മുട്ടുമാറ്റിയിലെ ചീങ്കണ്ണിപ്പുഴ കുടിയിറക്കിന് 39 ആണ്ട് ഓണക്കാലത്തും ഏകാന്തതയിൽ സഹോദരങ്ങൾ
text_fieldsകേളകം: വനസംരക്ഷണത്തിനും വികസനത്തിനും വേണ്ടി 1987 ഒക്ടോബർ 14ന് ആറളം വനാതിർത്തിയിലെ മുട്ടുമാറ്റിയിൽ നടന്ന കുടിയിറക്കിന്റെ ബാക്കിപത്രമായി രണ്ട് സഹോദരങ്ങളുടെ ജീവിതം ഇന്നും ചീങ്കണ്ണിപ്പുഴയുടെ തീരത്ത് ഒറ്റപ്പെട്ടുകിടക്കുന്നു. കുടിയിറക്കിന്റെ 39ാം വർഷത്തിലും അടക്കാത്തോട് മുട്ടുമാറ്റിയിൽ ജോസഫിന്റെയും തോമസിന്റെയും ജീവിതത്തിന് ഇതുവരെ കരകാണാനായിട്ടില്ല.
ഓണക്കാലത്ത് നാടെങ്ങും ആഘോഷത്തിന്റെ നിറവ് പടരുമ്പോൾ ചീങ്കണ്ണിപ്പുഴയുടെ കരയിൽ ഈ സഹോദരങ്ങൾക്ക് ആഘോഷങ്ങളില്ല, നെടുവീർപ്പുകൾ മാത്രം. പുറംലോകവുമായി ബന്ധംപോലുമില്ലാതെ നാമമാത്രമായ രണ്ടു മൺകട്ടപ്പുരകളിൽ മൂകതയുടെ വർഷങ്ങൾ എണ്ണുകയാണിവർ. വൈദ്യുതിയും റോഡും ആധുനിക സൗകര്യങ്ങളുമൊന്നും ഇവിടെയെത്തിയിട്ടില്ല. പുറംലോകത്തിന്റെ ശബ്ദമായി അവശേഷിക്കുന്നത് ഒരു പഴയ റേഡിയോ മാത്രമാണ്. അടക്കാത്തോട്ടിലെ റേഷൻകടയാണ് പുറംലോകവുമായുള്ള ഇവരുടെ പ്രധാന ബന്ധം.
മറുകരയിലെത്താൻ ഇവർക്ക് ആശ്രയമുള്ളത് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു തൂക്കുപാലം മാത്രമാണ്. കരിങ്കൽ മതിലിനരികിലൂടെ മുളയേണി കയറിയിറങ്ങി പുഴയോരത്തെത്തിയാൽ മരത്തിൽ ചാരിവെച്ച മറ്റൊരു മുളയേണി. അതിലൂടെ കയറിയാൽ പുഴക്ക് കുറുകെ കമ്പികൾ വലിച്ചുകെട്ടിയുണ്ടാക്കിയ തൂക്കുപാലം. ഒരാൾക്കുമാത്രം കടന്നുപോകാൻ കഴിയുന്ന പാലത്തിൽ ചവിട്ടുപടികളായി മുളച്ചില്ലകൾ. താഴെ കുത്തിയൊഴുകുന്ന ചീങ്കണ്ണിപ്പുഴ.
പാലം അവസാനിക്കുന്ന മരത്തിൽ ചാരിയ മുളയേണിയിലൂടെ താഴെയിറങ്ങിയാൽ മുന്നിൽ രണ്ട് മൺകട്ടപ്പുരകൾ. അവിടെയാണ് ജോസഫും തോമസും കഴിയുന്നത്. ഇപ്പോഴുള്ളത് അഞ്ചാമത്തെ തൂക്കുപാലമാണ്.
സമീപത്തെ ആദിവാസി കുടുംബങ്ങളെ പുനരധിവാസ മേഖലയിലേക്ക് മാറ്റി. പുഴക്കരയിൽ കാട്ടാനകളെ തടയാൻ കരിങ്കൽ മതിലും ഉയർന്നു. ഒടുവിൽ മൈലാടിയിലെ ഇവരുടെ വീട് മാത്രം കാടിനും വന്യജീവി മേഖലക്കുമിടയിൽ ഒറ്റപ്പെട്ടുപോയി. കൃഷിയില്ല, സ്ഥിരവരുമാനമില്ല, പുറംലോകവുമായി ബന്ധപ്പെടാനും വലിയ പ്രയാസം.
‘നാട്ടിലേക്ക് മാറിത്താമസിക്കാൻ തയാറാണ്, ഒരു ചെറിയ വീടും കൃഷി ചെയ്യാൻ കുറച്ച് ഭൂമിയും തരാമോ? അതല്ലെങ്കിൽ ജനിച്ചുവളർന്ന ഭൂമിയുടെ അവകാശം ഞങ്ങൾക്ക് തരാൻ കഴിയുമെങ്കിൽ അതുമാത്രം മതി,’ ജോസഫിന്റെ വാക്കുകളിൽ 39 വർഷത്തെ കാത്തിരിപ്പിന്റെ വേദനയുണ്ട്.
വനസംരക്ഷണവും വന്യജീവി സംരക്ഷണവും അനിവാര്യമാണെന്നിരിക്കെ അതിന്റെ പേരിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ജീവിതവും സർക്കാർ പരിഗണിക്കണമെന്നാണ് നാട്ടുകാരുടെയും സാമൂഹികപ്രവർത്തകരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

