എടക്കാനം മഞ്ഞക്കാഞ്ഞിരം നഗർ; ഒമ്പത് ആദിവാസി കുടുംബങ്ങൾക്ക് സ്വന്തം ഭൂമി
text_fieldsഎടക്കാനം മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിലെ കുടുംബങ്ങൾക്ക് ലീഗൽ സർവിസ് അതോറിറ്റിയുടെ ശ്രമഫലമായി അനുവദിച്ച പട്ടയങ്ങൾ ജില്ല ജഡ്ജി ഉൾപ്പെടെയുള്ള ലീഗൽ സർവിസ് സൊസൈറ്റി അധികൃതർ ചേർന്ന് വിതരണം ചെയ്യുന്നു
ഇരിട്ടി: എടക്കാനം മഞ്ഞക്കാഞ്ഞിരം നഗറിലെ ഒമ്പത് ആദിവാസി കുടുംബങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയമായി.
വർഷങ്ങളായി വീട് വെച്ച് കഴിയുന്ന കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയിൽ ഒരവകാശവും ഇല്ലാതെ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ആദിവാസി കുടുംബങ്ങൾക്ക് ഒപ്പം ജില്ല കലക്ടറും ജില്ല ജഡ്ജിയും ഉൾപ്പെടെയുള്ളവർ ഭക്ഷണം കഴിച്ച് നിങ്ങൾക്കൊപ്പം എന്നും ഞങ്ങളുണ്ടെന്ന സന്ദേശം പകർന്ന് ഒമ്പത് കുടുംബങ്ങൾക്ക് പട്ടയം നൽകി.
എടക്കാനം-പഴശ്ശി ഡാം റോഡരികിൽ വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ഊരുമൂപ്പന്റെ പേരിൽ ദാനം കിട്ടിയ 50 സെന്റ് ഭൂമിയിൽ താമസിച്ചുവന്നിരുന്ന കുടുംബങ്ങളിൽപ്പെട്ട സരസ്വതി, നാരായണി, ചെമ്പി, രോഹിണി, സുരോജിനി, പുഷ്പ, നാരായണൻ, ശാരദ, സിന്ധു എന്നിവരുടെ കൈവശ ഭൂമിക്കാണ് പട്ടയം വിതരണം ചെയ്തത്.
നഗറിലെ അവകാശികളിൽ രണ്ടുപേർ മരണപ്പെടുകയും ഒരാൾ ചാവശ്ശേരി പറമ്പിലേക്ക് താമസം മാറുകയും ചെയ്തതിനെ തുടർന്നാണ് നിലവിൽ താമസക്കാരായ ഒമ്പത് കുടുംബങ്ങൾക്ക് മൂന്ന് സെന്റ് വീതമുള്ള സ്ഥലത്തിന്റെ പട്ടയം അനുവദിച്ചത്. ലീഗൽ സർവിസ് അതോറിറ്റി ജില്ല ചെയർമാനും ജില്ല ജഡ്ജുമായ കെ.ടി. നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
നിയമപരമായി സാമ്പത്തികമായും, സാമൂഹികമായും ആദിവാസി കുടുംബങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ നേടിയെടുക്കാൻ സുപ്രീം കോടതി മുതൽ കീഴ് കോടതി വരെ നിയമ സംവിധാനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ജഡ്ജി നിസാർ അഹമ്മദ് പറഞ്ഞു. സംസ്ഥാന ലീഗർ സർവിസ് അതോറിറ്റി സെക്രട്ടറി സി.എസ്. മോഹിത് പട്ടയം വിതരണം ചെയ്തു.
ഇരിട്ടി നഗരസഭചെയർപേഴ്സൻ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ അരുൺ കെ. വിജയൻ മുഖ്യ പ്രഭാഷണം നടത്തി.
ഇരിട്ടി ഡിവൈ.എസ്.പി ധനഞ്ജയബാബു, ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ, ഐ.ടി.ഡി.പി പ്രജക്ട് ഓഫിസർ വിനോദ്, ഇരിട്ടി നഗരസഭാ വാർഡ് കൗൺസിലർ കെ. മുരളീധരൻ, പായം വില്ലേജ് ഓഫിസർ ആർ.പി. പ്രമോദ്, ട്രൈബൽ ഓഫിസർ പ്രദീപ് എന്നിവർ സംസാരിച്ചു.
രണ്ട് വർഷം മുമ്പ് ലീഗൽ സർവിസ് അതോറിറ്റി ജില്ല സെക്രട്ടറിയും ജഡ്ജുമായ വിൻസി ആൻ പീറ്ററിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലീഗൽ സർവിസ് അതോറിറ്റി സംഘം ആദിവാസി നഗർ സന്ദർശനമാണ് ആദിവാസി കുടുംബങ്ങളുടെ രക്ഷക്കെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.