ദിനേശ് ബീഡി സഹകരണ സൊസൈറ്റി; നിലപാട് കടുപ്പിച്ച് കോൺഗ്രസ്
text_fieldsകണ്ണൂർ: കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോഓപറേറ്റിവ് സൊസൈറ്റി തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ ദുരൂഹത ആവർത്തിച്ച് കോൺഗ്രസ്. സൊസൈറ്റിയുടെ കണ്ണൂർ മെയിൻ ബ്രാഞ്ചിൽനിന്ന് തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി വെങ്കിടേശ്വര ഫിനാൻസുമായി നടത്തിയ 1.7 കോടിയുടെ ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജും ടി.ഒ.മോഹനൻ എം.എൽ.എയുമാണ് മന്ത്രിയെ സമീപിച്ചത്.
ഈവർഷം ജനുവരി 21നും മാർച്ച് 13നും ഇടയിലാണ് ഇത്രയും തുകയുടെ ഇടപാട് നടന്നതെന്നാണ് പരാതിയിലുള്ളത്. ഈ കമ്പനിയുമായി ദിനേശ് ബീഡി സൊസൈറ്റിക്ക് യാതൊരു വ്യാപാരബന്ധവുമില്ല. ഇടപാടിന്റെ സ്വഭാവവും ഉദ്ദേശ്യവും സ്ഥാപനത്തിന്റെ അക്കൗണ്ടുകളിലോ രേഖകളിലോ ഇല്ലെന്നും പരാതിയിൽ ആരോപിക്കുന്നു.
ജീവനക്കാരുടെ എതിർപ്പുകളെ മറികടന്ന് ചെയർമാനും ചില ഭരണസമിതി അംഗങ്ങളും ചേർന്നാണ് ഇടപാടുകൾ നടത്തിയതെന്നും പരാതിയിൽ ഉന്നയിച്ചു. സർക്കാറിന്റെയോ സഹകരണ വകുപ്പിന്റെയോ മുൻകൂർ അനുമതിയില്ലാതെ മറ്റു സഹകരണ സ്ഥാപനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചതായും പരാതിയിലുണ്ട്.
തൊഴിലാളികളുടെ ക്ഷേമവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കേണ്ട സ്ഥാപനം നിലവിലുള്ള ഭരണസമിതിയുടെയും ചെയർമാന്റെയും കെടുകാര്യസ്ഥത മൂലം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്ഥാപനത്തിന്റെ പണം ഇരട്ടിപ്പിക്കുന്നതിനും അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനുമായി ചെയർമാനും ചില ഭരണസമിതി അംഗങ്ങളും ശ്രമിച്ചതെന്നും പരാതിയിൽ കുറ്റപ്പെടുത്തി. സ്വകാര്യ പണമിടപാട് സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും ഇത്രയും വലിയ തുക എങ്ങനെ തിരിച്ചുകിട്ടുമെന്നത് സംബന്ധിച്ച് ഒരു രേഖയുമില്ലെന്നും ഇരുവരും പരാതിയിൽ ആവശ്യപ്പെട്ടു.
സ്വകാര്യ കമ്പനിയിൽനിന്ന് പണം വാങ്ങുന്നതിന് തടസ്സമില്ല -ചെയർമാൻ
കണ്ണൂർ: സ്വകാര്യ ഏജൻസികളിൽ നിന്ന് പണം വാങ്ങരുതെന്നോ വാങ്ങാമെന്നോ സഹകരണ നിയമത്തിലില്ലെന്ന് കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോഓപറേറ്റിവ് സൊസൈറ്റി ചെയർമാൻ എം.കെ. ദിനേശ് ബാബു. സഹകരണ നിയമം നോക്കി എപ്പോഴും പ്രവർത്തിക്കാൻ കഴിയില്ലെന്നും കേരളത്തിൽ എവിടെ നിന്നും ലഭിക്കാതായപ്പോഴാണ് പുറത്തെ സ്ഥാപനങ്ങളെ സമീപിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിരമിച്ച തൊഴിലാളികൾക്ക് മുഴുവൻ ഗ്രാറ്റിവിറ്റി നൽകാൻ കഴിഞ്ഞിട്ടില്ലെന്നത് ശരിയാണ്. അത് നൽകണമെന്ന ഉദ്ദേശ്യത്തിൽ പണം ലഭിക്കാൻ പല സഹകരണ ബാങ്കുകളെയും സമീപിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് സ്വകാര്യ പണമിടപാടുകാരിൽ നിന്നും പണം വാങ്ങാൻ തീരുമാനിച്ചത്. കുറഞ്ഞ പലിശ നിരക്കിൽ തരാമെന്ന് പറഞ്ഞവരെ സമീപിച്ചു. അങ്ങനെയാണ് ചെന്നൈയിലെ സ്ഥാപനത്തെ സമീപിച്ചത്. ഡി.ഡി രജിസ്റ്റർ ചെയ്യാനുള്ള പണമാണ് ഘട്ടം ഘട്ടമായി നൽകിയത്. പുറത്തു നിന്നും ഫണ്ട് വാങ്ങിക്കാമെന്ന് ബൈലോയിലുണ്ട്. പണം നൽകിയത് ഡി.ഡി രജിസ്റ്റർ ചെയ്തതിന് ശേഷമാണെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

