Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മട്ടന്നൂർ-മാനന്തവാടി വിമാനത്താവള നാലുവരിപ്പാത; സ്ഥലം ഏറ്റെടുക്കൽ നടപടി ഇഴയുന്നു

text_fields
bookmark_border
ഹിയറിങ് പൂർത്തിയായിട്ടും തുടർനടപടികൾക്ക് വേഗമില്ല; ആശങ്കയിൽ ഭൂവുടമകളും വ്യാപാരികളും
മട്ടന്നൂർ-മാനന്തവാടി വിമാനത്താവള നാലുവരിപ്പാത; സ്ഥലം ഏറ്റെടുക്കൽ നടപടി ഇഴയുന്നു
cancel

കേളകം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന കണക്ടിവിറ്റി പാതയായി വിഭാവനം ചെയ്ത മട്ടന്നൂർ-മാനന്തവാടി നാലുവരിപ്പാതയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഇഴഞ്ഞുനീങ്ങുന്നു. വർഷങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ നിർമാണം യാഥാർഥ്യമാകാൻ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ് മലയോരമേഖലയിലെ ജനങ്ങൾ. ഭൂമി ഏറ്റെടുക്കൽ വൈകുന്നതോടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടാൻ സാധ്യതയുള്ള കുടുംബങ്ങളും വ്യാപാരികളും അനിശ്ചിതത്വത്തിലാണ്.

മട്ടന്നൂർ മുതൽ അമ്പായത്തോട് വരെ 40 കിലോമീറ്ററോളം ദൂരത്തിലാണ് നാലുവരിപ്പാത വികസിപ്പിക്കാൻ ലക്ഷ്യമിടുന്നത്. മാനന്തവാടി-ബോയ്സ് ടൗൺ-പേരാവൂർ-കൊട്ടിയൂർ-മട്ടന്നൂർ പാതയുടെ ഭാഗമായാണ് പദ്ധതി. അമ്പായത്തോട് മുതൽ മാനന്തവാടി വരെയുള്ള ചുരം മേഖലയിലെ റോഡ് നിലവിൽ രണ്ടുവരിപ്പാതയായി നിലനിർത്താനാണ് തീരുമാനം. 2017ലാണ് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കമായത്.

84.906 ഹെക്ടർ ഭൂമി ഏറ്റെടുക്കണം

നിലവിലെ കണക്കുകൾ പ്രകാരം നാലുവരിപ്പാതക്കായി 84.906 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ, വെള്ളർവള്ളി, കൊളാരി, പഴശ്ശി, തോലമ്പ്ര, ശിവപുരം എന്നീ വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 2025 നവംബറിൽ 11(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു.

2026 ജൂണിൽ കൊട്ടിയൂരിൽ ആരംഭിച്ച ഹിയറിങ് ജൂലൈ ഒന്നോടെ പേരാവൂരിൽ സമാപിച്ചു. വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത 525 കുടുംബങ്ങളുടെ പരാതികളിന്മേലായിരുന്നു അവസാനഘട്ട ഹിയറിങ്. സബ് ഡിവിഷൻ സർവേ നടത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തിയശേഷം ഏറ്റെടുക്കൽ നടപടികൾ മുന്നോട്ടുകൊണ്ടുപോകുമെന്നായിരുന്നു അന്നത്തെ അറിയിപ്പ്. എന്നാൽ, നഷ്ടപരിഹാരനിർണയം, ഭൂമി ഏറ്റെടുക്കൽ, നിർമാണ ടെൻഡർ തുടങ്ങിയ തുടർഘട്ടങ്ങൾ പൂർത്തിയാകേണ്ടതുണ്ട്.

639 വീടുകൾക്ക് നഷ്ടം സംഭവിക്കുമെന്ന് കണക്ക്

അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള ഭാഗത്ത് 639 വീടുകൾക്ക് നഷ്ടം സംഭവിക്കുമെന്നാണ് കണക്ക്. ഇതിൽ 380 വീടുകൾ പൂർണമായും 259 വീടുകൾ ഭാഗികമായും നഷ്ടപ്പെടും. ഭൂമി ഏറ്റെടുക്കൽ വൈകുന്നത് വീടുകളും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ പുനരധിവാസം, വ്യാപാരസ്ഥാപനങ്ങളുടെ ഭാവി, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച ആശങ്കകൾ വർധിപ്പിക്കുന്നു.

വയനാട് ജില്ലയിലെയും കണ്ണൂരിന്റെ കിഴക്കൻ മലയോരമേഖലയിലെയും യാത്രക്കാർക്ക് കണ്ണൂർ വിമാനത്താവളത്തിലേക്കും കണ്ണൂർ നഗരത്തിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ പദ്ധതി സഹായകമാകും. മൈസൂരു, കൂർഗ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കും പാത പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

വർഷങ്ങളായി കാത്തിരിക്കുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കി നിർമാണത്തിലേക്ക് കടക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പദ്ധതി പ്രഖ്യാപനത്തിൽനിന്ന് നിർമാണത്തിലേക്കുള്ള ദൂരം ഇനിയും നീളുന്നത് മലയോര ജനതയുടെ യാത്രാപ്രതീക്ഷകളെ പിന്നോട്ടടിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mattanur-Mananthavady Airport Road Project Delayed
Next Story