വെമ്പുഴയിൽ തടയണയുടെ പാർശ്വഭിത്തി തകർന്നിട്ട് വർഷങ്ങൾ
text_fieldsഎടൂർ വെമ്പുഴ പുഴയിലെ പാർശ്വഭിത്തി തകർന്ന തടയണ
ഇരിട്ടി: എടൂർ വെമ്പുഴ പുഴയിൽ നിർമിച്ച തടയണയുടെ പാർശ്വഭിത്തി ഇരുവശത്തും തകർന്നിട്ടു വർഷങ്ങളായി. അറ്റകുറ്റപ്പണി നടത്താൻ പോലും അധികൃതർ തയാറാകാത്തതിനെ തുടർന്ന് പ്രദേശത്തെ കൃഷിയിടങ്ങൾ പുഴയായി നശിക്കുന്നു. കരയിടിച്ചിൽ മൂലം രണ്ടു വീടുകളും ഭീഷണിയിലായി.
പാർശ്വഭിത്തി തകർന്നതിനാൽ പുഴ കൃഷിയിടങ്ങളിലൂടെ ഒഴുകുകയാണ്. ഇടവലത്ത് ഉണ്ണി, കൃഷ്ണൻ എന്നിവരുടെ വീടുകളാണ് അപകടഭീഷണിയിലായത്. തോണക്കര ടി.പി. ജോർജിന്റെ മകൾ സീന മാത്യുവിന്റെ പേരിലുള്ള 45 സെന്റ് സ്ഥലം, മകൻ അനീഷിന്റെ പേരിലുള്ള 40 സെൻറ് സ്ഥലം, മണപ്പാൻതോട് ജോർജിന്റെ 65 സെന്റ് സ്ഥലം എന്നിവ ചളിയും പ്രളയാവശിഷ്ടങ്ങളും നിറഞ്ഞ് ഉപയോഗശൂന്യമായി. തോണക്കര ജോർജിന്റെ 110 റബർ മരങ്ങൾ ടാപ് ചെയ്യാനാകുന്നില്ല.
മലവെള്ളപ്പാച്ചിലിൽ മിക്ക മരങ്ങളുടെയും വേരുകൾ പുറത്തായ നിലയിലാണ്. ആറു വർഷം മുമ്പ് മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ പദ്ധതി പ്രകാരം 25 ലക്ഷം ചെലവിലാണ് ബ്ലോക്ക് പഞ്ചായത്ത് മുഖേന തടയണ നിർമിച്ചത്. ഇപ്പോൾ തടയണ പദ്ധതിക്ക് നാഥനില്ലാത്ത അവസ്ഥയാണ്. പരാതി ആരോടു പറയണമെന്ന് കർഷകർക്കും അറിയില്ല.
നിർമാണം നടത്തിയതല്ലാതെ ബന്ധപ്പെട്ടവർ ഒരു അറ്റകുറ്റപ്പണിയും നടത്തിയില്ല. രണ്ട് വർഷം കഴിയും മുമ്പേ ഇരുകരകളിലും കരിങ്കല്ലുകൊണ്ട് കെട്ടിയ പാർശ്വഭിത്തി ഇടിഞ്ഞു. പിന്നീട് കൃഷിഭൂമിയിലൂടെയായി പുഴയുടെ ഒഴുക്ക്. തടയണയുടെ മരപ്പലകകൾ മൂന്നു വർഷം മുമ്പത്തെ കാലവർഷത്തിൽ ഒഴുകിപ്പോയതോടെ വേനൽക്കാലത്ത് വെള്ളം തടഞ്ഞുനിർത്താനുള്ള സാഹചര്യവും നഷ്ടപ്പെട്ടു.
തടയണയുടെ ഷട്ടറിന്റെ തൂണുകൾ തമ്മിൽ അകലം തീരെ കുറവായതിനാൽ പുഴയുടെ ഒഴുക്കിന് ആനുപാതികമായി വെള്ളം ഒഴുകിപ്പോകില്ല. കല്ലും മണ്ണും അടിഞ്ഞു തടയണയുടെ മുകൾ വശം പുഴയുടെ ആഴവും കുറഞ്ഞതിനാൽ ചെറിയ മഴക്കുപോലും കൃഷിയിടങ്ങളിലേക്കു കരകവിഞ്ഞു തടാകതുല്യമായ സാഹചര്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.