അതേയ്... ഈ തൊമ്മൻകുത്തിലേക്കുള്ള വഴി ഏതാണ്...?; സൂചന ബോർഡില്ലാതെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം
text_fieldsവേനൽമഴയിൽ സജീവമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടം
തൊടുപുഴ: കഴിഞ്ഞ വർഷത്തെ അവസ്ഥയായിരുന്നെങ്കിൽ ഇത്തവണയും കാടും മേടും കരിഞ്ഞുണങ്ങി കിടക്കേണ്ടതായിരുന്നു. പക്ഷേ, തുലാവർഷത്തെ ഓർമിപ്പിച്ച് ഇപ്പോൾ മിക്ക ദിവസവും വൈകീട്ട് മഴ പെയ്യുന്നുണ്ട്. വരണ്ട കാഴ്ചകൾക്കു പകരം എവിടെയും പച്ചയണിഞ്ഞ ദൃശ്യങ്ങൾ. പതിവുപോലെ വറ്റിവരണ്ടു കിടക്കാറുള്ള വെള്ളച്ചാട്ടങ്ങൾക്കൊക്കെയും ജീവൻ വെച്ചിരിക്കുന്നു.
ഇടുക്കി ഇപ്പോൾ മിടുക്കിയായിട്ടുണ്ട്. അത് കാണാൻ ദൂരെനിന്നും സഞ്ചാരികൾ എത്തുന്നുമുണ്ട്. തൊടുപുഴ നഗരത്തിൽനിന്ന് 18 കിലോ മീറ്റർ അടുത്ത് കിടക്കുന്ന തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാൻ നിരവധി പേരാണ് എത്തുന്നത്. എന്നാൽ, ജില്ലയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ ഒന്നായ തൊമ്മൻകുത്തിലേക്ക് ഏതുവഴി പോകണം എന്ന് അറിയിക്കുന്ന ഒരൊറ്റ സൂചന ബോർഡ് പോലുമില്ല വഴിയിലെങ്ങും.
പ്രവേശനം നിരോധിച്ച ജീർണാവസ്ഥയിലായ വെള്ളച്ചാട്ടത്തിനരികിലെ വാച്ച് ടവറിൽ
തൊടുപുഴയിൽനിന്ന് മാർക്കറ്റ് റോഡിലേക്ക് തിരിയുന്നിടത്ത് തൊമ്മൻകുത്തിലേക്ക് വഴി കാണിച്ച് ഒരു ബോർഡുണ്ട്. അതു കഴിഞ്ഞാൽ റോഡ് പലവഴിക്ക് തിരിയുന്ന മങ്ങാട്ടുകവലയിലോ മുതലക്കോടത്തോ കരിമണ്ണൂരോ നെയ്യശ്ശേരിയിലോ മുളപ്പുറത്തോ എവിടെയും തൊമ്മൻകുത്തിലേക്ക് വഴി കാണിക്കുന്ന ദിശാസൂചകങ്ങൾ ഒന്നുമില്ല.
തൊമ്മൻകുത്ത് ജങ്ഷനിൽനിന്ന് വെള്ളച്ചാട്ടത്തിലേക്ക് പോകുന്നിടത്തുപോലും ബോർഡില്ല. ഗൂഗിൾ മാപ്പിൽ നോക്കി യാത്ര ചെയ്യുന്നവർ പോലും വെട്ടിലാകുന്ന വിധത്തിൽ പലയിടത്തും ജി.പി.എസ് സിഗ്നൽ നഷ്ടമാകുന്ന പ്രദേശങ്ങളിലൂടെയാണ് ഇവിടേക്ക് എത്തേണ്ടത്.
ചെറുകിട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോലും വഴികാണിക്കുന്ന ബോർഡുകൾ ധാരാളമുള്ളപ്പോഴാണ് തൊമ്മൻകുത്തിനെ വിനോദസഞ്ചാര വകുപ്പുപോലും കൈവിടുന്നത്.
ഇപ്പോൾ മധ്യവേനൽ അവധിക്കാലമായതിനാൽ ഇവിടേക്കും സഞ്ചാരികൾ ഒഴുകിത്തുടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് മുക്തമാക്കി നല്ലനിലയിൽ വനംവകുപ്പും വിനോദസഞ്ചാര വകുപ്പും പ്രദേശം പരിപാലിക്കുന്നുണ്ടെങ്കിലും റോഡുകൾ അടക്കം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഏറെയുണ്ട്.
തുടർച്ചയായ വേനൽമഴ കാരണം വെള്ളച്ചാട്ടം സജീവമാണ്. തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഏറ്റവും നന്നായി കാണാൻ പുഴയിലേക്ക് നീട്ടിപ്പണിത വാച്ച് ടവർ ജീർണാവസ്ഥയിലാണ്. അപകടനിലയിലായതിനാൽ പ്രവേശനം പാടില്ലെന്ന് ബോർഡ് വെച്ച് വിലക്കിയിട്ടുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.