പവിത്രൻ ഗുരുക്കൾ തുടങ്ങിയ വിത്തൂട്ട് ഏറ്റെടുത്ത് വനം വകുപ്പ്
text_fieldsബിർള മന്ദിറിന് സമീപം സ്വാമിജിക്കൊപ്പം വിത്ത് നടുന്ന പവിത്രൻ ഗുരുക്കൾ
കേളകം: പരിസ്ഥിതി പ്രവർത്തകനും പ്രമുഖ ആയുർവേദ ചികിത്സകനുമായ കേളകത്തെ എൻ.ഇ. പവിത്രൻ ഗുരുക്കൾ വർഷങ്ങൾ മുമ്പ് തുടങ്ങി വെച്ച വിത്തൂട്ട് വനം വകുപ്പിനും പ്രചോദനമായി. ഈ പ്രചോദനം ഉൾകൊണ്ട് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ മിഷൻ ഫുഡ്, ഫോഡർ, വാട്ടർ: പദ്ധതിയുടെ ഭാഗമായി വിത്തൂട്ട് നടത്തിവരികയാണ് വനം വകുപ്പ്.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഒരു ലക്ഷത്തിലധികം വിത്തുണ്ടകൾ സ്വന്തം കൈകൾ കൊണ്ട് തയാറാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകൾക്കിടെ പവിത്രൻ ഗുരുക്കൾ നിക്ഷേപിച്ചിട്ടുണ്ട്. ആയുർവേദ കോൺഗ്രസ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ യാത്രകൾക്ക് പോകുമ്പോൾ വിത്തുണ്ടകൾ നിറച്ച ഒരു ബാഗ് കരുതും. ട്രെയിൻ യാത്രയിലാണെങ്കിൽ അത് വനപ്രദേശങ്ങളിലും, ചതുപ്പ് മണ്ണുകളിലും യാത്രക്കിടെ വലിച്ചെറിയും. ഡൽഹി ബിർള മന്ദിർ, ആഗ്ര, ഛത്തീഗഡ്, ഹരിയാന, ഗോവ, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര യാത്രകളിൽ നടത്തിയ വിത്തേറിന്റെ സ്മരണകൾ അയവിറക്കുകയാണ് പവിത്രൻ ഗുരുക്കൾ.
ഞാറ്റുവേലകളിലും, പരിസ്ഥിതി ദിനാചരണങ്ങളിലും, വന മഹോത്സവ വാരാചരണങ്ങളിലും പവിത്രൻ ഗുരുക്കൾ സ്വന്തം കൈകൾ കൊണ്ട് തയാറാക്കുന്ന വിത്ത് ബോളുകൾ മണ്ണിലേക്കെറിഞ്ഞ് തുടങ്ങി വെച്ച വിത്തേറിന് ഒരു ദശകത്തിലേറെ പഴക്കമുണ്ട്. മനുഷ്യനുവേണ്ടി മാത്രമല്ല, പ്രകൃതിയിലെ പക്ഷി-ജന്തു ജീവജാലങ്ങൾക്കും, വിവിധയിനം തൈകൾ നട്ടുപിടിപ്പിക്കുന്നതിനും വൃക്ഷങ്ങളുടെയും ഔ ഷധ സസ്യങ്ങളുടെയും മറ്റും വിത്തുപന്തുകൾ ഉണ്ടാക്കി കാവുകളിലും പുഴ പുറമ്പോക്കുകളിലും വനപ്രദേശങ്ങളിലും നിക്ഷേപിക്കുന്നതിനും സമയം കണ്ടെത്തുകയാണ് ഇദ്ദേഹം. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഔഷധ സസ്യങ്ങളുടെ നൂറുകണക്കിന് തൈകൾ തയാറാക്കി സൗജന്യമായി വിതരണം തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.
വന്യജീവികൾക്ക് ആവശ്യമായ ഭക്ഷണം വനത്തിനുള്ളിൽത്തന്നെ ഉറപ്പാക്കുക, അതുവഴി പരിസ്ഥിതി പുനഃസ്ഥാപനം സാധ്യമാക്കുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുക എന്നിവ ലക്ഷ്യമിട്ട് വനം വകപ്പ് തുടങ്ങിയ വിത്തൂട്ട് പരിപാടിയുടെ തുടക്കക്കാരൻ ഈ കേളകം കാരനാണ്.പ്ലാവ്, മാവ്, ആഞ്ഞിലി, കുടംപുളി, ഞാവൽ തുടങ്ങിയ തദ്ദേശീയ ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് വനത്തിൽ നിക്ഷേപിക്കുന്നത്. വന്യജീവികൾക്ക് കാട്ടിൽത്തന്നെ ആവശ്യമായ ഫലങ്ങൾ ലഭ്യമാക്കുന്നതിലൂടെ അവ ജനവാസ മേഖലയിൽ ഇറങ്ങുന്നത് കുറക്കാനും അത് വഴി മുനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണവുമാണ് ലക്ഷ്യമിടുന്നത്. കൊട്ടിയൂർ, ആറളം വനമേഖലകളിലും, കൊട്ടിയൂർ ഉത്സവ ഭൂമിയുടെ ഇടബാവലി പുഴയോരത്തും, ചീങ്കണ്ണി, ബാവലി പുഴയോരങ്ങളിലും നിക്ഷേപിച്ച വിത്ത് ബോളുകൾ തളിർത്ത് തണലിട്ട് തുടങ്ങി.
വയനാട്ടിലും ഗുരുക്കളുടെ നേതൃത്വത്തിൽ സീഡ് ബോളുകൾ നിക്ഷേപിച്ചിട്ടുണ്ട്. വിദ്യാർഥികളിൽ പ്രകൃതിസ്നേ ഹവും സഹജീവി സ്നേഹവും വളർത്തി സർവ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന ബോധ്യമുണ്ടാക്കുന്നതിനാണ് കൊട്ടിയൂർ വനമേ ഖലയിലും മറ്റും ഇത്തരം ബോളുകൾ നിക്ഷേപി ച്ചത്. നൂറിലധികം ഇനം വിത്തുകൾ ജൈവവളങ്ങളും ചാണകവും മണ്ണും കൂടി മിക്സ് ചെയ്ത് പന്തുരൂപത്തിലാക്കിയാണ് വിത്തു ബോളുകൾ തയാറാക്കുന്നത്. ഞാവൽ, സീതപ്പഴം, പപ്പായ, പ്ലാവ്, സപ്പോ ട്ട, പേര, കശുമാവ്, മാവ്, നെല്ലി, ചാമ്പ, മഞ്ചാടി, റമ്പൂട്ടാൻ തുടങ്ങിയവയാണ് വിത്തു പന്തുകളാക്കി എറിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.