മാലൂരിലെ മരണം; അമ്മ മരിച്ചത് തലക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
text_fieldsനിർമല, മകന് സുമേഷ്
മട്ടന്നൂര്‍: മാലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതം. തലക്കേറ്റ ക്ഷതമാണ് അമ്മ നിര്‍മല മരിക്കാന്‍ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ലഹരിയില്‍ അമ്മയെ കൊലപ്പെടുത്തിയശേഷം മകന് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.
അമ്മയുടെ തല ചുമരില്‍ ഇടിച്ചപ്പോള്‍ കൊല്ലപ്പെടുകയും തുടര്‍ന്ന് മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടത്തിയതായിരിക്കാമെന്നാണ് സംശയിക്കുന്നത്. പൊലീസ് നായ വീട്ടില്‍ മണം പിടിച്ച് പുറത്തേക്ക് പോയില്ല. ചൊവ്വാഴ്ച രാവിലെയാണ് നിട്ടാറമ്പ് ചാത്തോത്ത് പറമ്പന്‍ നിർമല (62), മകന് സുമേഷ് (38) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുമേഷ് വീടിനകത്തെ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലും നിര്‍മല അതേ മുറിയില്‍ കിടക്കയില്‍ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു.
നിര്‍മലയുടെ തലക്കും മുഖത്തും പരിക്കുണ്ടായിരുന്നു. വീട്ടുചുമരിലും അടുക്കളയിലും ഹാളിലും രക്തക്കറ കാണപ്പെട്ടിരുന്നു. ചുമരിലെ രക്തം തുടച്ചുമാറ്റുവാന്‍ ശ്രമിച്ച നിലയിലും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം പൂര്‍ണമായി വ്യക്തമാകുകയുള്ളൂ.
പേരാവൂര്‍ ഡിവൈ.എസ്.പി കെ.വി. പ്രമോദിന്റെ നേതൃത്വത്തില്‍ മാലൂര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പക്ടര്‍ സജിത്താണ് കേസ് അന്വേഷിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊതുദര്‍ശനത്തിനു ശേഷം വലിയ വെളിച്ചം ശ്മശാനത്തില്‍ സംസ്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.