കാട്ടാനശല്യം: ആര് തരും ഞങ്ങളുടെ ജീവന് സുരക്ഷ?
text_fieldsതൊടുപുഴ: ‘വർഷങ്ങളായി ആനയെപ്പേടിച്ചാണ് ഞങ്ങൾ കഴിയുന്നത്. ഒട്ടേറെ ആനകളാണ് മേഖലയിൽ തമ്പടിച്ചിരിക്കുന്നത്. ഓരോ പ്രശ്നങ്ങളുണ്ടാകുമ്പോഴും അധികൃതരെത്തി പരിഹരിക്കാമെന്ന് പറയുന്നതല്ലാതെ ഒന്നുമുണ്ടായിട്ടില്ല. ഞങ്ങളെ ജീവനും സ്വത്തിനും സുരക്ഷ വേണം’ -പെരുവന്താനം പഞ്ചായത്ത് അംഗം സാലിക്കുട്ടിയുടെ വാക്കുകളാണിത്.
ഇത്തരത്തിൽ കൂട്ടമായി ഇറങ്ങുന്ന കാട്ടാനകളെ പേടിച്ച് ജോലിക്ക് പോകാൻ പോലും കഴിയാത്ത ദുരവസ്ഥയാണ് പ്രദേശവാസികൾക്ക്. പല മേഖലകളിലും കാട്ടാനകള്‍ കൂട്ടത്തോടെയാണ് ജനവാസ മേഖലകളിലിറങ്ങുന്നത്.
വന്യമൃഗങ്ങളെ തിരികെ കാട്ടിലേക്ക് തുരത്താനുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമിന് എല്ലായിടത്തും ഓടിയെത്താൻ പോലും കഴിയുന്നില്ല. ആർ.ആർ.ടി സംഘമെത്താത്ത മേഖലകളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് വന്യമൃഗങ്ങളെ തുരത്തുന്നത്.
കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ സോഫിയ കൊല്ലപ്പെട്ട പെരുവന്താനം ടി.ആർ ആൻഡ് ടി തോട്ടം, ചെന്നാപ്പാറ, കുപ്പക്കയം, കൊമ്പുകുത്തി, പീരുമേട്ടിൽ പ്ലാക്കത്തടം, മരിയഗിരി, തോട്ടാപ്പുര, ഗസ്റ്റ്ഹൗസ് ഭാഗം, അഴുതയാർ, കരണ്ടകപ്പാറ, കല്ലാർ പുതുവയൽ കുട്ടിക്കാനം എന്നിവിടങ്ങളിലെല്ലാം കാട്ടാനശല്യം രൂക്ഷമാണ്.
ഇവിടങ്ങളിലൊക്കെ ഇടക്കിടെ ഇറങ്ങുന്ന കാട്ടാനകൾ മടങ്ങാൻ കൂട്ടാക്കുന്നില്ല. നാട്ടുകാരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും നടപടികൾ വൈകുകയാണ്. ഇവിടെ രാവിലെ ജോലിക്കിറങ്ങുന്ന തൊഴിലാളികൾ കാട്ടാനകളെ കണ്ട് ജീവനും കൊണ്ടോടിയ പല സംഭവങ്ങളും ഉണ്ടായി. ടി.ആർ ആൻഡ് ടി എസ്റ്റേറ്റിൽ കാട്ടാനകൾ നിലയുറപ്പിക്കുന്ന സാഹചര്യം വിദ്യാർഥികളുടെ പഠനത്തെയും ബാധിക്കുന്നുണ്ട്.
കാട് കയറാതെ കാട്ടാനകൾ
വേനൽ ശക്തി പ്രാപിച്ച് തുടങ്ങിയതോടെ ജനവാസ മേഖലയിലേക്കുള്ള കാട്ടാനകളുടെ ഇറക്കം പതിവാണ്. ഭക്ഷണത്തിനും വെള്ളത്തിനുമടക്കം ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ആനകൾ കൂട്ടത്തോടെ കാടിറങ്ങുന്നതെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകൾ തിരികെ പോകാൻ മടിക്കുന്ന സാഹചര്യമാണുള്ളത്.
മറയൂരിൽ വിരിക്കൊമ്പനും മൂന്നാറിൽ ചക്കക്കൊമ്പനും പടയപ്പയും സ്ഥിരം ശല്യക്കാരാണ്. ദേശീയ പാതയിൽ നിലയുറപ്പിക്കുന്ന പടയപ്പ പലപ്പോഴും സഞ്ചാരികളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു. ചിന്നക്കനാലിലാണ് ചക്കക്കൊമ്പന്റെ ആക്രമണം പതിവ്. മറയൂരിൽ വിരിക്കൊമ്പൻ എന്ന കാട്ടാനയാണ് കഴിഞ്ഞദിവസം ഫയർലൈൻ തെളിക്കാനെത്തിയ വിമലൻ എന്ന തൊഴിലാളിയെ ചവിട്ടിക്കൊന്നത്.
ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനകളിൽനിന്ന് പിരിഞ്ഞ് നടക്കുന്ന ഒരുകൂട്ടരാണ് ഇപ്പോൾ ആശങ്ക ഉയർത്തുന്നത്. മൂന്ന് വലിയ പിടിയാനകളും ഒരു പിടിയാനക്കുട്ടിയും കൂട്ടത്തിലുണ്ട്.
കൃഷിയിടങ്ങളിൽ തമ്പടിച്ച് ഏലമുൾപ്പെടെയുള്ള വിളകൾ ചവിട്ടി നശിപ്പിക്കുന്നതാണ് കാട്ടാനക്കൂട്ടത്തിന്റെ പതിവ്. കാട്ടാനക്കൂട്ടത്തെ ഏറെ പണിപ്പെട്ടാണ് വാച്ചർമാർ വനമേഖലയിലേക്ക് തുരത്തുന്നത്.
ഇവിടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളും ഭീതിയിലാണ്. മേഖലയിൽ ഇരുപതോളം കാട്ടാനകൾ ചുറ്റിത്തിരിയുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.