കുടകിൽ മലയാളിയുടെ മരണം; അന്വേഷണം ഊർജിതമാക്കി ഗോണിക്കുപ്പ പൊലീസ്
text_fieldsപ്രദീപ്
ഇരിട്ടി: കുടകിലെ താമസ സ്ഥലത്തെ കിടപ്പുമുറിയിൽ ബുധനാഴ്ച വൈകീട്ട് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഗോണിക്കുപ്പ പൊലീസ് ഊർജിതമാക്കി. കണ്ണൂര്‍ പുതിയതെരു സ്വദേശിയും തോട്ടം ഉടമയും കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകന്‍ പരേതനായ കൊയിലി ഭാസ്കരന്റെ മകനുമായ പ്രദീപ് (49)ആണ് കാപ്പിത്തോട്ടത്തിനുള്ളിലെ മുറിയില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കഴുത്തില്‍ കയറോ ബെൽറ്റോ പോലുള്ള വസ്തു മുറുക്കിയാണെന്ന് കേസ് അന്വേഷിക്കുന്ന ഗോണിക്കുപ്പ പൊലീസ് അറിയിച്ചു. പ്രദീപിന് കുടകിലെ ശ്രീമംഗല ഷെട്ടിഗിരിയില്‍ 32 ഏക്കര്‍ കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപന നടത്താനുള്ള ശ്രമം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. വര്‍ഷങ്ങളായി വീരാജ്പേട്ട കേന്ദ്രീകരിച്ച് കൃഷിയുമായി കഴിയുകയാണ് പ്രദീപ്. സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലക്ക് പിന്നില്ലെന്ന് പൊലീസിന് സംശയമുണ്ട്.
കൂത്തുപറമ്പ് സ്വദേശിയായ ഒരാളാണ് തോട്ടത്തില്‍ പ്രദീപിന്റെ സഹായിയായി ജോലി ചെയ്യുന്നത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഇയാള്‍ എത്തി പ്രദീപിന്റെ താമസ സ്ഥലത്തെ കോളിങ് ബെല്‍ അമര്‍ത്തി. എന്നാല്‍ പ്രതികരണം ഒന്നും ഉണ്ടായില്ല. വീടിന്റെ താക്കോലുപയോഗിച്ച് പുറത്തുനിന്ന് വാതില്‍ പൂട്ടിയാണ് താക്കോലുമായി കൊലയാളികള്‍ രക്ഷപ്പെട്ടത്.
വീടിന്റെ മറ്റൊരു താക്കോല്‍ സഹായിയുടെ കൈവശമായിരുന്നു. ഇയാള്‍ തിരിച്ചുപോയി വൈകീട്ട് ഈ താക്കോലുമായി തിരിച്ചെത്തി വീട് തുറന്നപ്പോഴാണ് കിടക്ക വിരിയില്‍ കെട്ടിവെച്ച നിലയില്‍ പ്രദീപിന്റെ മൃതദേഹം കാണപ്പെട്ടത്.
മുറിയിലെ സി.സി.ടിവിയില്‍ രാവിലെ 10ന് മൂന്ന് ചെറുപ്പക്കാര്‍ ഇവിടെയെത്തിയതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി കാമറ കേടുപാട് വരുത്തിയിട്ടുണ്ട്. പ്രദീപിന്റെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവനിലേറെ തൂക്കം വരുന്ന സ്വര്‍ണമാല, മൊബൈല്‍ എന്നിവ കാണാതായിട്ടുണ്ട്. ഒരു ബാഗും നഷ്ടപ്പെട്ടു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രി കണ്ണൂരിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 10വരെ കൊയിലി ആശുപത്രി പരിസരത്തും തുടര്‍ന്ന് തെരു മണ്ഡപത്തിനടുത്തുള്ള വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 11.30ന് പയ്യാമ്പലത്ത് സംസ്കാരം. അവിവാഹിതനാണ് പ്രദീപ്. അമ്മ: ശാന്ത. സഹോദരങ്ങള്‍: ഗീത (എം.ഡി, കൊയിലി ആശുപത്രി), പരേതനായ ഡോ. പ്രമോദ് (മുന്‍ എം.ഡി കൊയിലി ആശുപത്രി).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.