മലയോര റോഡുകൾ ഹൈടെക്കായി ദീർഘദൂര ബസ് സർവിസിൽ വർധന
text_fieldsവള്ളിത്തോട് -ചെറുപുഴ മലയോര ഹൈവേ റോഡ്
ഇരിട്ടി: മലയോര റോഡുകൾ ഹൈടെക് ആയതോടെ സ്വകാര്യ ടൂറിസ്റ്റ് ദീർഘദൂര ബസ് സർവിസുകൾ വർധിച്ചു. ദേശീയ പാത 66ന്റെ വികസന സാധ്യത മുന്നിൽ കണ്ടും നിലവിൽ ദേശീയ പാതയിൽ പൂർത്തീകരിച്ച റീച്ചുകളുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയുമാണ് കോട്ടയം, തിരുവനന്തപുരം, ഗുരുവായൂർ, എറണാകുളം അടക്കമുള്ള നഗരങ്ങളിലേക്ക് ഇരിട്ടി താലൂക്കിന്റെ കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച് സ്വകാര്യ ടൂറിസ്റ്റ് ബസുകൾ കൂടുതലായി എത്തുന്നത്. എട്ട് വർഷം മുമ്പ് എറണാകുളം-ഇരിട്ടി റൂട്ടിൽ രണ്ട് യു.എഫ്.ഒ സ്ലീപ്പർ ബസുകളാണ് സർവിസ് നടത്തിയത്.
നിലവിൽ ഈ റൂട്ടിൽ അരഡസനിലധികം പുത്തൻ സർവിസുകളായി. പൊൻകുന്നം, പാലാ, കോട്ടയം തുടങ്ങിയ നഗരങ്ങളിലേക്ക് നേരത്തേ മുതൽ കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ് സർവിസുകളും ഇരിട്ടി വഴിയുണ്ട്. ഈ ഡിസംബറിൽ ദേശീയ പാതാ വികസനം പൂർണമാവുന്നതോടെ സ്ലീപ്പർ ബിസിനസ് ക്ലാസ് സ്വകാര്യ ടൂറിസ്റ്റ് ബസ് സംരംഭകർ മലയോരത്ത് നിന്നും തിരുവനന്തപുരം, കോട്ടയം, ചങ്ങനാശ്ശേരി, കൊല്ലം, ആലപ്പുഴ മേഖലകളിലേക്ക് ഉൾപ്പെടെ സർവിസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ്.
മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയാണ് ഇരിട്ടി വഴിയുള്ള ദീർഘദൂര സർവിസുകൾ കൂടുതലായി ആരംഭിച്ചത്. നിലമ്പൂർ, താമരശ്ശേരി, പുൽപ്പള്ളി, സുൽത്താൻ ബത്തേരി, ബളാൽ, കാഞ്ഞങ്ങാട്, ചിറ്റാരിക്കാൽ, കാസർകോട്, കൊല്ലൂർ തുടങ്ങിയ സർവിസുകളിൽ വൻ തിരക്കാണ്.
മലയോര ഹൈവേയും ദേശീയ പാതയും മിന്നും പാതകളായി മാറുന്നതിന്റെ അതിവേഗ യാത്രാ സൂചനകൾ നൽകുന്ന തരത്തിലാണ് സ്വകാര്യ ടൂറിസ്റ്റ് ബസ് സംരംഭങ്ങളുടെ വർധന. ഇതിനൊപ്പം രണ്ട് പാതകൾ വഴി കൂടുതൽ ദീർഘദൂര അതിവേഗ ബസുകൾ ഇറക്കി യാത്രക്കാരെ ഉൾക്കൊള്ളാൻ കെ.എസ്.ആർ.ടി.സിയും വ്യത്യസ്ത റൂട്ടുകൾ വഴി പുതിയ സർവിസ് തുടങ്ങുകയാണ്. സുൽത്താൻ ബത്തേരിയിൽ നിന്നും ഇരിട്ടി, കണ്ണൂർ, പയ്യന്നൂർ വഴി ഈയിടെ ആരംഭിച്ച കൊല്ലൂർ കെ.എസ്.ആർ.ടി.സി സർവിസ് ദേശീയ പാതയുടെയും മലയോര ഹൈവേയുടെയും നവീന മേന്മ ഉപയോഗപ്പെടുത്തുന്ന ദീർഘ ദൂര സർവിസാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.