പന്തക്കലിൽ മോഷണം; ഹോംനഴ്സിന്റെ ഭർതൃസഹോദരൻ അറസ്റ്റിൽ
text_fieldsപ്രതി ദിനേഷ് അന്വേഷണ സംഘത്തോടൊപ്പം
മാഹി: 25 പവൻ സ്വർണം കവർന്ന കേസിൽ പന്തക്കലിൽ രണ്ടുനാൾ ജോലി ചെയ്ത ഹോംനഴ്സിന്റെ ഭർതൃസഹോദരൻ അറസ്റ്റിൽ. ആറളം സ്വദേശിയായ ഹോംനഴ്സിനെയും ഭർത്താവിനെയും തിരയുകയാണ്. ശനിയാഴ്ച 25 പവൻ സ്വർണം കവർന്ന കേസിലാണ് ഹോംനഴ്സിന്റെ ഭർതൃസഹോദരനെ മാഹി സി.ഐ പി.എ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആറളം വെളിമാനം ഉന്നതിയിലെ പനച്ചിക്കൽ ഹൗസിലെ അനിയൻ ബാവ എന്ന പി. ദിനേഷിനെയാണ് (23) ആറളത്തുനിന്ന് തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്.
പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം സപ്രമയ ക്വാട്ടേഴ്സിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശിനിയും കോടിയേരി മലബാർ കാൻസർ സെന്റർ നഴ്സുമായ രമ്യയുടെ വീട്ടിൽ സൂക്ഷിച്ച സ്വർണമാണ് മോഷണംപോയത്. രമ്യയുടെ ഭർത്താവ് ഷിബുകുമാർ കൊല്ലത്താണ് ജോലി ചെയ്യുന്നത്. ഇവരുടെ രണ്ട് ചെറിയ കുട്ടികളുടെ പരിചരണത്തിനായാണ് ഹോംനഴ്സിനെ ഏർപ്പാടാക്കിയത്.
ജോലിക്കെത്തി രണ്ടു നാൾക്കുള്ളിൽതന്നെ ആറളം സ്വദേശിനി ഷൈനിയുടെ (29) സ്വഭാവവുമായി പൊരുത്തപ്പെടാനാവാത്തതിനാൽ വീണ്ടും ഏജൻസിയെ സമീപിച്ച് മറ്റൊരു ഹോം നഴ്സിനെ ആവശ്യപ്പെട്ടു.
ഇതിനിടെ ഷൈനി ജോലി മതിയാക്കി ആറളത്തേക്ക് തിരിച്ചു. വീട്ടിൽനിന്ന് ഇറങ്ങുന്നതിനു മുന്നെ ഷൈനി വീടിന്റെ മാറ്റൊരു താക്കോൽ കൈക്കലാക്കിയിരുന്നു. ഹോംനഴ്സിന്റെ കൂട്ടാളികളായ ദിനേഷും ചേട്ടൻ ബാവ, ദിലീപ് എന്നിവരും ഷൈനി നൽകിയ താക്കോൽ ഉപയോഗിച്ച് സ്വർണം കവരുകയായിരുന്നു. ആറളത്തെ അന്വേഷണത്തിൽ പ്രതികളിലൊരാളായ ദിനേഷിനെ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.
മറ്റു രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. പൊലീസെത്തുമ്പോൾ ഷൈനിയും ദിലീപും വീട് പൂട്ടി സ്ഥലംവിട്ടിരുന്നു. അന്വേഷണ സംഘത്തിൽ പള്ളൂർ എസ്.ഐ വി.പി. സുരേഷ് ബാബു, ക്രൈം എസ്.ഐമാരായ വി. സുരേഷ്, സുരേന്ദ്രൻ, എ.എസ്.ഐമാരായ വിനീഷ്, ശ്രീജേഷ്, സുജിത്ത്, വിനീത് എന്നിവരാണുണ്ടായത്. മാഹി കോടതിയിൽ ഹാജരാക്കിയ ദിനേഷിനെ കോടതി റിമാൻഡ് ചെയ്തു. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.