ഹജ്ജ്; കണ്ണൂരിൽ വൈഡ് ബോഡി വിമാനങ്ങളില്ല
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് സര്‍വിസിന് ഇത്തവണ വൈഡ് ബോഡി വിമാനങ്ങളില്ല. എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് ഈ വര്‍ഷം കണ്ണൂരില്‍നിന്ന് ഹജ്ജ് നടത്തുക. കഴിഞ്ഞ വര്‍ഷം സൗദി എയര്‍ലൈന്‍സിന്റെ വൈഡ് ബോഡി വിമാനങ്ങള്‍ സര്‍വിസ് നടത്തിയിരുന്നു. ഇത്തവണ കൊച്ചിയില്‍നിന്നാണ് സൗദി എയര്‍ലൈന്‍സ് വിമാനം സര്‍വിസ് നടത്തുക.
മേയ് 15 മുതല്‍ ആയിരിക്കും കണ്ണൂരില്‍നിന്നുള്ള ഹജ്ജ് സര്‍വിസുകള്‍. സര്‍വിസുകളുടെ സമയക്രമം അനുസരിച്ച് തീയതിയില്‍ മാറ്റം വന്നേക്കും. 4105 പേരാണ് ഇത്തവണ കണ്ണൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാത്തിരിപ്പ് പട്ടികയില്‍നിന്ന് ഏതാനും പേര്‍ക്ക് കൂടി അവസരം ലഭിക്കുമ്പോള്‍ 4500ഓളം തീര്‍ഥാടകര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3218 പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി ഹജ്ജിനു പോയത്.
ഒമ്പത് സര്‍വിസുകളാണ് സൗദി എയര്‍ലൈന്‍സ് നടത്തിയത്. വലിയ വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത്തവണ കൂടുതല്‍ സര്‍വിസുകള്‍ നടത്തേണ്ടിവരും. ഹജ്ജ് ക്യാമ്പ് ഒരുക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സില്‍ തന്നെ ഹജ്ജ് ക്യാമ്പിന് വേണ്ട സൗകര്യമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. കാര്‍ഗോ കോംപ്ലക്സ് ഉദ്ഘാടനം ഇതിനകം നടന്നേക്കും.
വിമാനത്താവളത്തിലെ ചെറിയ കാര്‍ഗോ കോംപ്ലക്സില്‍ ഒരുക്കുന്ന കാര്യം പരിഗണിച്ചെങ്കിലും വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലെന്നാണ് വിലയിരുത്തല്‍.
വിമാനത്താവള പരിസരത്ത് ഹജ്ജ് ഹൗസ് നിര്‍മിക്കാനുള്ള നടപടികളും വേഗത്തില്‍ പുരോഗമിക്കുകയാണ്. തറക്കല്ലിടല്‍ ചടങ്ങ് ഉടന്‍ നടക്കും. കിന്‍ഫ്രയുടെ ഭൂമി കൈമാറൽ നടപടി അന്തിമഘട്ടത്തിലെത്തി. ഒരേക്കറാണ് ഹജ്ജ് ഹൗസിന് ആയി കണ്ടെത്തിയിട്ടുള്ളത്. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ഹജ്ജ് ഹൗസിനെ അഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു. അടുത്ത ഹജ്ജ് തീർഥാടനത്തിന് വിമാനത്താവളത്തില്‍ ഹൗസ് ഒരുക്കാനാണ് ശ്രമിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.