പടിയൂർ ആര് വാഴും ഇവിടെ
text_fieldsഷീബ വർഗീസ്,ബോബി എണ്ണച്ചേരിയിൽ
ഇരിട്ടി: പടിയൂർ ഡിവിഷനിൽ കേരള കോൺഗ്രസുകാരുടെ നേർക്കുനേർ പോരാട്ടമാണ്. വിജയത്തിൽക്കുറഞ്ഞൊന്നും ഇരു കൂട്ടരും പ്രതീക്ഷിക്കുന്നില്ല. വലിയ പ്രതീക്ഷയാണ് ഇരുമുന്നണികളും പുലർത്തുന്നത്. പൊരുതി ശക്തി തെളിയിക്കാനാണ് ബി.ജെ.പിയുടെ മത്സരം.
കരിക്കോട്ടക്കരി ബ്ലോക്ക് ഡിവിഷനും എടൂർ ബ്ലോക്ക് ഡിവിഷനും പടിയൂർ, കല്യാട് ബ്ലോക്ക് ഡിവിഷനുകളും ഉൾപ്പെടുന്നതാണ് ജില്ല പഞ്ചായത്ത് പടിയൂർ ഡിവിഷൻ. കരിക്കോട്ടക്കരിയും എടുരും യു.ഡി.എഫിന് മുൻതൂക്കം നൽകുമ്പോൾ പടിയൂരും കല്യാടും എൽ.ഡി.എഫിന് ശക്തിയുള്ള പ്രദേശങ്ങളാണ്. കേരള കോൺഗ്രസിന് വേണ്ടി ഷീബ വർഗീസ് തെക്കേടത്തും കേരള കോൺഗ്രസ്-എമ്മിനുവേണ്ടി ബോബി എണ്ണച്ചേരിയിലും ബി.ജെ.പിക്ക് വേണ്ടി നിത ഷാജിയുമാണ് മത്സരരംഗത്തുള്ളത്.
പൊളിറ്റിക്സ് ബിരുദധാരിയായ ബോബി എണ്ണച്ചേരിയിൽ മികച്ച കർഷക കൂടിയാണ്. തലശ്ശേരി രൂപത മാത്യവേദിയുടെ മികച്ച കർഷക അവാർഡ്, പായം പഞ്ചായത്ത് വനിത കർഷക അവാർഡ്, കെ.സി.ബി.സി വനിത കർഷക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ടി.എസ്.എസ് ട്രസ്റ്റ് സെക്രട്ടറിയായി നാലുവർഷം പ്രവർത്തിച്ചു. മഹിള മാതൃവേദി വൈസ് പ്രസിഡന്റായിരുന്നു.
കേരള കോൺഗ്രസ് വനിത വിങ് ജില്ല സെക്രട്ടറിയായ ഷീബ വർഗീസ് തെക്കേടത്ത് ചെമ്പേരിയിലാണ് സ്ഥിര താമസം. ഇരിട്ടി മഹാത്മ കോളജിൽ ഡിഗ്രി പഠനം പൂർത്തിയാക്കി. തലശ്ശേരി അതിരൂപത മാത്യവേദി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. കാത്തലിക് കോൺഗ്രസ് രൂപത സെക്രട്ടറി, ചെമ്പേരി മേഖല മാതൃവേദി പ്രസിഡന്റ്, ജീവകാരുണ്യ പ്രവർത്തക തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു. പായം സ്വദേശിയായ നിത ഷാജി മഹിളാ മോർച്ച മണ്ഡലം ജന. സെക്രട്ടറിയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മാടത്തിൽ ഡിവിഷനിൽനിന്ന് ജനവിധി തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

