മലയോരത്ത് കൊടുങ്കാറ്റും പേമാരിയും
text_fieldsപ്രാപ്പൊയില്‍ ചൂരപ്പടവില്‍ റോഡിലേക്ക് തകര്‍ന്നുവീണ ട്രാന്‍സ്ഫോര്‍മര്‍
ചെറുപുഴ: മലയോരത്തെ വിറപ്പിച്ച് കൊടുങ്കാറ്റും പേമാരിയും. മരങ്ങള്‍ ഒടിഞ്ഞുവീണും വൈദ്യുതി തൂണുകളും വീടുകളും തകര്‍ന്നും കാര്‍ഷിക വിളകള്‍ നശിച്ചും ചെറുപുഴ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. തിങ്കളാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ കാറ്റിലും മഴയിലും തിരുമേനി, പ്രാപ്പൊയില്‍, ചൂരപ്പടവ്, ഇടവരമ്പ, കരിയക്കര, മീന്തുള്ളി, വിളക്കുവട്ടം, ചുണ്ട, കോലുവള്ളി, പുളിങ്ങോം,പാലന്തടം തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റും മഴയും വ്യാപക നാശം വിതച്ചത്. വൈദ്യുതി തൂണുകളും ട്രാന്‍സ്ഫോര്‍മറും തകര്‍ന്ന് മിക്കയിടത്തും വൈദ്യുതി ബന്ധവും നിലച്ചു. വേനല്മഴക്കെടുതിയില് ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കെ.എസ്.ഇ.ബിക്ക് മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ കാറ്റില്‍ മരം പൊട്ടിവീണാണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നത്. ചൂരപ്പടവില്‍ ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്ന് റോഡില്‍ വീണതോടെ പ്രദേശമാകെ ഇരുട്ടിലായി. പ്രാപ്പൊയില്‍ ചൂരപ്പടവ് റൂട്ടില്‍ ഗതാഗതവും നിലച്ചു. ചൊവ്വാഴ്ച രാവിലെ മുതല്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ അത്യധ്വാനം ചെയ്താണ് തകര്‍ന്ന തൂണുകളും ട്രാന്‍സ്ഫോര്‍മറും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പെരുന്തടത്ത് നിന്ന് ചൂരപ്പടവ് വഴി പുളിങ്ങോത്തേക്കുള്ള പാതയില്‍ മരം വീണ് നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ മുറിച്ചുനീക്കിയും തകര്‍ന്ന തൂണുകള്‍ മാറ്റിസ്ഥാപിച്ചും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുളള കഠിനശ്രമത്തിലാണ് വൈദ്യുതി ജീവനക്കാര്‍.
തിരക്കേറിയ ചെറുപുഴ പുളിങ്ങോം റൂട്ടിലെ കോലുവളളിയില് മരം പൊട്ടിവീണ് വൈദ്യുതി തൂണ് തകര്‍ന്ന് റോഡിന് കുറുകെ വീണത് തിങ്കളാഴ്ച വൈകീട്ട് ഏറെ നേരം ഈ റൂട്ടില്‍ ഗതാഗതം തടസ്സപ്പെടാന്‍ ഇടയാക്കി. വൈദ്യുതി ജീവനക്കാരും പെരിങ്ങോത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും എത്തി മരം മുറിച്ചുനീക്കി വൈദ്യുതി തൂണ് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കാറ്റിലും മഴയിലും നൂറുകണക്കിന് കര്‍ഷകര്‍ക്കാണ് കൃഷിനാശം ഉണ്ടായത്. വിവിധ പ്രദേശങ്ങളിലായി നിരവധി കര്‍ഷകരുടെ റബര്‍, കവുങ്ങ്, തെങ്ങ്, വാഴ തുടങ്ങി ഒട്ടനേകം വിളകള്‍ കാറ്റില്‍ നശിച്ചു. അവധി ദിനത്തില്‍ അപ്രതീക്ഷിതമായെത്തിയ കാറ്റും മഴയും നിരവധി വീടുകളും തകര്‍ത്തു. പുളിങ്ങോം പാലന്തടം, ഇടവരമ്പ, തിരുമേനി, ചുണ്ട എന്നിവിടങ്ങളിലാണ് കൂടുതല്‍ വീടുകള്‍ക്കും നാശനഷ്ടമുണ്ടായത്. ണ്ട്. ത്തിനും കാമഴയും കാറ്റും കെടുതി വിതച്ച പ്രദേശങ്ങളില്‍ ജനപ്രതിനിധികളും വില്ലേജ് അധികൃതരും കൃഷി ഭവന് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി നഷ്ടം വിലയിരുത്തി വരികയാണ്.
