തെരുവുവാസത്തിന് വിട; ദ്വരയും കുടുംബവും നാടിന്റെ സ്നേഹത്തണലിലേക്ക്
text_fieldsനഗരസഭ ചെയർപേഴ്സൺ സരിൻ ശശി ദ്വരയും പഞ്ചമിയുമായും സംസാരിക്കുന്നു
പയ്യന്നൂർ: പുതിയ ബസ് സ്റ്റാൻഡിനു സമീപം 12 വർഷമായി കഴിയുകയായിരുന്ന ദ്വരയും പഞ്ചമിയും ആറു മക്കളുമടങ്ങുന്ന കുടുംബം ഇനി നാടിന്റെ സ്നേഹത്തണലിലേക്ക്. മഴയിലും വെയിലിലും ബസ് സ്റ്റാൻഡിലെ കടവരാന്തകളിലും നിർമാണം നടക്കുന്ന കെട്ടിടങ്ങളിലുമായിരുന്നു ഇവരുടെ ജീവിതം. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ അഡ്വ. സരിൻ ശശി ഉൾപ്പെടെയുള്ളവരുടെ ഇടപെടലിലാണ് ഇവർക്ക് താൽക്കാലിക വീടൊരുങ്ങിയത്. ചൊവ്വാഴ്ചയാണ് ഗൃഹപ്രവേശം.
ഒറ്റപ്പാലം സ്വദേശികളായ ഈ കുടുംബത്തിന്റെ ജീവിതം ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. ആറു മക്കളിൽ ഒരാൾ സഹോദരിയുടെ മകളാണ്. സഹോദരി മരിച്ചതിനെ തുടർന്ന് ആ കുഞ്ഞിനെയും സ്വന്തം മകളെപ്പോലെ ചേർത്തുപിടിച്ചാണ് ദ്വരയും പഞ്ചമിയും വളർത്തുന്നത്. ജീവിതം പ്രയാസപ്പെട്ടതാണെങ്കിലും മക്കളുടെ പഠനം മുടക്കിയിട്ടില്ല. രണ്ട് കുട്ടികൾ തലശ്ശേരിയിൽ താമസിച്ച് പഠിക്കുന്നു. രണ്ട് പേർ പുഞ്ചക്കാട് സെന്റ് മേരീസ് സ്കൂളിലും ഇളയ രണ്ട് കുട്ടികൾ തായത്തുവയൽ അംഗൻവാടിയിലും പഠിക്കുന്നു.
മൂത്ത മകളുടെ സ്വപ്നം പൊലീസുകാരിയാകണമെന്നാണ്. മക്കളെ പഠിപ്പിച്ച് അവർക്ക് നല്ലൊരു ജീവിതം നൽകണമെന്ന സ്വപ്നവുമായി ജീവിതത്തോട് പോരാടുകയാണ് ഈ കുടുംബം. പയ്യന്നൂരിലെ തെരുവുകളിൽ ആക്രി പെറുക്കി കിട്ടുന്ന വരുമാനത്തിലാണ് ഇവരുടെ അന്നന്നത്തെ ജീവിതം. മഴയും വെയിലും കൊള്ളാതെ മക്കളെ ചേർത്തുപിടിച്ച് ജീവിക്കാൻ ഒരു ഇടം; ഇതാണ് ഇപ്പോൾ യാഥാർഥ്യമാവുന്നത്. ഇവരുടെ റേഷൻ കാർഡ് മുൻഗണനയിലല്ല. പ്രശ്നത്തിലും ഇടപെട്ടതായി ചെയർപേഴ്സൻ പറഞ്ഞു.
ഇപ്പോൾ, സുഹൃത്തുക്കളുടെ സഹകരണത്തോടെയും ക്ലാപ് കൗൺസിലിങ് ക്ലിനിക്കിന്റെയും പെരുമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും സഹായത്തോടെയാണ് അമ്പലത്തറയിൽ ഇവർക്കായി ഒരു താൽക്കാലിക വീട് ഒരുക്കിയത്. കഴിഞ്ഞ ഒരു മാസമായി കുടുംബത്തിന് കൗൺസലിങ്ങും നൽകിവരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് ഈ കുടുംബം തെരുവിലെ താമസത്തോട് വിട പറയുന്നത്. തുറക്കുന്നത് വീട് മാത്രമല്ല, ആറ് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള വാതിൽ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

