ഇതാ ലാളിത്യത്തിന്റെ അടയാളപ്പെടുത്തൽ പയ്യന്നൂരിൽനിന്ന്
text_fieldsപയ്യന്നൂർ: മലയോര മേഖലകളിൽനിന്നുൾപ്പെടെയുള്ള പരിപാടികൾക്കുശേഷം നേരത്തേ റിസർവ് ചെയ്ത ട്രെയിനിൽ കയറാൻ തിരക്കിട്ടെത്തിയതായിരുന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ പയ്യന്നൂർ സ്റ്റേഷനിൽ. എത്തിയപ്പോൾ ട്രെയിൻ എത്താൻ അരമണിക്കൂർ വൈകുമെന്ന വിവരം ലഭിച്ചു. തൊട്ടടുത്ത് സർക്കാർ റസ്റ്റ് ഹൗസുണ്ട്. അവിടെ വിശ്രമിക്കാം. സ്റ്റേഷന്റെ അകത്തും മുഖ്യമന്ത്രിക്ക് ഇരിക്കാം. എന്നാൽ, പ്ലാറ്റ്ഫോമിലെ വൃക്ഷത്തിന് ചുറ്റും കെട്ടിയ സിമന്റ് തറ മതിയെന്ന് വി.എസ്. അരമണിക്കൂർ കറുത്ത കർട്ടൻ വിരിച്ച സിമന്റ് തറയിലിരുന്ന്, വണ്ടി വന്നശേഷം യാത്ര തിരിച്ചു. വി.എസ് എന്ന ദ്വയാക്ഷര ലാളിത്യത്തിന്റെ അടയാളപ്പെടുത്തലാണ് അത്.
പയ്യന്നൂർ, കരിവെള്ളൂർ, കുഞ്ഞിമംഗലം തുടങ്ങി എല്ലാ പാർട്ടി ഗ്രാമങ്ങളിലും വി.എസ് എന്നും പ്രിയങ്കരനായ നേതാവാണ്. 2015 നവംബർ 21ന് മാതമംഗലം ഫേസിന്റെ കേസരി സ്മാരക അവാർഡുദാന ചടങ്ങിൽ പങ്കെടുത്തപ്പോഴും ഈ ജനകീയത അടുത്തറിഞ്ഞവരായിരുന്നു നാട്ടുകാർ. രാവിലെ 11ന് മാതമംഗലം ബസാറിലാണ് പുരസ്കാര സമർപ്പണം. വി.എസ് വരുന്നതിനാൽ വലിയ ഒരുക്കമാണ് നടത്തിയത്.
തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത് മുതൽ എല്ലാ വിവരവും പെട്ടെന്നുതന്നെ സംഘാടകർ അറിയുന്നുണ്ടായിരുന്നു. കണ്ണൂർ ഗെസ്റ്റ് ഹൗസിൽനിന്ന് രാവിലെ ഒമ്പതിന് വിളി വന്നു. സഖാവ് 10നുതന്നെ പുറപ്പെടും. 11 എന്ന് നോട്ടീസിൽ പറഞ്ഞാൽ 12 എന്നാണല്ലോ നാട്ടുനടപ്പ്. സംഘാടകർ വിഷമത്തിലായി. സംഘാകരുടെ ഹൃദയമിടിപ്പ് കൂട്ടി 10.45ന് തന്നെ വി.എസ് മാതമംഗലത്തെത്തി. എന്നാൽ, അപ്പോഴേക്കും പരിസരം ജനനിബിഡമായിരുന്നു. പുരസ്കാരം ഏറ്റുവാങ്ങേണ്ട മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ എത്തിയിരുന്നില്ല. അദ്ദേഹം പയ്യന്നൂരിൽനിന്ന് പുറപ്പെടുന്നതേയുള്ളൂ. ഇക്കാര്യം വി.എസിനോട് പറഞ്ഞു. സാരമില്ല, അവരെത്തട്ടെ. എന്നിട്ട് തുടങ്ങാമെന്ന് മറുപടി.
അരമണിക്കൂർ നേരം വി.എസ് സ്റ്റേജിൽ കാത്തിരുന്നു. ആ സമയങ്ങളിൽ നാട്ടിലെ സാധാരണ ജനങ്ങൾ പലരും വി.എസിനെ കണ്ടും തൊട്ടും അഭിവാദ്യം ചെയ്തും അതിരില്ലാത്ത സന്തോഷം പങ്കിട്ടു. 2015ൽതന്നെ വെള്ളൂരിൽ ജനകീയ കലാസമിതിയുടെ ഉദ്ഘാടനത്തിലും ഈ കൃത്യനിഷ്ഠയും ആത്മാർഥതയും അനുഭവിച്ചറിഞ്ഞു. മുൻ എം.എൽ.എ സി. കൃഷ്ണന്റെ മകൻ ഷിജിത്തിന്റെ വിവാഹത്തിനും വി.എസ് അന്നെത്തിയിരുന്നു. കലാ സമിതിയുടെ ഉദ്ഘാടനത്തിനും വൻ ജനാവലിയാണെത്തിയത്. നീട്ടിയും കുറുക്കിയുമുള്ള പ്രസംഗം ഏറെ ആവേശത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് പയ്യന്നൂരും പരിസരങ്ങളിലും ഇ.കെ. നായനാർ കഴിഞ്ഞാൽ ഇടത് തെരഞ്ഞെടുപ്പ് യോഗങ്ങൾക്ക് ഇന്ധനം ലഭിക്കുന്നതും വി.എസിന്റെ വരവോടെയായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.