വേനൽ മഴയും ചുഴലിക്കാറ്റും; കേളകത്ത് കനത്ത നാശനഷ്ടം
കേളകം: കനത്ത മഴയോടനുബന്ധിച്ചുണ്ടായ ശക്തമായ കാറ്റിൽ കേളകം മേഖലയിൽ വ്യാപകമായി നാശനഷ്ടം. മരങ്ങൾ പൊട്ടിവീണ് കേളകം വൈദ്യുതി സെക്ഷൻ പരിധിയിൽ ലൈനുകൾ വ്യാപകമായി തകർന്നു. വൈദ്യുതി വിതരണം നിലച്ചതോടെ മലയോരം ഇരുട്ടിലായി. വെണ്ടേക്കുംചാൽ, പൊയ്യ മല, കമ്പിപ്പാലം, പാറത്തോട്, വാളുമുക്ക് പ്രദേശങ്ങളാലാണ് കാറ്റ് നാശം വിതച്ചത്.
പാറത്തോട് വായനശാല കെട്ടിടത്തിന് മീതെ കൂറ്റൻ മരം വീണ നിലയിൽ
പാറത്തോട് വായനശാലയുടെ മുകളിലേക്ക് കൂറ്റൻ മരം വീണ് നാശനഷ്ടം ഉണ്ടായി. കനത്ത കാറ്റിൽ വ്യാപക കൃഷിനാശമുണ്ടായി. വാഴ, കശുമാവ്, റബർ തുടങ്ങി കാർഷിക വിളകൾ വ്യാപകമായി നശിക്കുയും, വൻമരങ്ങൾ ഉൾപ്പെടെ കടപുഴകുകയും ചെയ്തു. കേളകം, വൈദ്യുതി സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലാണ് വേനൽ മഴയും, കാറ്റും ഇടിമിന്നലും വ്യാപക നാശം വിതച്ചത്. കാറ്റിൽ മരങ്ങൾ പൊട്ടിവീണ് മെയിൽ ലൈൻ ഉൾപ്പെടതകരാറിലായതാണ് വൈദുതി മുടക്കത്തിന് കാരണം.
