കാട്ടാന ആക്രമണം; നഷ്ട പരിഹാരം പ്രഖ്യാപനത്തിലൊതുങ്ങുന്നു
text_fieldsവ്യാഴാഴ്ച കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മറയൂർ ചമ്പക്കാട് സ്വദേശി വിമലിന്റെ മൃതദേഹം മോർച്ചറിയിലേക്ക്
മാറ്റുന്നു
തൊടുപുഴ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടി വരുമ്പോഴും നഷ്ടപരിഹാരം നൽകുന്നതിൽ മെല്ലെപ്പോക്ക്.
കഴിഞ്ഞ എട്ട് വർഷത്തിനിടെ വന്യ ജീവികളുടെ ആക്രമണത്തിൽ തൊള്ളായിരത്തലധികം പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ പലരുടെയും കുടുംബാംഗങ്ങൾക്ക് പൂർണമായ നഷ്ട പരിഹാരം നൽകിയിട്ടില്ല. ചില കുടുംബാംഗങ്ങൾക്ക് അടിയന്തര സഹായമായ 50,000 രൂപ മാത്രമാണ് ലഭിച്ചത്.
വന്യ മൃഗ ആക്രമണത്തിൽ മരിക്കുന്നവരുടെ അവകാശികൾക്ക് പത്ത് ലക്ഷം രൂപയും പരിക്കേൽക്കുന്നവർക്ക് ഒരു ലക്ഷം രൂപയുമാണ് നഷ്ട പരിഹാരം.
വനം മന്ത്രി ഒരു മാസം മുൻപ് സഭയിൽ അവതരിപ്പിച്ച കണക്ക് പ്രകാരം സംസ്ഥാനത്ത് 2016 മുതൽ 2024 വരെയുള്ള കാലയളവിൽ 909 പേർ വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 7492 പേർക്ക് പരിക്കേറ്റു. ഏറ്റവുമൊടുവിൽ വ്യാഴാഴ്ച ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ചമ്പക്കാട്ടിൽ വിമലാണ് മരിച്ചത്.
ഫണ്ടിന്റെ ലഭ്യതക്കുറവും രേഖകൾ സമർപ്പിക്കാത്തതുമാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്ന ന്യായങ്ങൾ. കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി മുള്ളരിങ്ങാട് സ്വദേശി അമർ ഇബ്രാഹിമിന്റെ കുടുബത്തിന് പ്രഖ്യാപിച്ച സഹായം ലഭിച്ചിട്ടില്ല. ഡിസംബർ 29 നായിരുന്നു അമറിനെ കാട്ടാന ചവിട്ടിക്കൊന്നത്. അമറിന്റെ മൃതദേഹവുമായി വലിയ പ്രതിഷേധമാണ് നടന്നത്. തുടർന്ന് അടിയന്തര സഹായമായി നാല് ലക്ഷം നൽകി. ശേഷിക്കുന്ന തുക എന്ന് കിട്ടുമെന്ന് കുടുംബത്തിനറിയില്ല. ആറ് മാസത്തിനുള്ളിൽ ബാക്കി തുക നൽകുമെന്നാണ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്.
കൊല്ലപ്പട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത സ്ഥിര ജോലി ലഭിക്കാത്തവരുമുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മനുഷ്യ -വന്യ മൃഗ സംഘർഷങ്ങളുടെ എണ്ണം വർധിച്ചതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് 2019-20 ൽ വന്യ ജീവി ആക്രമണങ്ങളുടെ എണ്ണം 6341 ആയിരുന്നെങ്കിൽ 2023-24 ൽ 9,838 ആയി ഉയർന്നു. ഇടുക്കിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ട് പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. ഇതിൽ മൂന്നാർ ഡിവിഷനിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പന്നിയാർ സ്വദേശിനി പരിമളം, കോയമ്പത്തൂർ സ്വദേശി പോൾ രാജ്, ചിന്നക്കനാൽ ബിയൽ റാം സ്വദേശി സൗന്ദർ രാജൻ, തുടങ്ങിയവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ മാത്രമാണ് ലഭിച്ചത്. വന്യ മൃഗ ആക്രമണത്തെ തുടർന്നുണ്ടാകുന്ന കൃഷി നാശത്തിനും ചെറിയ തുക മാത്രമാണ് നഷ്ട പരിഹാരം ലഭിക്കുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. പരിക്കേൽക്കുന്നവർക്ക് പ്രാഥമിക ചികിത്സക്ക് പോലും ഒരു ലക്ഷത്തിന് മുകളിലാണ് ചികിത്സ ചിലവ്.
മാസങ്ങളോളം ജോലിക്ക് പോലും പോകാൻ കഴിയാതെ പരിക്കേറ്റ് കഴിയുന്നവരുമുണ്ട്. നഷ്ട പരിഹാരത്തുക കൂട്ടണമെന്ന ആവശ്യം ഉയരുന്നതിനിടെ ദുരന്ത നിവാരണ നിധി കൂടി ഉൾപ്പെടുത്തി വർധിപ്പിക്കാൻ ആലോചനയുണ്ട്. ഇത് സംബന്ധിച്ച് വനം വകുപ്പ് സർക്കാറിന് നിർദേശം നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.