‘സ്വപ്നച്ചിറകിലേറി മഞ്ജുവിന്റെ സ്വപ്നയാത്ര’
text_fieldsമഞ്ജുവും ഭർത്താവ് മാത്യുവും മഞ്ജൂസ് ഫാമിൽ കൃഷി ഒരുക്കുന്നു
തൊടുപുഴ: കൃഷിയുടെ ബാലപാഠംപോലും അറിയാത്ത വീട്ടമ്മ ഇന്ന് സ്വന്തം പേരിലുള്ള ബ്രാന്‍ഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ ഈ വനിത പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിൽ വലിയതോവാള അഞ്ചുമുക്ക് ഗ്രാമത്തിലെ മഞ്ജു മാത്യുവാണ്.അഞ്ചുമുക്ക് ഗ്രാമത്തിലാണ് മഞ്ജൂസ് ഫാം, മഞ്ജൂസ് ഫുഡ്സ് എന്നീ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
നെല്ലിക്ക അച്ചാര്‍, കാരറ്റ്, ബീറ്റ്റൂട്ട്, കാന്താരി, ചാമ്പങ്ങ, ഇടിച്ചക്ക, മാങ്ങ, നാരങ്ങ, ഇഞ്ചി, വെളുത്തുള്ളി തുടങ്ങി 15ലധികം അച്ചാറുകള്‍, റെഡി ടു ഈറ്റ് ഇറച്ചിക്കറി, ചക്ക ഉണക്കിയത്, പാവക്ക ഉണക്കിയത്, ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, കാന്താരിപ്പൊടി, നെല്ലിക്ക, മാങ്ങ, പൈനാപ്പിള്‍, കാരറ്റ് എന്നിവ ഉപ്പിലിട്ടത്, തേന്‍, കൂണ്, ജാം, സ്ക്വാഷ് തുടങ്ങി വ്യത്യസ്ത രുചികളിലുള്ള മൂല്യവര്‍ധിത ഉൽപന്നങ്ങളാണ് മഞ്ജൂസ് ഫുഡ്സിലൂടെ മഞ്ജു വിപണിയെ പരിചയപ്പെടുത്തുന്നത്.
വിവാഹ ശേഷമാണ് കൃഷിയിലേക്ക് തിരിയുന്നതും പിന്നീട് മുഴുവന്‍സമയ കര്‍ഷകയായി മാറുന്നതും. 2013ലാണ് കുടുംബശ്രീയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കാര്‍ഷിക സാധ്യതകള്‍ മനസ്സിലാക്കി നഴ്സറി ആരംഭിക്കുന്നത്. തുടക്കത്തില്‍ പച്ചക്കറിത്തൈകളില്‍ തുടങ്ങിയ നഴ്സറിയില്‍ ഇന്ന് നാടന്‍-വിദേശ ഫലവൃക്ഷ തൈകള്‍, വിവിധയിനം പൂച്ചെടികള്‍, അലങ്കാര ചെടികള്‍ ഉള്‍പ്പെടെ 100ലധികം ഇനങ്ങള്‍ മഞ്ജൂസ് ഫാമില്‍ വിപണനത്തിനുണ്ട്.
ഒച്ച് ശല്യം പരിഹരിക്കാന്‍ ഒച്ച് നശീകരണ ജൈവ നാശിനിയും മഞ്ജു വികസിപ്പിച്ചെടുത്തു. ഇത് കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഞ്ചുലക്ഷം രൂപയുടെ ഗ്രാന്റിനും അര്‍ഹയാക്കി. 2015-16ൽ സംസ്ഥാന സര്‍ക്കാറിന്റെ യുവ കര്‍ഷക വനിത വിഭാഗം അവാര്‍ഡ്, 2018-19ലെ ഓണത്തിന് ഒരുമുറം പച്ചക്കറിയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം, 2023ല്‍ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച വനിത സംരംഭക അവാര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാല ഗ്രാന്റ് തുടങ്ങി നിരവധി പുരസ്കാരങ്ങളും മഞ്ജുവിനെ തേടിയെത്തിയിട്ടുണ്ട്. പിന്തുണയുമായി ഭര്‍ത്താവ് മാത്യുവും മക്കളും ഒപ്പമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.