ആറളത്ത് 14 ആനകളെക്കൂടി തുരത്തി
text_fieldsആറളം ഫാം ബ്ലോക്ക് രണ്ടിൽനിന്ന് ദൗത്യസംഘം തുരത്തിയ കാട്ടാനക്കൂട്ടം രണ്ടാം ബ്ലോക്കിലെ റോഡ് മുറിച്ചു കടക്കുന്നു
കേളകം: ആറളം ഫാം ഏരിയയിൽ തമ്പടിച്ചിരിക്കുന്ന ആനകളെ തുരത്തൽ യജ്ഞം തുടരുന്നു. ഫാം ബ്ലോക്ക് രണ്ടിൽ തമ്പടിച്ച 14 ആനകളെ കാറ്റാടി റോഡിൽനിന്ന് തുരത്തി ചുട്ട കരി, നിരന്ന പാറ, ഹെലിപ്പാട്, വട്ടക്കാട്, തളിപ്പാറ, കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിവിട്ടു.
ആറളം ഫാമിൽ വരുന്ന ബ്ലോക്ക് രണ്ടിൽനിന്ന് രണ്ട് കൂട്ടങ്ങളിലായി 14 ആനകളെയാണ് താളിപ്പാറ -കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്ക് കയറ്റിയത്. ആദ്യ ദിനം നാല് ആനകളെ തുരത്തിയിരുന്നു. ഇതോടെ രണ്ട് ദിവസത്തെ തീവ്രയജ്ഞത്തിൽ 18 ആനകളെയാണ് തുരത്തിയത്. ദൗത്യം വെള്ളിയാഴ്ചയും തുടരും.
ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവന്റെ നേതൃത്വത്തിൽ ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഷൈനികുമാർ, ആറളം ഫാം സെക്യൂരിറ്റി ഓഫിസർ എം.കെ. ബെന്നി, ഡെപ്യൂട്ടി തഹസിൽദാർമാരായ ഇ. രാധ, ബിജി ജോൺ എന്നിവരുടെ മേൽനോട്ടത്തിൽ കൊട്ടിയൂർ റേഞ്ച്, ആറളം വൈൽഡ്ലൈഫ് റെയ്ഞ്ച് ജീവനക്കാരും വാച്ചർമാരും ആറളം ഫാം ജീവനക്കാരും ഉൾപ്പെടെ 35 ഓളം പേർ ദൗത്യത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.