ആർക്കും വേണ്ടാതെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ; കോടികൾ വെള്ളത്തിൽ
text_fieldsപാപ്പിനിശ്ശേരി പാറക്കലിൽ നിർമാണം പൂർത്തീകരിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് തെരുവുനായ് സങ്കേതമായി മാറിയ നിലയിൽ
പാപ്പിനിശ്ശേരി: വിനോദ സഞ്ചാര മേഖലക്ക് വൻ കുതിപ്പേകുമെന്ന് പ്രഖ്യാപിച്ച് നിർമാണം പൂർത്തിയാക്കിയ വളപട്ടണം പുഴയിലെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ ആർക്കും വേണ്ടാതെ കിടക്കുന്നു. പാപ്പിനിശ്ശേരിയിലെ പാറക്കലിലും പറശ്ശിനിക്കടവിലും മറ്റും മികച്ച സൗകര്യങ്ങളോടെയാണ് വെനീസ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിർമാണം കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. അധികാരികളുടെ അനാസ്ഥകാരണം ഇവ പുഴയോരത്ത് നോക്കുകുത്തിയായി നിലകൊള്ളുകയാണ്.
കേന്ദ്ര സഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ഇത്തരം സൗകര്യങ്ങൾ പുഴയോരത്ത് ഒരുക്കിയത്. പാറക്കലിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിന് മാത്രം 1.90 കോടിയാണ് ചെലവ്. ടൂറിസം മേഖലക്ക് വൻ കുതിപ്പുണ്ടാക്കാൻ തയാറാക്കിയ പദ്ധതികളെല്ലാം ലക്ഷ്യം കാണാതെ കടലാസിലൊതുങ്ങി. ഇപ്പോൾ ഇവിടം തെരുവു നായ്ക്കളുടെ സുഖവാസ കേന്ദ്രമായി.
പാറക്കൽ കേന്ദ്രമായി ടൂറിസം സർക്യൂട്ട്
ഫ്ലോട്ടിങ് ബ്രിഡ്ജിനോടൊപ്പം പാറക്കലിൽ വിഭാവനം ചെയ്യുന്നത് വലിയ സാധ്യതകളുള്ള ടൂറിസം സർക്യൂട്ട് കൂടിയാണ്. ഭഗത് സിങ് ഐലൻഡ് അടക്കം കൊച്ചു ദ്വീപുകളെയും തുരുത്തുകളേയും കോർത്തിണക്കി ബോട്ട് സർവിസ് ഉൾപ്പെടെ തുടങ്ങാനായിരുന്നു ലക്ഷ്യം. ഇതിനായി പാറക്കലിൽ പാർക്കും ഇരിപ്പിടവും പൂന്തോട്ടവും നിർമിക്കാനുള്ള ശ്രമവും തുടങ്ങി.
കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹായത്തോടെ ദേശീയ- അന്തർദേശീയ വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ഫ്ലോട്ടിങ് ബ്രിഡ്ജിനോടൊപ്പം മാർക്കറ്റും വിഭാവനം ചെയ്തത്.
ഭക്ഷണശാലകളും പക്ഷി തൂണുകളും ഏറുമാടവും കരകൗശല വിൽപന ശാലകളും അടക്കം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന േഫ്ലാട്ടിങ് മാർക്കറ്റിൽ ഒരുക്കേണ്ടതുണ്ട്. എന്നാൽ, ദീർഘവീക്ഷണമില്ലാതെ കോടികൾ മുടക്കി നിർമിക്കുന്ന പദ്ധതികൾ പലതും വ്യക്തമായ ആസൂത്രണമില്ലാതെ വെള്ളത്തിലാകുന്ന സാഹചര്യമാണ്.
മാലിന്യം അടിഞ്ഞുകൂടൽ കേന്ദ്രം
വളപട്ടണം പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടുന്ന പ്രധാന കേന്ദ്രമാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പരിസരം. പാറക്കലിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ആദ്യം വളപട്ടണം ബോട്ട് ടെർമിനലിന് സമീപമാണ് സ്ഥാപിക്കാൻ നിശ്ചയിച്ചത്. നിർമാണവും തുടങ്ങിയിരുന്നു. എന്നാൽ, പുഴയിൽ സ്ഥാപിച്ച സാമഗ്രികളിൽ മാലിന്യം കുമിഞ്ഞുകൂടിയതിനെ തുടർന്ന് പ്രതിഷേധമുണ്ടായതോടെ എടുത്തുമാറ്റി സമീപത്ത് മാസങ്ങളോളം കൂട്ടിയിട്ടു.
വീണ്ടും പ്രതിഷേധം ഉയർന്നതോടെ പാറക്കലിലെ ബോട്ട് ജെട്ടിക്ക് സമീപം ഫ്ലോട്ടിങ് ബ്രിഡ്ജും ടെർമിനലും നിർമിച്ചു. സമാന രീതിയിലുള്ള ഫ്ലോട്ടിങ് ബ്രിഡ്ജാണ് പറശ്ശിനിക്കടവിലും സ്ഥാപിച്ചത്. ഇവിടെയും ഒന്നര വർഷം പ്രവൃത്തി ഇഴഞ്ഞശേഷം ഒരുവർഷം മുമ്പാണ് പൂർത്തിയാക്കിയത്.
ഉത്തര മലബാറിലെ തന്നെ ഏറ്റവും കൂടുതൽ തീർഥാടക വിനോദ സഞ്ചാരികൾ എത്തുന്ന കേന്ദ്രമായിട്ടും ഈ ഫ്ലോട്ടിങ് ബ്രിഡ്ജും വെറുതെ കിടക്കുകയാണ്. എന്നാൽ, ടെൻഡർ നടപടികളിലേക്ക് ഉടൻ നീങ്ങുമെന്നാണ് ജില്ല വിനോദസഞ്ചാര വകുപ്പ് അധികൃതർ പറയുന്നതെങ്കിലും നടപടികൾ ജലരേഖയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.