സെർവർ തകരാർ; ട്രഷറി പ്രവർത്തനം നിലച്ചു
text_fieldsജില്ല ട്രഷറിയിൽ പെൻഷൻ വാങ്ങാനായി രാവിലെ മുതൽ കാത്തിരിക്കുന്നവർ
പാപ്പിനിശ്ശേരി: സെർവർ തകരാർ കാരണം തിങ്കളാഴ്ച രാവിലെ പെൻഷൻ വാങ്ങാൻ എത്തിയവരും രണ്ടാം ദിവസം ശമ്പളം ലഭിക്കേണ്ട വകുപ്പിലെ ജീവനക്കാരും വെറുംകൈയോടെ മടങ്ങി.
ട്രഷറിയിൽ നിന്നും നേരിട്ട് പെൻഷൻ പറ്റുന്നവർ രാവിലെ ട്രഷറിയിൽ എത്തി ടോക്കൺ കൈപ്പറ്റി മണിക്കൂറോളമാണ് കാത്തിരുന്നത്. ജില്ല ട്രഷറിയിൽ ഉച്ചവരെയായി 200 ഓളം ടോക്കണുകളാണ് വിതരണം ചെയ്തത്. ഇതിൽ ടോക്കൺ 27 വരെ മാത്രമാണ് പെൻഷൻ വിതരണം ചെയ്യാൻ സാധിച്ചത്. സബ്ട്രഷറിയിൽ ടോക്കൺ 16 വരെ മാത്രമേ രാവിലെ പെൻഷൻ വിതരണം ചെയ്തിട്ടുള്ളൂ. രാവിലെ 10.40 ആകുമ്പോഴേക്കും സംസ്ഥാനമാകെ ശമ്പളം പെൻഷൻ വിതരണം ചെയ്യുന്ന പേർട്ടലിന്റെ പ്രവർത്തനം നിലച്ചു.
ഓരോ ദിവസവും വകുപ്പ് തിരിച്ചാണ് ശമ്പള വിതരണം നടക്കുക. അപ്രകാരം ഒന്നാം ദിവസം റവന്യൂ, പൊലീസ്, കോടതി വകുപ്പുകളിലാണ് ശമ്പളം അനുവദിക്കുന്നത്. രണ്ടാം ദിവസത്തെ ശമ്പളം ലഭിക്കേണ്ടന്നത് ആരോഗ്യം വിദ്യാഭ്യാസം എന്നീ വകുപ്പുകളിലാണ്. ജില്ല ട്രഷറി ഓഫിസർ അംഗീകരിച്ചതിനു ശേഷം സംസ്ഥാന ഡയറക്ടർ അപ്രൂവൽ നൽകിയാൽ മാത്രമേ ശമ്പള വിതരണം നടക്കുകയുള്ളൂ.
പെൻഷൻ വാങ്ങാനെത്തിയവരിൽ ഭൂരിഭാഗം പേരും ഒരു മണിവരെ കാത്തിരുന്ന് വീട്ടിലേക്ക് മടങ്ങി. പ്രശ്നം പരിഹരിക്കാൻ ഡയറക്ടർ ഓഫിസിൽ അടിയന്തിര യോഗം ചേർന്ന് നടപടി സ്വീകരിച്ചതായി ജില്ല ട്രഷറി ഓഫിസർ കെ.പി. ഹൈമ ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.