ഉടുമ്പന്നൂരിന്റെ പെരുമയിൽ തേൻ മധുരം
text_fieldsഉടുമ്പന്നൂർ ഹണി
തൊടുപുഴ: ജൈവ തേൻ ഗ്രാമമെന്ന ഖ്യാതിനേടിയ ഉടുമ്പന്നൂരിന്റെ പെരുമ ഇനി തേൻ മധുരത്തിലൂടെ പുറത്തേക്കും. ചെറുതേനീച്ച കൃഷി നടത്തുന്നവരെ കോര്‍ത്തിണക്കി ചെറുതേൻ ബ്രാൻഡ്ചെയ്ത് പഞ്ചായത്ത് വിപണിയിലെത്തിച്ചു. 2021 മുതലാണ് പദ്ധതിക്ക് തുടക്കമായത്. ഹോർട്ടികോർപ്പിന്റെ സഹകരണത്തോടെ 2000രൂപ വിലയുള്ള ഒരു ചെറുതേനീച്ചപ്പെട്ടി യൂണിറ്റ് 1000 രൂപ പഞ്ചായത്ത് സബ്സിഡിയോടെ കർഷകർക്ക് ലഭ്യമാക്കി.
തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനവും നൽകി. ഒരു പെട്ടിയിൽനിന്ന് പ്രതിവർഷം ശരാശരി 500മുതൽ 750ഗ്രാം വരെ തേൻ ലഭിക്കും. പഞ്ചായത്തില്‍ 500ലേറെ ചെറുതേനീച്ച യൂണിറ്റുകളുണ്ട്. സ്വന്തം നിലയിൽ കൃഷി ചെയ്യുന്നവരുമുണ്ട്. കേരളത്തിലെ ആദ്യ ജൈവ തേൻ ഗ്രാമമാണ് ഉടുമ്പന്നൂർ.
വിപണിയിലേക്ക്
തേൻ ബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തലത്തിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ചു. ചീനിക്കുഴി ആലിയക്കുന്നേൽ എ.വി. ഖാലിദാണ് കൺവീനർ. ഉല്‍പ്പാദിപ്പിക്കുന്ന തേനിന്റെ ഗുണമേന്മ ഹോർട്ടികോർപ്പ് ഉറപ്പാക്കും. തുടക്കത്തിൽ 400 ഗ്രാം ചില്ലുകുപ്പിയിലാണ് വില്‍പ്പന.
വൈകാതെ 250, 800 ഗ്രാം കുപ്പികളും വിപണിയിലെത്തും. പഞ്ചായത്ത് കൃഷിഭവനാണ് പദ്ധതിയുടെ മേൽനോട്ടം. ഔഷധമൂല്യവും ഗുണമേന്മയുമുള്ള ചെറുതേൻ ലഭ്യമാകുന്ന ഗ്രാമമായി ഉടുമ്പന്നൂരിനെ വളർത്തുകയാണ് ലക്ഷ്യമെന്നും ഉടുമ്പന്നൂരിന്റെ കാർഷിക മേഖലയിൽ ഇത് ഒരു പുതുചരിത്രമെഴുതുമെന്നും പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു.
കൃത്യമായ വരുമാനം ഉറപ്പാക്കുന്നതോടെ കൂടുതൽ തേനീച്ച കർഷകരെ ആകര്‍ഷിക്കാനുമാകും. കര്‍ഷകദിനമായ ഞായറാഴ്ച ഉടുമ്പന്നൂർ ഹണി പുറത്തിറക്കി. എം. ലതീഷ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 12 കർഷകരെ ചടങ്ങിൽ ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.