വാഴൂർ സോമൻ; അപ്രതീക്ഷിതം മടക്കം
text_fieldsവാഴൂർ സോമൻ
തൊടുപുഴ: ഓരോ തെരഞ്ഞെടുപ്പ് കാലത്തും പീരുമേട് മണ്ഡലത്തിൽ ഇടതുസ്ഥാനാർഥിയായി സജീവമായി ഉയരുന്ന പേരായിരുന്നു വാഴൂർ സോമന്റേത്. മണ്ഡലത്തിൽ തൊഴിലാളി രാഷ്ട്രീയത്തിലെ സാന്നിധ്യമെന്ന നിലയിലായിരുന്നു അത്. എന്നാൽ, അവസാന നിമിഷമാകുമ്പോൾ അത് മറ്റാരെങ്കിലുമായി വഴിമാറും. അത്തരമൊരു അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വാഴൂർ സോമൻ മണ്ഡലത്തിലെ സി.പി.ഐ നോമിനിയായി ഇടതുസ്ഥാനാർഥിയായത്.
മുന്നണിയുടെ സിറ്റിങ് മണ്ഡലമായിരുന്നെങ്കിലും കടുത്ത പോരാട്ടമായിരുന്നു പ്രചാരണത്തിലുടനീളം കണ്ടത്. കാരണം മുൻ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥിയായിരുന്ന ഇ.എസ്. ബിജിമോളാകട്ടെ 314 വോട്ടുകളെന്ന നാമമാത്ര ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇതോടൊപ്പം ബിജിമോളെ സ്ഥാനാർഥിത്വത്തിൽനിന്ന് മാറ്റിയതടക്കമുള്ള ആഭ്യന്തര വിവാദങ്ങളും രൂക്ഷമായിരുന്നു. കൂടാതെ യു.ഡി.എഫ് സ്ഥാനാർഥി സിറിയക് തോമസാകട്ടെ കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഏതായാലും ഫലം വന്നപ്പോൾ പീരുമേട് വാഴൂരിന് സ്വന്തമായി.
1835 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. നാല് പതിറ്റാണ്ടിലേറെ തോട്ടം തൊഴിലാളി മേഖലയിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന് മണ്ഡലത്തിലെ ഓരോരുത്തരെയും പേരെടുത്ത് വിളിക്കാവുന്ന തരത്തിൽ വ്യക്തിബന്ധമുണ്ടായിരുന്നു. ഇത് തന്നെയാണ് കടുത്ത പോരാട്ടത്തിലും വിജയിച്ച് കയറാൻ തുണയായത്.
ജനപ്രതിനിധിയായതോട ജനകീയ പ്രശ്നങ്ങളിലെ സജീവ ഇടപെടലിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. ഭരണകക്ഷിയുടെ ഭാഗമായിരുന്നിട്ടുകൂടി പലപ്പോഴും വകുപ്പുകൾക്കെതിരെ പോര് നയിച്ചു. വന്യജീവിശല്യവുമായി ബന്ധപ്പെട്ട് വനം വകുപ്പിനെതിരെ പരസ്യവിമർശനവും സമരവും നടത്തിയ അദ്ദേഹം താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥയിൽ ആരോഗ്യ വകുപ്പിനെതിരെയും വിമർശനമുന്നയിച്ചു. അടച്ചുപൂട്ടിയ തേയിലത്തോട്ടങ്ങൾ തുറക്കുന്നതിനും തൊഴിലാളികളുടെ മുടങ്ങിയ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും ഇടപെടൽ നടത്തി.
പട്ടയപ്രശ്നവുമായി ബന്ധപ്പെട്ടും സജീവ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. മണ്ഡലത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വ്യക്തമായ കാഴ്ചപ്പാടോടെയാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്, വണ്ടിപ്പെരിയാർ ഡിവിഷനിൽനിന്നുള്ള ജില്ല പഞ്ചായത്ത് അംഗം തുടങ്ങിയ പ്രവൃത്തി പരിചയം അദ്ദേഹത്തിന് ഇക്കാര്യത്തിൽ തുണയായി.
പട്ടയപ്രശ്നമടക്കം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിരവധി പദ്ധതികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് അതിനൊന്നും കാത്തുനിൽക്കാതെ കാലാവധി തികക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വാഴൂർ സോമൻറെ അന്ത്യയാത്ര. അപ്രതീക്ഷിത വിയോഗം നാടിന് താങ്ങാവുന്നതിലപ്പുറമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.