ചെറുപുഴ തടയണക്ക് ഫൈബര്‍ ഷട്ടറുകള്‍; പ്രവൃത്തി പുരോഗമിക്കുന്നു
text_fieldsചെറുപുഴ തടയണയില്‍ ഫൈബര്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു
ചെറുപുഴ: പഞ്ചായത്തിലെ വയക്കര, ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയല് വില്ലേജുകളിലെ കര്‍ഷകര്‍ക്ക് ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കാന്‍ നിര്‍മിച്ച റഗുലേറ്റര്‍ കം ട്രാക്ടര്‍ വേയുടെ തടയണക്ക് സ്ഥിരം ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി.
നിലവില്‍ ഉപയോഗിക്കുന്ന മരപ്പലകകള്‍ക്ക് പകരം ഫൈബര്‍ ഷട്ടറുകള്‍ സ്ഥാപിക്കാന്‍ ജലവിഭവ വകുപ്പ് കരാര്‍ നല്കി. ഫൈബര്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായി തടയണയുടെ കോണ്‍ക്രീറ്റ് പാളികള്‍ തുളച്ച് ചാനലുകള്‍ ഒരുക്കിത്തുടങ്ങി.
തടയണക്ക് ഫൈബര്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനും ജലസംഭരണിയിലെ മണല്‍ നീക്കം ചെയ്യുന്നതിനും 15 ലക്ഷം രൂപയാണ് വകയിരുത്തിയത്. ജനുവരി പകുതിയോടെ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നീക്കം. ഫൈബര്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്ന മുറക്ക് ജലസംഭരണിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കംചെയ്ത് പുഴയുടെ ആഴം കൂട്ടും. തടയണയില്‍ ഉപയോഗിച്ചിരുന്ന മരപ്പലകകള്‍ കാലപ്പഴക്കത്താല്‍ ജീര്‍ണിക്കുകയും വേനല്‍ക്കാലത്ത് വെള്ളം സംഭരിക്കാന്‍ സാധിക്കാതെ വരുകയും ചെയ്തതോടെ പ്രദേശവാസികള്‍ നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ഫൈബര്‍ ഷട്ടര്‍ സ്ഥാപിക്കാന്‍ നടപടിയായത്.
കഴിഞ്ഞവര്‍ഷം മരപ്പലകകളിട്ട് വെള്ളം സംഭരിച്ചിരുന്നെങ്കിലും കടുത്ത വേനലായപ്പോഴേക്കും സംഭരണിയിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞിരുന്നു. ഇത് പ്രദേശത്തെ കൃഷിയെ പ്രതികൂലമായി ബാധിച്ചു.
ഫൈബര്‍ ഷട്ടറുകള്‍ സ്ഥാപിക്കുകയും മണല്‍ നീക്കം ചെയ്യുകയും ചെയ്യുന്നതോടെ കടുത്ത വേനലിലും തടയണയുടെ കാച്ച്മെന്റ് ഏരിയയില്‍ വലിയ തോതില്‍ ജലം സംഭരിക്കാന്‍ സാധിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.