കനത്ത ഇടിമിന്നലിനെ തുടർന്ന് വൈദ്യുതി ഉപകരണങ്ങളും വ്യാപകമായി നശിച്ചു. 10 പോസ്റ്റുകൾ പൊട്ടിവീഴുകയും മൂന്ന് പോസ്റ്റുകൾ ചെരിഞ്ഞും, 12 ഇടങ്ങളിൽ ലൈൻ പൊട്ടിവീണും, 32 ഇടങ്ങളിൽ വൈദ്യുതി ലൈനുകളിൽ മരം വീണുമാണ് വൈദ്യുതി വിതരണം നിലച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തെ തുടർന്ന് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെങ്കിലും, പൂർണമായില്ല . സർവിസ് വയറുകൾ വ്യാപകമായി മരങ്ങൾ വീണ് പൊട്ടിയതായും പൂർണമായി തകരാർ പരിഹരിക്കപ്പെട്ടില്ലന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. കൃഷി നാശത്തിന്റെ കണക്കെടുപ്പ് പൂർണമായാലെ നാശനഷ്ടങ്ങളുടെ പൂർണ വിവരം ലഭ്യമാകുകയുള്ളൂ. മരങ്ങൾ പൊട്ടിവീണ് വീടുകൾക്കും തൊഴുത്തുകൾക്കും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
വേനല്‍ മഴയില്‍ വെള്ളം കയറി
മട്ടന്നൂര്‍: മട്ടന്നൂര്‍ മേഖലയില്‍ ഉണ്ടായ കനത്ത മഴയില്‍ വിവിധ കേന്ദ്രങ്ങളില്‍ വെള്ളം കയറി. മട്ടന്നൂര്‍ കോളജ് റോഡില്‍ മനോഹരന്, ഹരീന്ദ്രന്‍ എന്നിവരുടെ വീടിനകം വെള്ളത്തിലായി. പ്രകാശന്റെ വീട്ടുമുറ്റം പൂര്‍ണമായും വെള്ളം നിറഞ്ഞിരുന്നു. സ്ഥലം നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത്, കൗണ്‍സിലര്‍മാരായ വി.എന്‍. മുഹമ്മദ്, പി.കെ. നിഷ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.കോളജ് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്മാന് അറിയിച്ചു. കല്ലേരിക്കരയിലെ പുഷ്പജന്റെ 100 ലേറെ വാഴ നിലംപതിച്ചു. വിളവെടുപ്പിന് പാകമായ വാഴയാണ് നിലപതിച്ചത്.
മട്ടന്നൂർ കോളേജ് റോഡിൽ വെള്ളം കയറിയപ്പോൾ
ഉളിക്കൽ പഞ്ചായത്തിൽ കാറ്റിൽ വ്യാപക നാശനഷ്ടം
ഇരിട്ടി: കനത്ത കാറ്റിലും പേമാരിയിലും ഉളിക്കൽ പഞ്ചായത്തിലെ അമേരിക്കൻ പാറ, കോട്ടപ്പാറ, മണിപ്പാറ മേഖലകളിൽ കനത്ത നാശനഷ്ടം. രണ്ടു വീടുകൾ പൂർണമായും മൂന്ന് വീടുകൾ ഭാഗികമായും കാറ്റിൽ തകർന്നു. ഏക്കർ കണക്കിന് സ്ഥലത്ത് കൃഷി നാശം ഉണ്ടായി. നൂറു കണക്കിന് റബർ മരങ്ങൾ, കശുമാവ്, തെങ്ങ്, കവുങ്ങ്, നേന്ത്ര വാഴ എന്നിവ കനത്ത കാറ്റിൽ നിലം പൊത്തി.
വീടുകൾ തകരുകയും കൃഷി നാശം ഉണ്ടാകുകയും ചെയ്ത സ്ഥലങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.വി. ഷാജു, വാർഡ് മെംബർ മിനി ഈറ്റശ്ശേരി, കൃഷി ഓഫിസർ ജിംസി മരിയ, അസി. കൃഷി ഓഫിസർ ആൻ മരിയ, നുചിയാട് വില്ലേജ് ഓഫിസർ വിഷ്ണു തുടങ്ങിയവർ സന്ദർശിച്ചു. നാശനഷ്ടം ഉണ്ടായവർക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധികൃതരോട് ആവശ്യപ്പെട്ടു. കൃഷിനാശം ഉണ്ടായവർക്ക് അപേക്ഷകൾ നൽകുന്നതിനായി പ്രത്യേക ക്യാമ്പ് 19ന് ശനിയാഴ്ച രാവിലെ 10 മുതൽ മണിപ്പാറ പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്നുണ്ടെന്നും കർഷകർ ഇത് ഉപയോഗിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
ഉളിക്കലിൽ കാറ്റിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ പഞ്ചായത്ത്, റവന്യൂ അധികൃതർ സന്ദർശിച്ച് കണക്കെടുപ്പ് നടത്തുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.