ഏബൽ എന്ന കുഞ്ഞു സയന്റിസ്റ്റ്
text_fieldsകണ്ണൂർ: മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തെങ്ങിന്റെ മടലും ചിരട്ടയുംവെച്ച് ഒരു മണ്ണു മാന്ത്രി യന്ത്രം നിർമിച്ചു. വീട്ടിലെ വൈദ്യുതി നിലച്ചപ്പോൾ അവിടെയും ഇടപെടൽ. ടോർച്ചും മിക്സിയും തകരാറിലായപ്പോൾ നിമിഷ നേരം കൊണ്ട് ശരിയാക്കി..... ബൈക്ക് തകരാറിലായപ്പോൾ മെക്കാനിക്ക് എത്തുംമുമ്പേ ഏബൽ ടച്ചിൽ മാന്ത്രികത.
ഇത് ശ്രീകണ്ഠപുരം ചെരിക്കോടെ തലക്കൽ ഷിബു- ബീന ദമ്പതിമാരുടെ ഇളയ മകൻ ഏബൽ ഷിബുവിന്റെ കണ്ടെത്തലിന്റെ കഥ. എട്ടു വയസ്സുള്ളപ്പോഴാണ് ഏബൽ പരീക്ഷണത്തിലേക്ക് കടന്നത്. ആദ്യം തമാശയായിക്കണ്ട വീട്ടുകാർ പിന്നീട് മകന്റെ കണ്ടെത്തലിന് പിന്തുണയേകി. കുഞ്ഞു സയന്റിസ്റ്റിന്റെ വളർച്ച പിന്നീട് വലിയ കണ്ടെത്തലിലൂടെ മുന്നേറുകയായിരുന്നു. പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം തരം വിദ്യാർഥിയാണ് ഏബൽ.
നിലവിൽ പിതാവിന്റെ ബൈക്കിന്റെ യന്ത്ര ഭാഗങ്ങൾ അഴിച്ചെടുത്ത് പുതിയ കാറിന് ജന്മം നൽകിയിരിക്കയാണ്. ഇതിനായി ആവശ്യമായ മറ്റ് സാമഗ്രികൾ ആക്രിക്കടയിൽ ചെന്നാണ് ശേഖരിച്ചത്. തന്റെ പുതിയ കാർ വീട്ടു മുറ്റത്തുകൂടി ഏബൽ തലങ്ങും വിലങ്ങും ഓടിച്ചതോടെ കൂട്ടുകാരും നാട്ടുകാരുമെല്ലാം അത് കാണാനെത്തുകയായിരുന്നു. ഇതോടെ കണ്ടെത്തലിന്റെ ആഹ്ലാദം ഇരട്ടിയായി. സമീപ ദേശങ്ങളിൽ നിന്നടക്കം നിരവധി പേർ ഏബലിന്റെ കണ്ടെത്തൽ കാണാനെത്തി അഭിനന്ദിച്ചാണ് മടങ്ങിയത്. ഗിയർ സൈക്കിളിലും കൈവച്ച് മാറ്റം വരുത്തി.
എവിടെ പഴയ വണ്ടികളും ആക്രി സാധനങ്ങളും കൊടുക്കാനുണ്ടെന്നറിഞ്ഞാൽ ഏബൽ പിതാവിനെയും കൂട്ടി അവിടെ ചെന്ന് അത് സ്വന്തമാക്കിയിരിക്കും. പിന്നെ പുതിയൊരു വസ്തു പിറക്കും. തകരാറിലായ ഫാൻ ഉപയോഗിച്ച് ടൈൽ മുറിക്കുന്ന യന്ത്രമുണ്ടാക്കി. തേങ്ങ ചിരവുന്ന ഉപകരണവും ഉണ്ടാക്കിയിട്ടുണ്ട്. ആദ്യമേ എൻജിനുകളിലും മറ്റും വല്ലാത്ത താത്പര്യമുണ്ടായിരുന്നു. പിന്നെ ഫോണിൽ കളിക്കിടെ ഗൂഗിളിൽ കണ്ടും ഇത്തരം കണ്ടെത്തലിലേക്ക് ശ്രമം നടത്തുകയായിരുന്നു.... ശാസ്ത്രജ്ഞനാവാനാണ് താൽപര്യം. അല്ലെങ്കിൽ എൻജിനീയർ. മാതാപിതാക്കളോടൊപ്പം സഹോദരങ്ങളായ എയ്ഞ്ചലും അജലും പിന്തുണയുമായി ഈ സയന്റിസ്റ്റിന് കൂട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.