നിതിൻരാജിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fieldsകണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി കെ.സുധീർ, ഇൻസ്പെക്ടർ ശിവൻ ചോടത്ത്, എസ്.ഐമാരായ അനിൽകുമാർ, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. ആദ്യം കേസന്വേഷിച്ച പൊലീസ് സംഘത്തിൽനിന്ന് മുഴുവൻ ഫയലുകളും ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. തുടർന്ന് നിതിൻരാജിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
എന്നാൽ, അവർക്ക് കോടതിയിൽ പോകേണ്ടതുണ്ടെന്നറിയിച്ചതിനാൽ യാത്ര മാറ്റുകയായിരുന്നു. ഇനി അടുത്ത ദിവസം തിരുവനന്തപുരത്തെ വീട്ടിലെത്തി മൊഴിയെടുക്കും. ശേഷം കോളജിലെത്തി പ്രിൻസിപ്പൽ ഉൾപ്പടെയുള്ള അധ്യാപകരുടെയും നിതിന്റെ സഹപാഠികളുടെയും മൊഴിയെടുക്കും.
ആദ്യം നടത്തിയ അന്വേഷണത്തിനെതിരെ പ്രതിഷേധം കനത്തതോടെയാണ് എസ്.ഐ.ടിയിൽനിന്ന് മാറ്റി ഇടതുസർക്കാർ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ആത്മഹത്യ പ്രേരണക്കേസിൽ കോടതി ജാമ്യം നിഷേധിച്ചിട്ടും ഒന്നാംപ്രതിയും കോളജിലെ അധ്യാപകനുമായ ഡോ. എം.കെ. റാമിനെ ഇനിയും പിടികൂടാനാകാത്തത് വലിയ ചർച്ചയായതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെ ആദ്യ അന്വേഷണസംഘം അവരെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. റാമിനെ കണ്ടെത്താൻ അന്വേഷണ സംഘം ദിവസങ്ങളോളം ആന്ധ്രയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഫോൺ കോളുകളും സന്ദേശങ്ങളും നിരീക്ഷിച്ചാണ് പൊലീസ് അന്ധ്രയിലെത്തിയത്. കഴിഞ്ഞമാസം 10നാണ് നിതിൻ ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്. ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് മകന്റെ മരണമെന്നാണ് നിതിന്റെ മാതാപിതാക്കൾ പറയുന്നത്. ലോൺ ആപ്പ് ചതിയിൽ കുടുക്കിയതിനാൽ അതുമായി ബന്ധപ്പെട്ട രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

