മൂന്നുമാസം; റോഡിൽ പൊലിഞ്ഞത് 30 ജീവനുകൾ, 482 പേർക്ക് പരിക്കേറ്റു
text_fieldsനാരകക്കാനത്ത് അപകടത്തിൽപ്പെട്ട ജീപ്പ്
തൊടുപുഴ: ജില്ലയിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായി കണക്കുകൾ. മൂന്നു മാസത്തിനിടെ ജില്ലയിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത് 30 ജീവനുകളാണ്. ചെറുതും വലുതുമായ 329 റോഡപകടങ്ങളാണ് ഈ വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 29 അപകടങ്ങളിലായാണ് 30 പേർ മരിച്ചത്. ജനുവരിയിൽ 12 പേരും ഫെബ്രുവരിയിൽ എട്ടുപേരും മാർച്ചിൽ 10 പേരുമാണ് മരിച്ചത്. ആകെ 482 പേർക്ക് പരിക്കേറ്റു.
ഈ മാസവും ജില്ലയിൽ അപകടമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് ഇടുക്കി നാരകക്കാനത്ത് ജീപ്പ് നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം രണ്ടുപേർ മരിച്ചത്. മോട്ടർ വാഹനവകുപ്പും പൊലീസും വിവിധ ജാഗ്രതാ നിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും ജില്ലയിൽ അപകട-മരണ നിരക്ക് ഉയർന്നുതന്നെ തുടരുകയാണ്. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണം. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കൊടുംവളവുകളും കുത്തിറക്കങ്ങളും അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഹൈറേഞ്ചിലെ മിക്ക റോഡുകൾക്കും ആവശ്യമായ വീതിയോ ഇരുവശങ്ങളിലും സംരക്ഷണ ഭിത്തിയോ ഇല്ല. അപകടസാധ്യതയേറിയ മേഖലകളിൽപ്പോലും വേണ്ടത്ര അപകടസൂചനാ ബോർഡുകളും മറ്റും ഇനിയും സ്ഥാപിച്ചിട്ടുമില്ല. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന വാഹന ഡ്രൈവർമാർക്ക് പലപ്പോഴും ഹൈറേഞ്ചിലെ റോഡുകളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
നാരകക്കാനം അപകടം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി
ചെറുതോണി: നാരകക്കാനത്ത് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞ കൂത്താട്ടുകുളം മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ (65)യുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ മണ്ണത്തൂർക്ക് കൊണ്ടുപോയി. ആറുമാസം പ്രായമുള്ള കുഞ്ഞ് നിതാരയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മെഡിക്കൽ കോളജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കുട്ടിയുടെ മാതാപിതാക്കളായ ഡബിൾ കട്ടിങ് ചെമ്മഞ്ചിയിൽ ജ്യോതിഷ് (35), ശാലു (28), രണ്ടര വയസ്സുള്ള സഹോദരി നിഹാര എന്നിവർ ചികിത്സയിലാണ്. കുട്ടിയുടെ മാതാവിനെ മരണവിവരമറിയിച്ചിട്ടില്ല. ഇവർ ആശുപത്രിയിൽനിന്ന് വന്നതിനുശേഷമായിരിക്കും സംസ്കാരം നടത്തുക. പിറവം കല്ലോലിക്കൽ ജോളി (40), സാജൻ (38), മണ്ണത്തൂർ കാക്കയാനിക്കൽ ജൂലിയറ്റ് (28), പിറവം കല്ലോലിക്കൽ എൽദോസ്, ചിന്നു (10), കല്ലോലിക്കൽ ഏദൻ (6) എന്നിവരും ഇവിടെ ചികിത്സയിലാണ്. ജീപ്പോടിച്ചിരുന്ന ഉടമകൂടിയായ ചെമ്മഞ്ചിയിൽ ജോമൽ മാത്രമാണ് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.
വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ വ്യൂ പോയന്റ് കാണാൻ പോയി മടങ്ങിവരുമ്പോൾ ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഡബിൾ കട്ടിങ് ചെമ്മഞ്ചിയിൽ ജോണിയുടെ മകളുടെ മനസ്സമ്മതത്തിനു വന്നവരാണിവർ. ഇടുക്കി ജലാശയത്തിന്റെ ഭംഗി അടുത്തുകാണാവുന്ന സ്ഥലമാണ് സെന്റ് തോമസ് മൗണ്ട്. ഇവിടെ സന്ദർശിച്ചശേഷം വാഹനം പിന്നോട്ടെടുത്ത് തിരിക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

