ബാരാപോൾ കനാൽ ചോർച്ച; പ്രതിദിന നഷ്ടം 15 ലക്ഷം രൂപ
text_fieldsബാരാപോൾ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ തകർന്ന കനാൽ ഭാഗം
ഇരിട്ടി: മുൻ വർഷങ്ങളിൽ വൈദ്യുതി വകുപ്പിന് വൻ ലാഭം നൽകിയിരുന്ന ബാരാപോൾ ജലവൈദ്യുതി പദ്ധതിയുടെ കനാലിലുണ്ടായ ചോർച്ച മൂലം ഉൽപാദനം നിലച്ചിട്ട് രണ്ടു മാസം പിന്നിടുന്നു. ഈ വർഷം മേഖലയിൽ വലിയ മഴ ലഭിച്ചിട്ടും ബാരാപോള് പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഉപയോഗിക്കാൻ കഴിയാതെ ഒഴുകിപ്പോകുന്നതു മൂലം 15 ലക്ഷത്തോളം രൂപയാണ് വൈദ്യുതി വകുപ്പിന് പ്രതിദിനം നഷ്ടം സംഭവിക്കുന്നത് എന്നാണ് കണക്ക്.
രണ്ടുമാസം കൊണ്ട് ഒമ്പത് കോടിയോളം നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഇതുമൂലം ഉണ്ടായിരിക്കുന്നത്. ഇത്രമാത്രം ലാഭം ലഭിക്കുന്ന പദ്ധതിയായിട്ടും തകർന്ന കനാൽ ഭാഗം പൊളിച്ചു നീക്കി പുനർ നിർമിക്കുന്നതിനുള്ള പ്രവൃത്തി മന്ദഗതിയിലാണ് നടക്കുന്നത്.
ഗർത്തം രൂപപ്പെട്ട കനാലിന്റെ അപകട ഭീഷണിയിലുള്ള ഒന്നര കിലോമീറ്റർ ഭാഗം പൊളിച്ചു നീക്കി പുതിയ കനാൽ നിർമിക്കുന്നതിന് കെ.എസ്.ഇ.ബി സാങ്കേതിക വിഭാഗം 50 കോടിയുടെ എസ്റ്റിമേറ്റ് ബോർഡിന് സമർപ്പിച്ചെങ്കിലും ഇതുവരെ ഭരണാനുമതി നൽകിയിട്ടില്ല. അനുമതി നൽകുന്നതിലെ കാലതാമസം വരും വർഷത്തെ ഉൽപാദനത്തേയും ബാധിക്കും.
മഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന പദ്ധതി ഏറെ ഉൽപാദന ചെലവില്ലാതെ വർഷത്തിൽ 20 കോടിയിലധികം രൂപയുടെ വരുമാനമാണ് കെ.എസ്.ഇ.ബിക്ക് നൽകിക്കൊണ്ടിരുന്നത്. ഒരു മാസം മുമ്പ് വൈദ്യുതി മന്ത്രി തന്നെ പ്രദേശം സന്ദർശിക്കുകയും അപകട ഭീഷണി ഇല്ലാത്ത നിലയിൽ പദ്ധതിയെ ഉടൻ പ്രവർത്തനക്ഷമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, അധികൃതർ ഇപ്പോഴും ഈ പദ്ധതിയോട് മുഖം തിരിഞ്ഞിരിക്കുന്ന അവസ്ഥയാണ്. പുനർനിർമാണ പ്രവൃത്തി നീളുകയാണെങ്കിൽ അത് പദ്ധതിയുടെ അടുത്ത വർഷത്തെ ഉൽപാദനത്തെയും ബാധിച്ചേക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.