ആറളം ഫാം ഗവ. ഹയർ സെക്കൻഡറിയിൽ രണ്ട് തസ്തികകൾ ഇല്ലാതാകുന്നു
text_fieldsകേളകം: ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കുട്ടിയുടെ കുറവിൽ രണ്ട് തസ്തികകൾ ഇല്ലാതാകുന്നു. ഒന്നു മുതൽ പത്താം ക്ലാസ് വരെ 100 ശതമാനം പട്ടികവർഗ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിനാണ് ഈ ദുർവിധി. കായിക അധ്യാപക തസ്തിക ഉൾപ്പെടെ രണ്ട് തസ്തികയാണ് ഇല്ലാതായത്.
ഹയർസെക്കൻഡറി വിഭാഗത്തിൽ 70 ശതമാനം വിദ്യാർഥികളും പട്ടികവർഗ വിഭാഗത്തിൽപെട്ടവരാണ്. കായിക അധ്യാപകന്റെ തസ്തിക നഷ്ടപ്പെട്ടാൽ സ്കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. കായിക പരിശീലനം ഉള്ളതുകൊണ്ടാണ് ഈ മേഖലയിലെ വിദ്യാർഥികളിൽ 50 ശതമാനത്തിലേറെയും സ്കൂളിലെത്തുന്നത്.
പ്രത്യേക പരിഗണന നൽകി ആറളം ഫാം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കായിക അധ്യാപക തസ്തിക നിലനിർത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എട്ട്, ഒമ്പത് ക്ലാസുകളിൽ അഞ്ച് ഡിവിഷനുകളാണ് കായിക അധ്യാപകർക്കു വേണ്ടത്. ഇതിൽ ഒരു കുട്ടിയുടെ കുറവ് വന്നതോടെയാണ് ഡിവിഷൻതന്നെ ഇല്ലാതാകുന്നത്. ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ 503 പട്ടികവർഗ വിദ്യാർഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 200 കുട്ടികളിൽ 70 ശതമാനം പേരും ഈ വിഭാഗത്തിൽപെട്ടവരാണ്.
എട്ട്, ഒമ്പത് ക്ലാസുകളിൽ കായിക പരിശീലനത്തിന് പാഠപുസ്തകം നിലവിലുണ്ട്. കായികാധ്യാപക തസ്തിക ഇല്ലാതാകുന്നതോടെ ഈ പാഠപുസ്തകം ആര് കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. കൂടാതെ, ഡിവിഷൻ നഷ്ടപ്പെട്ടതോടെ ഫിസിക്കൽ സയൻസ് അധ്യാപികയും മറ്റൊരു സ്കൂളിലേക്ക് പോവുകയാണെങ്കിൽ അത് മറ്റൊരു പ്രതിസന്ധിയാകും.
കായിക ഇനങ്ങളിൽ കഴിവുതെളിയിച്ച, ദേശീയതലത്തിൽവരെ വിവിധ കായികയിനങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ പരിശീലനം ലഭിച്ചാൽ രാജ്യത്തിനുതന്നെ മുതൽക്കൂട്ടാകുന്ന കായിക പ്രതിഭകളുള്ള സ്കൂളിൽ കായിക അധ്യാപകന്റെ തസ്തിക ഇല്ലാതാകുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും കായിക തസ്തിക നിലനിർത്തി വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നുമാണ് രക്ഷിതാക്കളുടെയും പി.ടി.എയുടെയും ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.