കേളകത്ത് തെരുവുനായ് ശല്യം രൂക്ഷം
text_fieldsകേളകം: ടൗണിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. ടൗണിലും പരിസരങ്ങളിലും കൂട്ടത്തോടെ നടക്കുന്ന നായ്ക്കൾ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വിദ്യാർഥികൾക്കും വ്യാപാരികൾക്കും ഒരുപോലെ ഭീഷണിയാകുന്നു. രാത്രിയും പകലും ടൗണിലൂടെ അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടം പലപ്പോഴും യാത്രക്കാരുടെ നേരെ പാഞ്ഞടുക്കാറുണ്ട്.
സ്കൂൾ വിദ്യാർഥികൾ ഭയന്നാണ് ഇതിലൂടെ നടന്നുപോകുന്നത്. ഇറച്ചിക്കടകളുടെയും മത്സ്യക്കടകളുടെയും മുന്നിലാണ് ഇവരുടെ താവളം. നിരവധിപേരെ കടിച്ചു പരിക്കേൽപിക്കുന്ന വാർത്ത വന്നിട്ടും അധികൃതർ ഇതിനെതിരെ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനം പറയുന്നത്.
തെരുവുനായെ പിടിക്കാൻ തളിപ്പറമ്പ് നഗരസഭ
തളിപ്പറമ്പ്: തെരുവുനായ് ശല്യം രൂക്ഷമായതിനെതുടർന്ന് ഇവയെ പിടികൂടാൻ ഡോഗ് കാച്ചർമാരെ നിയമിക്കാനൊരുങ്ങി നഗരസഭ. ഒരു നായെ പിടിച്ചാൽ 300 രൂപയാണ് നൽകുക. അല്ലെങ്കിൽ നാലുപേർ ചേർന്ന് ഒരുദിവസം 20 നായ്ക്കളെ പിടിച്ചാൽ 4800 രൂപയും ലഭിക്കും. താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് നഗരസഭ. 11ന് മുമ്പായി നഗരസഭ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
കൂടുതൽ വിവരങ്ങൾ നഗരസഭ ആരോഗ്യവിഭാഗത്തിൽനിന്നു ലഭിക്കും. ബസ് സ്റ്റാൻഡിൽ കുട്ടികളെ എടുത്ത് നടന്നുപോകുന്നവർക്കുനേരെയടക്കം നായ്ക്കൾ പാഞ്ഞടുക്കുന്നത് നിത്യസംഭവമാണ്. അടുത്തകാലത്ത് മുക്കോല, പൂക്കോത്ത്തെരു ഭാഗങ്ങളിൽനിന്ന് നിരവധിപേരെ നായ് കടിച്ചു പരിക്കേൽപിച്ചിരുന്നു.
പയ്യാമ്പലത്ത് പേയിളകിയ നായ കടിച്ചതിനെതുടർന്ന് അടുത്തിടെയാണ് തമിഴ്നാട്ടുകാരനായ കുട്ടി പേവിഷ ബാധയേറ്റ് മരിച്ചത്. ഇത്തരം സംഭവങ്ങൾ പരിഗണിച്ചാണ് നായ് ശല്യം പരിഹരിക്കാൻ നഗരസഭ നടപടി തുടങ്ങിയത്.
പിടികൂടുന്ന നായ്ക്കൾക്ക് പേയിളകുന്നതിൽനിന്ന് പ്രതിരോധിക്കുന്ന വാക്സിൻ നൽകും. മൂന്നാംഘട്ടമെന്ന നിലയിൽ ഷെൽട്ടർ സ്ഥാപിച്ച് വന്ധ്യവത്കരണം നടത്താനാണ് നഗരസഭയുടെ തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.