മുഴപ്പിലങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന് അകാല ചരമം
text_fieldsമുഴപ്പിലങ്ങാട് ബിച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ഭാഗങ്ങൾ കൂട്ടിയിട്ടിരിക്കുന്നു
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ചിൽ ടൂറിസം വകുപ്പിന്റെ സ്വപ്നപദ്ധതിയായി സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിന് അകാല ചരമം. 2023 ഡിസംബറിലാണ് മന്ത്രി മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന സമയത്ത് ബീച്ചിലെ കുടക്കടവ് ഭാഗത്തായിരുന്നു സ്ഥാപിച്ചത്.
വൈകാതെ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഇവിടെനിന്ന് അഴിച്ച് കുളം ബസാർ ഭാഗത്തേക്ക് മാറ്റിസ്ഥാപിച്ചു. മാസങ്ങൾ പിന്നിട്ടതോടെ രൂക്ഷമായ പ്രകൃതിക്ഷോഭം കാരണം ബ്രിഡ്ജ് അഴിച്ചു വെക്കുകയായിരുന്നു. സന്ദർശകരും മത്സ്യത്തൊഴിലാളികളും സഹവസിക്കുന്ന സ്ഥലത്താണ് അഴിച്ചുവെച്ചത്. മത്സ്യത്തൊഴിലാളികളുടെ ദൈനംദിന പ്രവൃത്തിക്ക് ഇത് വലിയ പ്രയാസമാണുണ്ടാക്കുന്നത്.
സ്വകാര്യ വ്യക്തി കരാറടിസ്ഥാനത്തിൽ സന്ദർശകരിൽനിന്ന് 200 രൂപ ഫീസ് ഈടാക്കിയാണ് ബ്രിഡ്ജ് പ്രവർത്തിപ്പിച്ചിരുന്നത്. അഴിച്ചുവെച്ച ബ്രിഡ്ജിന്റെ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യം. വിഷയത്തിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) എടക്കാട് ഏരിയ കമ്മിറ്റി, ഡി.ടി.പി.സി സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടുണ്ട്.
ബ്രിഡ്ജ് അഴിച്ചുവെച്ചപ്പോൾ ആങ്കറും മറ്റ് അവശിഷ്ടങ്ങളും കടലിൽ തന്നെയാണ്. ഇത് തീരത്ത് മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രയാസമുണ്ടാക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കമ്പവലക്കാർ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾക്ക് ഈ ഭാഗത്ത് മത്സ്യബന്ധനം നടത്താൻ പറ്റാത്ത അവസ്ഥയാണ്. കരവല, ആടുവലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ വലക്കും മറ്റും കേടുപാടു സംഭവിക്കുന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു.
മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗം ഉമ്മലിൽ റയീസ്, ജില്ല കമ്മിറ്റിയംഗം കെ.വി. പത്മനാഭൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ. സജിത്ത്, എം. അഷ്കർ, പി.ടി. ഷഹീർ, വി.കെ. ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.