ഇന്ന് ലോക മലമ്പനി നിവാരണദിനം; അഞ്ചു വർഷമായി മലമ്പനി റിപ്പോർട്ട് ചെയ്യാതെ ഇടുക്കി
text_fieldsതൊടുപുഴ: ജില്ലയിൽ അഞ്ചു വർഷമായി തദ്ദേശീയ മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും മലേറിയക്കെതിരെ ജാഗ്രത വേണമെന്നും ജില്ലയിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുമെന്നും ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു. ഏല്ലാവർഷവും ഏപ്രിൽ 25 ലോക മലമ്പനി നിവാരണ ദിനമായി ആചരിക്കുകയാണ്. മലേറിയ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
മലമ്പനി നിവാരണം യാഥാർത്ഥ്യമാക്കാം: പുനർനിക്ഷേപിക്കാം, പുനർവിചിന്തനം നടത്താം, പുനരുജ്ജ്വലിപ്പിക്കാം എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. പ്ലാസ്മോഡിയം വിഭാഗത്തിൽപെട്ട ഏകകോശപരാദമാണ് രോഗത്തിന് കാരണം. കൊതുകുജന്യരോഗമായ മലമ്പനി അനോഫിലിസ് വിഭാഗത്തിൽപെട്ട പെൺകൊതുകുകളാണ് പകർത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശിവേദനയുമാണ് പ്രാരംഭരോഗ ലക്ഷണം.
വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ, മൂന്ന് ദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടൽ, ഛർദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി കാണാറുണ്ട്.
അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ കണ്ടെത്തിയത് 200 കേസ്
അന്തർ സംസ്ഥാന തൊഴിലാളികളിലും അന്തർസംസ്ഥാന അന്തർദേശീയ യാത്രികർക്കിടയിലും വ്യാപകമായി മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് . 2024ൽ ജില്ലയിൽ 200ഓളം ആളുകൾക്ക് മലേറിയ കണ്ടെത്തി. കൃത്യമായ രോഗ പ്രതിരോധ മാർഗങ്ങൾ അവലംബിച്ചാൽ രോഗത്തിൽനിന്ന് മുൻ കരുതൽ എടുക്കാൻ കഴിയും.
വേണം ജാഗ്രത
- കൊതുകുകടി ഏൽക്കാതിരിക്കാൻ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുക
- മലമ്പനിക്ക് കാരണമാകുന്ന കൊതുകുകൾ ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളംകെട്ടി നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക
- കിണറുകളും ടാങ്കുകളും കൊതുക് കടക്കാത്തവിധം വലകൊണ്ട് മൂടി സംരക്ഷിക്കുക
- റോഡ്/കെട്ടിട നിർമാണം നടക്കുന്ന സ്ഥലങ്ങളിലും ജലദൗർലഭ്യമുള്ള സ്ഥലങ്ങളിലും വെള്ളം സൂക്ഷിച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കുക
- പനിയുള്ളപ്പോൾ രക്തം പരിശോധിച്ച് മലമ്പനി അല്ലെന്ന് ഉറപ്പുവരുത്തണം. യാത്രാ പശ്ചാത്തലമുള്ളവർ ഇക്കാര്യം ഡോക്ടറോട് പറയുന്നത് ചികിത്സക്ക് കൂടുതൽ സഹായകരമാകും. സർക്കാർ ആശുപത്രികളിൽ മലമ്പനിക്കെതിരെയുള്ള പരിശോധനയും ചികിത്സയും സൗജന്യമാണ്. ആരോഗ്യജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിലും കൊതുകുനിവാരണ പ്രവർത്തനങ്ങളിലും ഏവരും പങ്കാളികളാകണമെന്നും ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.