മാലിന്യ സംസ്കരണത്തിന് കണ്ണൂരിന്റെ ‘തുമ്പൂര്‍മുഴി’
text_fieldsകണ്ണൂർ: ജൈവ മാലിന്യങ്ങളും ജന്തുജന്യ മാലിന്യങ്ങളും പ്രായോഗിക രീതിയില്‍ സംസ്കരിക്കാന്‍ ജില്ലയില്‍ നടപ്പാക്കിയ തുമ്പൂര്‍മുഴി കമ്പോസ്റ്റിങ് സംവിധാനം മാലിന്യ സംസ്കരണത്തിന് പുതിയമുഖം നല്കുന്നു. 70 ശതമാനം സ്വച്ഛ് ഭാരത് മിഷന്റെയും 30 ശതമാനം പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ശുചിത്വമിഷന്റെ കീഴിലാണ് പദ്ധതി നടപ്പാക്കിയത്.
ജില്ലയില്‍ 59 ഇടങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. ഇതില്‍ ജില്ലയിലെ 27 പഞ്ചായത്തുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭ, ഒരു കോര്പറേഷന് എന്നിങ്ങനെ 36 ഇടങ്ങളില്‍ നിലവില്‍ തുമ്പൂര്‍മുഴി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കിയത് ആന്തൂര്‍ നഗരസഭയിലാണ്. ഹരിതകര്‍മ സേനയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതിലൂടെ ശേഖരിക്കുന്ന വളം വില്പന നടത്തുന്നുമുണ്ട്.
കടന്നപ്പള്ളി-പാണപ്പുഴ, കുറുമാത്തൂര്‍, ചെങ്ങളായി, പരിയാരം, എരഞ്ഞോളി, ചെറുകുന്ന്, ചൊക്ലി, കതിരൂര്‍, തൃപ്രങ്ങോട്ടൂര്‍, കുന്നോത്തു പറമ്പ്, കോട്ടയം, കരിവെള്ളൂര്‍ - പെരളം, കുഞ്ഞിമംഗലം, കാങ്കോല്‍ - ആലപ്പടമ്പ, പെരിങ്ങോം-വയക്കര, എരമം-കുറ്റൂര്‍, മാലൂര്‍, കോളയാട്, കേളകം, തില്ലങ്കേരി, ആറളം, അയ്യന്‍കുന്ന്, ചിറക്കല്‍, മയ്യില്‍, ഏരുവേശ്ശി, കുറ്റിയാട്ടൂര്‍, കടമ്പൂര് എന്നീ ഗ്രാമ പഞ്ചായത്തുകളിലും പയ്യന്നൂര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ആന്തൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, തളിപ്പറമ്പ നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലുമാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
വളരെ ചെലവുകുറഞ്ഞതും പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായ കമ്പോസ്റ്റിങ് രീതി എന്ന നിലയിലും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ രീതി എന്ന നിലയിലും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണിത്.
ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക മേഖലയിലെ ഏറ്റവും ഉപയുക്തമായ നാല് മാലിന്യ സംസ്കരണ മാര്‍ഗങ്ങളില്‍ ഒന്നായി യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം കാലാവസ്ഥ നിയന്ത്രണ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത് തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റിങ് സാങ്കേതിക വിദ്യയാണ്.
പ്രവര്‍ത്തന രീതി
ഫെറോ സിമെന്റ് പാളികള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന നാലടി വീതം വലുപ്പമുള്ള ഒരു ടാങ്ക് ആണ് തുമ്പൂര്‍ മുഴി. കമ്പോസ്റ്റിങ് യൂനിറ്റിലെ ഒരു ബിന്‍ മാലിന്യത്തിന്റെ ഉള്ളിലേക്ക് വായു സഞ്ചാരം സുഗമമാകുന്നതിന് നാലു വശങ്ങളിലും ഇടവിട്ട് അഞ്ച് സെന്റീമീറ്റര്‍ അകലത്തില്‍ വിടവുകള്‍ നല്‍കിയിട്ടുണ്ട്. ടാങ്കിന്റെ അടിയില്‍ ഫെറോ സിമന്റ് /കോണ്‍ക്രീറ്റ് ആണ്. ഇതിനായി മഴവെള്ളം വീഴാത്ത മേല്‍ക്കൂര വേണം.
എലിശല്യം ഒഴിവാക്കാന്‍ ബിന്നിനുള്ളില്‍ വല ഘടിപ്പിക്കും. ആദ്യമായി ആറ് ഇഞ്ച് കനത്തില്‍ കമ്പോസ്റ്റിങ് ഇനോക്കുലം നിറക്കണം. ചാണകം, കരിയില സ്ലറി എന്നിവയും ഉപയോഗിക്കാം. ഇതിലെ സൂക്ഷ്മ ജീവികള്‍ ആണ് കമ്പോസ്റ്റിങ് നടത്തുന്നത്. ഇതിനു മുകളില്‍ ആറ് ഇഞ്ച് കനത്തില്‍ കരിയില ഇടുന്നു. സൂക്ഷ്മാണുക്കള്‍ക്ക് ഊര്‍ജം നല്കുന്ന കാര്‍ബണ്‍ അവയില്‍ അടങ്ങിയിട്ടുണ്ട്. പിന്നീട് ആറ് ഇഞ്ച് കനത്തില്‍ ബിന്‍ നിറയുന്നത് വരെ ജൈവമാലിന്യം നിക്ഷേപിക്കണം.
ഒന്നാം സെറ്റ് ടാങ്ക് നിറഞ്ഞാല്‍ ഇതേ രീതിയില്‍ രണ്ടാം സെറ്റിലും ജൈവമാലിന്യം നിറക്കണം. 60-90 ദിവസം ആകുമ്പോള്‍ ഇത് വളമായി മാറും. നാരങ്ങാ തൊലി, മുട്ടത്തോട്, ഉള്ളിത്തൊലി, ലോഹങ്ങള്‍, തുണി തുടങ്ങിയവ നിക്ഷേപിക്കാന്‍ പാടില്ല. കമ്പോസ്റ്റിങ് പ്രക്രിയക്ക് അഭികാമ്യമായ തരത്തില്‍ ജല അനുപാതം നിയന്ത്രിക്കാന്‍ ചകിരിച്ചോറിന് കഴിയും. ഇത് ലീച്ചേറ്റ് തടയുന്നതിനും ദുര്‍ഗന്ധം കുറക്കുന്നതിനും സഹായകരമാണ്.
കന്നുകാലി ഫാമുകള്‍, കോഴി ഫാമുകള്‍, പന്നി ഫാമുകള്‍, അറവുശാലകള്‍, മത്സ്യ-മാംസ സംസ്കരണ ശാലകള്‍ എന്നിവിടങ്ങളിലെ ജൈവമാലിന്യങ്ങളും പഴം, പച്ചക്കറി തുടങ്ങിയ അടുക്കള മാലിന്യങ്ങളും ഈ രീതിയില്‍ വളരെ ഫലപ്രദമായി പോഷകഗുണമേറെയുള്ള ജൈവവളമാക്കി മാറ്റാം എന്നതാണ് ഇതിന്റെ പ്രത്യേകത. ചത്ത മൃഗങ്ങളെ ഉള്‍പ്പെടെ ഇതില്‍ വളമാക്കി മാറ്റിയെടുക്കാന്‍ സാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.