കാൽടെക്സിലെ ഓട്ടോ സ്റ്റാൻഡ് എതിർവശത്തേക്ക് മാറ്റി
text_fieldsകാൽടെക്സിൽ എൻ.എസ് തിയറ്ററിനോട് ചേർന്നുള്ള പുതിയ ഓട്ടോ സ്റ്റാൻഡ്
കണ്ണൂർ: വ്യാപാരികളുമായി നിയമയുദ്ധത്തിലേക്കുവരെ നയിച്ച കാൽടെക്സിലെ വിവാദ ഓട്ടോ സ്റ്റാൻഡ് ഒടുവിൽ മാറ്റി. എൻ.എസ് തിയറ്ററിനോട് ചേർന്നാണ് പുതിയ ഓട്ടോ സ്റ്റാൻഡ്. തിയറ്ററിന് എതിർവശത്തായിരുന്ന സ്റ്റാൻഡ് സ്വന്തം നിലക്ക് മാറ്റാൻ തൊഴിലാളികൾ സന്നദ്ധമാകുകയായിരുന്നു. ട്രാഫിക് പൊലീസിന്റെ അനുമതി ലഭിച്ചതോടെ ബുധനാഴ്ച മുതൽ തിയറ്ററിനോട് ചേർന്നാണ് ഓട്ടോകൾ നിർത്തിയിടുന്നത്.
കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ബസുകളുടെ സ്റ്റോപ്പ് എൻ.എസ് തിയറ്ററിനു മുന്നിൽനിന്ന് അൽപം മുന്നോട്ട് മാറ്റിയതാണ് സ്റ്റാൻഡ് മാറ്റത്തിന് കാരണമായത്. സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ ബസ് സ്റ്റോപ് മാറിയതോടെ യാത്രക്കാർ കാൾടെക്സിനു മുന്നിലെ ഓട്ടോകളെ ആശ്രയിക്കാതെയായി. ഇത് വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കിയതായി ഓട്ടോതൊഴിലാളികൾ ട്രാഫിക് പൊലീസിനെ അറിയിച്ചു. ഓട്ടോ സ്റ്റാൻഡ് എതിർവശത്തേക്ക് മാറ്റി നൽകണമെന്ന അഭ്യർഥന പൊലീസ് പരിഗണിച്ചില്ല. ഇതോടെ, പൊലീസ് വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കേണ്ടെന്ന് ഓട്ടോ തൊഴിലാളികളും തീരുമാനിച്ചു. ചൊവ്വാഴ്ച കണ്ണൂർ സിറ്റി ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ 'സേഫ് ഓട്ടോ' പദ്ധതിയുടെ ഭാഗമായി ഓട്ടോ തൊഴിലാളികളുടെ യോഗം വിളിച്ചിരുന്നു. 40 ഓളം തൊഴിലാളികൾ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.
തങ്ങളുടെ ആവശ്യം കേൾക്കാത്തതിനാലാണ് ആളുകൾ വിട്ടുനിന്നതെന്ന് പങ്കെടുത്തവർ പൊലീസിനെ അറിയിച്ചു. കണ്ണൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ, ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടബേത്ത്, ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റ് എസ്.ഐ. സുരേഷ് കുമാർ തുടങ്ങിയവരെ കാര്യം ബോധ്യപ്പെടുത്തി. തുടർന്ന് അസി. കമീഷണറുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികളുമായി ചർച്ച നടത്തിയാണ് സ്റ്റാൻഡ് മാറ്റിയത്. പഴയ ഓട്ടോ സ്റ്റാൻഡിനെതിരെ സമീപത്തെ വ്യാപാരികളുമായി സംഘർഷം ഉൾപ്പടെ നടന്നിരുന്നു. കടകളിലേക്ക് വരുന്നവർക്ക് തടസ്സമായി നിൽക്കുന്ന സ്റ്റാൻഡ് മാറ്റണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കോടതിയെയും സമീപിച്ചു. തുടർന്ന് 12 ഓട്ടോകൾ നിർത്തുന്ന സ്റ്റാൻഡിൽ എട്ടെണ്ണം മതിയെന്ന നിലപാടെടുത്തു. കച്ചവടം കുറഞ്ഞതിനാൽ ചില കടകൾ പൂട്ടിപ്പോവുകയും ചെയ്തിരുന്നു. സ്റ്റാൻഡ് മാറ്റം വ്യാപാരികൾക്കാണ് ഏറെ ആശ്വാസമാവുക.

