ഇത് പൊലീസിന്റെ അഭിമാന നേട്ടം; പാനൂരിൽ നിന്ന് ആറുപേർകൂടി സർക്കാർ സർവീസിലേക്ക്; ഇതുവരെ സർവീസിലെത്തിയത് 92 പേർ
text_fieldsപാനൂർ: യുവാക്കളെ സര്‍ക്കാര്‍ ജോലിക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്‍സൈറ്റ് പദ്ധതി ജൈത്രയാത്ര തുടരുന്നു. ഏറ്റവും ഒടുവില്‍ ആറുപേർ കൂടി സർക്കാർ സർവിസിലെത്തുകയാണ്. അഗ്നി വീറിലേക്ക് കെ.ടി. നിഖഞ്ച്, അനോഖ് ബി. മോഹൻ, കെ.ടി. അനുനന്ദ് എന്നിവരും കേരള പൊലീസിലേക്ക് ഘാന സുരേഷ്, ഹർഷ, അരുണിമ എന്നിവരുമാണ് യോഗ്യത നേടിയത്. ഇതോടെ 92 പേരാണ് ഇവിടെനിന്ന് സർക്കാർ സർവിസിലെത്തുന്നത്.
അനുമോദനയോഗത്തിൽ പാനൂർ പൊലീസ് ഇൻസ്പെക്ടർ സുധീർ കല്ലേൻ ഉപഹാര സമർപ്പണം നടത്തി. ഇ. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. പൊലീസ് ഓഫിസർമാരും റിട്ട. കായികാധ്യാപകരുമായ കെ.എ. ശിവദാസൻ, കെ. സുനിൽകുമാർ, പി.പി. ജയപ്രകാശ്, കെ. രാജീവൻ, പ്രവീൺ കുമാർ, കെ. മുകുന്ദൻ, എന്നിവർ സംസാരിച്ചു. വി.കെ. മോഹൻ ദാസ് സ്വാഗതവും കെ. റിജേഷ് നന്ദിയും പറഞ്ഞു. പാനൂര്‍ മേഖലയില്‍ യുവതീ യുവാക്കള്‍ക്ക് കൃത്യമായി ദിശാബോധം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് 2018ൽ അന്നത്തെ സി.ഐയായിരുന്ന വി.വി. ബെന്നിയുടെ നേതൃത്വത്തിൽ ഇന്‍സൈറ്റ് ആരംഭിച്ചത്. നിലവിൽ വടകര ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ് ബെന്നി.
‘ഒരു വീട്ടില്‍ ഒരു സർക്കാര്‍ ജോലി’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇന്‍സൈറ്റിന് വിരമിച്ച കായിക അധ്യാപകരും സാമൂഹ്യ പ്രവര്‍ത്തകരും വിവിധ സാംസ്കാരിക സംഘടനകളും പിന്തുണ നല്‍കിയതോടെ ആറ് വര്‍ഷം കൊണ്ട് പാനൂരില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജോലിക്കാരെ സംഭാവന ചെയ്ത സ്ഥാപനമായി ഇന്‍സൈറ്റ് മാറി. പാനൂര്‍, ചൊക്ലി, കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന് പരിധികളിലാണ് ഇന്‍സൈറ്റ് ആരംഭിച്ചത്. നൂറുകണക്കിന് പേരാണ് പദ്ധതിയിലൂടെ പരിശീലനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്. പാനൂര്‍ ഹയർ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് ഇവര്‍ക്ക് കായിക പരിശീലനം നല്‍കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.