പ്രൈവറ്റ് വിദ്യാർഥികളോട് മുഖംതിരിച്ച് കണ്ണൂർ സർവകലാശാല
text_fieldsകണ്ണൂർ: അധ്യയനവർഷം പിന്നിട്ടിട്ടും കണ്ണൂർ സർവകലാശാലക്കു കീഴിലെ പ്രൈവറ്റ് ബിരുദ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷ ഇതുവരെ നടന്നില്ല. റെഗുലർ മേഖലയിലെ വിദ്യാർഥികളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഫലവും പ്രഖ്യാപിച്ചിട്ടും അതേ സർവകലാശാലയിലാണ് ഈയൊരു സ്ഥിതി. പ്രൈവറ്റായി പഠിക്കുന്ന 1500 വിദ്യാർഥികളോടാണ് സർവകലാശാല മുഖംതിരിഞ്ഞു നിൽക്കുന്നത്.
കെ-റീപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ല എന്ന ന്യായമാണ് പരീക്ഷ നടത്താതിരിക്കാൻ കാരണമായി അധികൃതർ പറയുന്നത്. രണ്ടുമാസം മുമ്പ് വിദ്യാർഥികൾ സർവകലാശാലയെ സമീപിച്ചപ്പോൾ നടപടികൾ ആരംഭിച്ചു എന്നാണ് അറിയിച്ചിരുന്നത്.
ഒന്നാം സെമസ്റ്റർ പരീക്ഷ കഴിയാത്തത് കൊണ്ട് രണ്ടാം സെമസ്റ്ററിന്റെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് അധ്യാപകർക്കുള്ളത്. ജൂണിൽ രണ്ടാം വർഷ ക്ലാസ് തുടങ്ങുമ്പോൾ ഒന്നാം സെമസ്റ്റർ പരീക്ഷ പോലും കഴിയാതെ രണ്ടും മൂന്നും സെമസ്റ്റർ എങ്ങനെ പഠിക്കും എന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്. രജിസ്ട്രേഷൻ ഫീസും പരീക്ഷാ ഫീസും ഉൾപ്പെടെ ഒരു വിദ്യാർഥി 16000ൽ അധികം രൂപ സർവകലാശാലയിൽ അടക്കുന്നുണ്ട്. വിദ്യാർഥികൾക്ക് വേണ്ട കോൺടാക്ട് ക്ലാസോ പഠനസാമഗ്രികളോ ഒന്നും നൽകുന്നുമില്ല.
ഓരോ സെമസ്റ്റർ പരീക്ഷ കഴിയുമ്പോഴും ഫലപ്രഖ്യാപനം അനന്തമായി നീളുന്നതും വിദ്യാർഥികളുടെ തുടർ പഠനത്തിന് ഭീഷണിയാകുന്നുണ്ട്. ഒരു കാലത്ത് 35000 പരം വിദ്യാർഥികൾ പ്രൈവറ്റായി പഠിച്ചിരുന്ന കണ്ണൂർ സർവകലാശാലയിൽ ഇപ്പോൾ കേവലം 1500ൽ താഴെ മാത്രമാണ് വിദ്യാർഥികളുള്ളത്.
‘സർവകലാശാലക്കെതിരെ പ്രക്ഷോഭം നടത്തും’
പ്രൈവറ്റ് വിദ്യാർഥികളോട് കണ്ണൂർ സർവകലാശാല തുടരുന്ന വിവേചന നയത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുമെന്ന് പാരലൽ കോളജ് അസോസിയേഷൻ. റെഗുലർ മേഖലയിലെ വിദ്യാർഥികളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചിട്ടും പ്രൈവറ്റ് വിദ്യാർഥികൾക്ക് സമയബന്ധിതമായി പരീക്ഷകൾ നടത്താത്തത് ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് ഇവർ പറഞ്ഞു.
കെ-റീപ് പോലുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് പരീക്ഷ വൈകുന്നത്. സർവകലാശാലയുടെ വീഴ്ച കാരണം ഒന്നുമറിയാത്ത കുട്ടികളുടെ ഭാവിയാണ് അവതാളത്തിലാകുന്നതെന്നും ഇവർ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. പാരലൽ കോളേജ് അസോസിയേഷൻ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ, രക്ഷാധികാരി സി. അനിൽകുമാർ, വൈസ് പ്രസിഡന്റ് എൻ.വി പ്രസാദ്, പി.എസ് അനന്തനാരായണൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.