗകര്യം പ്രയോജനപ്പെടുത്തിയത്.
ജനനി ശിശു സുരക്ഷ കാര്യക്രമ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ മാതൃയാനം പദ്ധതിക്കായി മാസം 39,000 രൂപയോളമാണ് ചെലവഴിക്കുന്നത്. മികച്ച പരിചരണം നൽകി സുഖപ്രസവം പ്രദാനം ചെയ്യുക മാത്രമല്ല, അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കാനും ഇനി സർക്കാർ ആശുപത്രികൾ സർവസജ്ജമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.